പാക്കിസ്ഥാനില്‍ സര്‍ക്കാറും സൈന്യവും തമ്മില്‍ ഭിന്നത

Posted on: October 6, 2016 2:08 pm | Last updated: October 6, 2016 at 10:38 pm

pakisthanഇസ്ലാമാബാദ്: പാക് സൈന്യത്തിനും ഐഎസ്‌ഐക്കും ശക്തമായ മുന്നറിയിപ്പുമായി പാക് സര്‍ക്കാര്‍. ഭീകരവാദികളെ തുരത്തിയില്ലെങ്കില്‍ ആഗോള തലത്തില്‍ ഒറ്റപ്പെടാന്‍ തയ്യാറായിക്കൊള്ളൂ എന്നാണ് സര്‍ക്കാറിന്റെ മുന്നറിയിപ്പ്. പാക്കിസ്ഥാനില്‍ കഴിഞ്ഞദിവസം നടന്ന സര്‍വകക്ഷിയോഗത്തില്‍ പങ്കെടുത്ത ഒരു പ്രമുഖ നേതാവിനെ ഉദ്ധരിച്ച് പ്രമുഖ പാക് മാധ്യമമായ ഡോണ്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

പാക് വിദേശകാര്യ സെക്രട്ടറി ഐസാസ് ചൗധരിയാണ് രാജ്യാന്തരതലത്തില്‍ പാക്കിസ്ഥാന്‍ ഒറ്റപ്പെട്ടുപോവുകയാണെന്ന വിവരം സൈന്യത്തിന് വ്യക്തമാക്കിക്കൊടുത്തത്. പാക്കിസ്ഥാനോട് അടുപ്പത്തിലായിരുന്ന പല രാജ്യങ്ങളും ഇന്ന് മുഖം തിരിച്ചിരിക്കുകയാണെന്ന് ചൗധരി യോഗത്തില്‍ വ്യക്തമാക്കി. പാക്കിസ്ഥാനില്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന ഹഖാനി ശൃംഖലക്കെതിരെ നടപടിയെടുക്കണമെന്ന യുഎസ് ആവശ്യവും പഠാന്‍കോട്ട് ഭീകരാക്രമണത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ നടപടി വേണമെന്ന ഇന്ത്യയുടെ ആവശ്യവും ചൗധരി യോഗത്തെ അറിയിച്ചു.

പ്രധാനമന്ത്രി നവാസ് ഷരീഫ് അധ്യക്ഷത വഹിച്ച യോഗത്തില്‍ മുതിര്‍ന്ന മന്ത്രിമാരും ഓരോ പ്രവിശ്യയില്‍ നിന്നുള്ള പ്രതിനിധികളും സന്നിഹിതരായിരുന്നു. ഐഎസ്‌ഐ മേധാവി റിസ്‌വാന്‍ അക്തറാണ് സൈന്യത്തെ പ്രതിനിധീകരിക്കുന്ന സംഘത്തെ നയിച്ചത്.