മാനാഞ്ചിറ- വെള്ളിമാടുകുന്ന് റോഡ്: നടക്കാവ് വികസന സമിതി ഉപവാസം നടത്തി

Posted on: October 6, 2016 9:23 am | Last updated: October 6, 2016 at 9:23 am

കോഴിക്കോട്: മാനാഞ്ചിറ- വെള്ളിമാടുകുന്ന് റോഡ് വികസനത്തിന്റെ ഭാഗമായി കിഴക്കേ നടക്കാവില്‍ സ്ഥലമേറ്റെടുത്ത് ഉടന്‍ ജോലി ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് നടക്കാവ് വികസന സമിതി ഉപവാസം നടത്തി.
കിഴക്കേ നടക്കാവ് ബസ് സ്റ്റോപ്പിന് സമീപമാണ് സമിതിയിലെ 16 പേര്‍ ഉപവാസം നടത്തിയത്.
നടക്കാവിലെ അപകട സാധ്യത കണക്കിലെടുത്ത് റോഡ് വികസനം ഉടന്‍ തുടങ്ങണമെന്നാണ് സമിതിയുടെ ആവശ്യം. പ്രദേശത്ത് വാഹനാപകടങ്ങള്‍ പതിവായിരിക്കുകയാണ്. കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ വിദ്യാര്‍ഥിയുള്‍പ്പെടെ രണ്ട് പേര്‍ ഇവിടെ അപകടത്തില്‍ മരണപ്പെട്ടിരുന്നു.
ഉപവാസം ഡോ. എ അച്യുതന്‍ ഉദ്ഘാടനം ചെയ്തു. സമിതി പ്രസിഡന്റ് കെ പി വിജയകുമാര്‍ അധ്യക്ഷത വഹിച്ചു. കോര്‍പറേഷന്‍ കൗണ്‍സിലര്‍മാരായ നവ്യ ഹരിദാസ്, പി കിഷന്‍ ചന്ദ്, സ്വതന്ത്ര്യസമര സേനാനി പി വാസു, ഡി സി സി പ്രസി. കെ സി അബു, ടി കെ അബ്ദുല്‍ ലത്വീഫ് ഹാജി, സൈനുല്‍ ആബിദീന്‍ തങ്ങള്‍, ക്യാപ്റ്റന്‍ പി ഭാസ്‌കരന്‍ നായര്‍, കെ പി സത്യകൃഷ്ണന്‍, സി നാരായണന്‍ കുട്ടി നായര്‍ പ്രസംഗിച്ചു.