സ്‌കൂള്‍ വിദ്യാര്‍ഥിനികളോട് അപമര്യാദയായി പെരുമാറിയ ബി ജെ പി നേതാവിനെതിരെ കേസ്

Posted on: October 6, 2016 9:29 am | Last updated: October 6, 2016 at 9:29 am

വളാഞ്ചേരി: സ്‌കൂള്‍ വിദ്യാര്‍ഥിനികളോട് അപമര്യാദയായി പെരുമാറിയ ബി ജെ പി- ആര്‍ എസ് എസ് നേതാവിനെതിരെ പോലീസ് കേസെടുത്തു. ബി ജെ പി വളാഞ്ചേരി മുന്‍സിപ്പല്‍ കമ്മിറ്റി വൈസ് പ്രസിഡണ്ടും ആര്‍ എസ് എസ് സജീവ പ്രവര്‍ത്തകനുമായ പാണ്ടികശാല പൂങ്ങോട്ട് പറമ്പില്‍ സുരേഷി(43)നെതിരെയാണ് ചൈല്‍ഡ് ലൈനിന്റെ നിര്‍ദേശ പ്രകാരം വളാഞ്ചേരി പോലീസ് കേസെടുത്തത്. ഇയാളെ അറസ്റ്റ് ചെയ്യാനായി വളാഞ്ചേരി എസ് ഐ. കെ പി മിഥുന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം വീട്ടിലെത്തിയെങ്കിലും ഇയാള്‍ വീട്ടില്‍ നിന്നും ഓടി രക്ഷപ്പെട്ടു. വളാഞ്ചേരിയിലെ ഒരു സ്‌കൂളിലേക്ക് ഇയാളുടെ ഒമ്‌നി വാനില്‍ കുട്ടികളെ കൊണ്ടുവന്നിരുന്നു. ഈ വാഹനത്തില്‍ വരുന്ന കുട്ടികളോട് ഇയാള്‍ അപമര്യാദയായി പെരുമാറിയെന്നായിരുന്നു പരാതി. സ്‌കൂള്‍ അധികൃതര്‍ ചൈല്‍ഡ് ലൈനിന് പരാതി കൈമാറുകയും ചൈല്‍ഡ് ലൈനിന്റെ അന്വേഷണത്തില്‍ ഇയാള്‍ പല കുട്ടികളോടും വളരെ മോശമായി പെരുമാറിയതായി കണ്ടെത്തിയിട്ടുണ്ട്. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ കേസ് വളാഞ്ചേരി പോലീസിന് കൈമാറുകയായിരുന്നു. കുട്ടികള്‍ക്കെതിരെയുള്ള െൈലംഗികാക്രമണം തടയല്‍-പോക്‌സോ നിയമപ്രകാരമാണ് കേസെടുത്തിട്ടുള്ളത്. പ്രതി ഒളിവിലാണെന്നും പ്രതിക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.