ഹോങ്കോംഗ് ജനാധിപത്യ അനുകൂല നേതാവിനെ തായ്‌ലന്‍ഡ് വിമാനത്താവളത്തില്‍ നിന്ന് തിരിച്ചയച്ചു

Posted on: October 6, 2016 5:24 am | Last updated: October 6, 2016 at 12:25 am
download
ഏറ്റുമുട്ടല്‍ രൂക്ഷമായ അഫ്ഗാനിസ്ഥാനിലെ കുന്ദുസ് നഗരത്തില്‍ ജാഗ്രതയിലേര്‍പ്പെട്ട സൈനികര്‍

ബീജിംഗ്: ചൈനീസ് ഭരണം നിലനില്‍ക്കുന്ന ഹോങ്കോംഗിലെ ജനാധിപത്യ അനുകൂല മുന്നേറ്റത്തിന്റെ മുഖവും വിദ്യാര്‍ഥിയുമായ 19കാരനെ തായ്‌ലന്‍ഡ് വിമാനത്താവളത്തില്‍ പിടികൂടി തിരിച്ചയച്ചു. ഹോങ്കോംഗിലെ അംബ്രല്ല തെരുവ് പ്രക്ഷോഭത്തേയും തന്റെ രാഷ്ട്രീയ പാര്‍ട്ടിയായ ദിമോസിസ്റ്റോയെയും കുറിച്ച് രണ്ട് യൂനിവേഴ്‌സിറ്റികളിലായി പ്രസംഗത്തിന് ക്ഷണിച്ചതിനെത്തുടര്‍ന്നാണ് ജോഷു വോംങ് ബാങ്കോക്കിലെത്തിയത്. വോംങിനെ തിരിച്ചയച്ചതിന് പിന്നില്‍ ചൈനയാണെന്ന് ഇദ്ദേഹത്തിന്റെ അനുയായികള്‍ കുറ്റപ്പെടുത്തി. ചൈനയുടെ അഭ്യര്‍ഥനയെത്തുടര്‍ന്ന് വോംങിനെ കരിമ്പട്ടികയില്‍പ്പെടുത്തിയിരുന്നുവെന്നും ഇക്കാരണത്താലാണ് വോംങിനെ ബാങ്കോക്ക് വിമാനത്താവളത്തില്‍നിന്നും മടക്കിയയച്ചതെന്നും അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. മുന്‍ ബ്രിട്ടീഷ് കോളനിയായിരുന്ന ഹോങ്കോംഗ് 1997ലാണ് ചൈനീസ് ഭരണത്തിന് കീഴിലായത്.
ഇവിടെ സ്വതന്ത്രമായ തിരഞ്ഞെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് ജനാധിപ്ത്യ അനുകൂലികള്‍ നടത്തിയ സമരം അംബ്രല്ലാ പ്രക്ഷോഭം എന്ന പേരിലാണ് അറിയപ്പെടുന്നത്.
പ്രക്ഷോഭത്തിന്റെ ഭാഗമായതിന് ഹോങ്കോംഗ് കോടതി വോംങിനെ ആഗസ്തില്‍ 80 മണിക്കൂര്‍ കമ്യൂണിറ്റ് സര്‍വീസിന് ശിക്ഷിച്ചിരുന്നു.
കഴിഞ്ഞ വര്‍ഷം മെയ്മാസത്തില്‍ പ്രസംഗത്തിനായി മലേഷ്യയിലേക്ക് വോംങിന് ക്ഷണമുണ്ടായിരുന്നുവെങ്കിലും മലേഷ്യന്‍ അധിക്യതര്‍ യാത്ര അനുമതി നിഷേധിക്കുകയായിരുന്നു.