Connect with us

Malappuram

ആയിരം കോഴികള്‍ കത്തിക്കരിഞ്ഞു

Published

|

Last Updated

കാളികാവ്: മാധ്യമ പ്രവര്‍ത്തകന്‍ നടത്തുന്ന കോഴിഫാമിന് സാമൂഹ്യ വിരുദ്ധര്‍ തീയിട്ടു. ആയിരത്തിലധികം കോഴിക്കുഞ്ഞുങ്ങള്‍ കത്തിക്കരിഞ്ഞു. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടു മണിക്ക് കാളികാവ് ജംഗ്ഷനിലാണ് സംഭവം. പ്രാദേശിക ചാനല്‍ ക്യാമറാമാന്‍ കാളികാവിലെ തോട്ടപ്പാശ്ശേരി കൃഷ്ണദേവിന്റെ കോഴി ഫാമാണ് കത്തിയത്. 15 ദിവസം പ്രായമായ ആയിരത്തിപ്പരം കുഞ്ഞുങ്ങളാണ് ഫാമില്‍ ഉണ്ടായിരുന്നത്. പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് മേഞ്ഞ മുപ്പത് മീറ്റര്‍ നീളമുള്ള ഷെഡും മറ്റു ഉപകരണങ്ങളും കോഴിത്തീറ്റച്ചാക്കുകളും പൂര്‍ണമായും കത്തി. ആയിരം കോഴികളുള്ള തൊട്ടടുത്ത ഷെഡിലേക്ക് തീ പടരുന്നത് നാട്ടുകാര്‍ ഓടിയെത്തി അണച്ചു. ഷെഡിനടുത്തു നിന്ന് ഒഴിഞ്ഞ മദ്യക്കുപ്പിയും ഗ്ലാസും വാട്ടര്‍ബോട്ടിലും പോലീസ് കണ്ടെടുത്തു. സംഭവമറിഞ്ഞയുടന്‍ കാളികാവ് പോലീസ് സ്ഥലത്തെത്തി. ഇന്നലെ ഫോറന്‍സിക് വിഭാഗവും തെളിവെടുപ്പ് നടത്തി. ആരോ തീവെച്ചതാണെന്ന് കൃഷണദേവ് പറഞ്ഞു. മൂന്ന് വര്‍ഷമായി ഇവിടെ ഫാം പ്രവര്‍ത്തിക്കുന്നുണ്ട്. മൂന്ന് ലക്ഷത്തിലധികം രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ട്. കോഴിയുടെ വിലയിടിവു മൂലം നഷ്ടത്തിലോടുന്ന ഫാം ഇരട്ടി നഷ്ടമാണ് കൃഷ്ണദേവിന്‌നല്‍കിയത്. പഞ്ചായത്തിലെ ഏക പട്ടുനൂല്‍ കര്‍ഷകനും കൂടിയാണിയാള്‍. സംഭവത്തെക്കുറിച്ച് പോലീസ് ഊര്‍ജിതമായ അന്വേഷണമാരംഭിച്ചിട്ടുണ്ട്. മലപ്പുറത്ത് നിന്നും ഫോറന്‍സിക് ഉദ്യോഗസ്ഥര്‍ സ്ഥലം പരിശോധിച്ചു.

Latest