Connect with us

Kozhikode

എസ് എസ് എഫ് സമുദ്രയാത്രയും സ്മൃതിസംഗമവും നാളെ

Published

|

Last Updated

കോഴിക്കോട്: എസ് എസ് എഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന സമുദ്രയാത്രയും സ്മൃതി സംഗമവും നാളെ വൈകിട്ട് നാല് മുതല്‍ ചാലിയത്ത് നടക്കും. “മാപ്പിള മലബാറിന്റെ സാമൂതിരിയോര്‍മകള്‍” എന്ന പ്രമേയം മുന്‍നിറുത്തി എസ് എസ് എഫ് ജില്ലാ കമ്മിറ്റി നവംബര്‍ ആറിന് കോഴിക്കോട്ട് സംഘടിപ്പിക്കുന്ന മാനവസംഗമത്തിന്റെ പ്രചരണാര്‍ത്ഥമാണ് പരിപാടി സംഘടിപ്പിക്കുന്നത്.
മാലിക്ദീനാര്‍ (റ)വും സംഘവും കേരളത്തില്‍ സ്ഥാപിച്ച പള്ളികളിലൊന്നാണ് ചാലിയത്തെ പുഴവക്കത്തെപള്ളി. ക്രി: 1531ല്‍ പ്രസ്തുത പള്ളിയടക്കം മൂന്ന് പള്ളികള്‍ തകര്‍ത്ത് അതിന്റെ കല്ലുകള്‍ കൊണ്ട് പോര്‍ച്ചുഗീസുകാര്‍ ചാലിയത്ത് കോട്ട പണിതു. പ്രസ്തുത കോട്ട കേന്ദ്രമാക്കി പറങ്കികള്‍ പരിസര പ്രദേശങ്ങളില്‍ അക്രമം അഴിച്ചുവിടുകയും സ്ത്രീകളെ തട്ടിക്കൊണ്ടുപോയി വെപ്പാട്ടികളാക്കുകയും ചെയ്തു. സമാധാനപൂര്‍ണമായി നാടു ഭരിച്ച സാമൂതിരിയെ അസ്ഥിരപ്പെടുത്താന്‍ കോട്ടയെ ഉപയോഗപ്പെടുത്തുകയും ചെയ്തു.
അതിക്രമങ്ങള്‍ അതിരുവിട്ടപ്പോള്‍ 1571-ല്‍ സാമൂതിരിയുടെ കൊടിക്കീഴില്‍ പ്രദേശത്തും പരിസരത്തുമുള്ള ഹിന്ദുക്കളും മുസ്‌ലിംങ്ങളും ചാലിയം കോട്ട വളയുകയും രണ്ട് മാസത്തോളം നീണ്ട പോരാട്ടത്തിനും ഉപരോധത്തിനും ഒടുവില്‍ പറങ്കികളെ തുരത്തി കോട്ട തകര്‍ത്ത് പള്ളി പുനര്‍നിര്‍മിക്കുകയും ചെയ്തു.
രാഷ്ട്രസ്‌നേഹത്തിന്റേയും മതസൗഹാര്‍ദ്ദത്തിന്റേയും ചരിത്രത്തില്‍ നിസ്തുലമാണ് ചാലിയം യുദ്ധം. വിശ്രുതനായ ഖാളീ മുഹമ്മദ് (റ) ചാലിയം യുദ്ധം പ്രമേയമാക്കി അല്‍ഫത്ഹുല്‍ മുബീന്‍ ലി സാമിരിയ്യില്ലദി യുഹിബ്ബുല്‍ മുസ്‌ലിമീന്‍ എന്ന പേരില്‍ ഒരു അറബി ഗ്രന്ഥം രചിക്കുകയുണ്ടായി. “മുസ്‌ലിംകളെ സ്‌നേഹിക്കുന്ന സാമൂതിരിക്ക് വ്യക്തമായ വിജയം” എന്നാണ് ഈ പേരിന്റെ അര്‍ത്ഥം.
പ്രസിദ്ധനായ ഒരു മുസ്‌ലിം പണ്ഡിതന്‍ താന്‍ രചിച്ച ഗ്രന്ഥത്തിന് ഇത്തരം ഒരു പേരു നല്‍കാന്‍ തയ്യാറായത് തന്നെ നാട്ടില്‍ നിലനിന്നിരുന്ന സൗഹാര്‍ദ്ദത്തിന്റെ നിദര്‍ശനമാണ്.
ഈ ചരിത്രത്തെ അനാവരണം ചെയ്യാനും മതമൈത്രിയുടെ സന്ദേശം ജനഹൃദയങ്ങളിലെത്തിക്കാനുമാണ് എസ് എസ് എഫ് ഇത്തരം ഒരു പരിപാടി സംഘടിപ്പിക്കുന്നത്.
സി പി ഉബൈദുല്ല സഖാഫിയുടെ അധ്യക്ഷതയില്‍ സയ്യിദ് ഇബ്‌റാഹീം ഖലീല്‍ അല്‍ ബുഖാരി തങ്ങള്‍ ഉദ്ഘാടനം ചെയ്യും. അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, റിയാസ് ടി കെ -സംസാരിക്കും.

Latest