Connect with us

Gulf

ക്ഷേമരാഷ്ട്ര ഘടകങ്ങളില്‍ ഖത്വര്‍ ഏറെ മുന്നില്‍

Published

|

Last Updated

ദോഹ: ബോസ്റ്റണ്‍ കണ്‍സള്‍ട്ടിംഗ് ഗ്രൂപ്പ് (ബി സി ജി) സുസ്ഥിര സാമ്പത്തിക വികസന മൂല്യനിര്‍ണയം (സിഡ) അനുസരിച്ച് നടത്തിയ പഠനത്തില്‍ ജി സി സിയിലും ആഗോളതലത്തിലും ഖത്വര്‍ മുന്‍നിരയില്‍. ശക്തമായ വരുമാനം, വിപുലമായ തൊഴിലവസരങ്ങള്‍, ആരോഗ്യം, അടിസ്ഥാനസൗകര്യ വികസനം, വരുമാന ഗുണമേന്മ, പൗരസമൂഹം, ശക്തമായ ഭരണം തുടങ്ങിയ ഘടകങ്ങളാണ് ഖത്വറിനെ മുന്‍നിരയിലെത്തിച്ചത്. സിഡ മാനദണ്ഡപ്രകാരമുള്ള ലോകതലത്തില്‍ സാമ്പത്തിക വളര്‍ച്ച പ്രവണതകളെ സംബന്ധിച്ചാണ് കമ്പനി പഠനം നടത്തിയത്.
ഖത്വര്‍ അടക്കമുള്ള 163 രാഷ്ട്രങ്ങളുടെ ക്ഷേമമാണ് സമഗ്ര വിശകലനത്തിലൂടെയും മാനദണ്ഡങ്ങളിലൂടെയും കമ്പനി പഠിച്ചത്. സാമ്പത്തിക സുസ്ഥിരത, ആരോഗ്യം, ഭരണം, പരിസ്ഥിതി അടക്കമുള്ള പത്ത് പ്രധാന ഘടകങ്ങളാണ് വിശകലനവിധേയമാക്കിയത്. ക്ഷേമരാഷ്ട്രമെന്ന നിലക്കുള്ള ഖത്വറിന്റെ നിലവിലെ തോതും വിശകലന മാനദണ്ഡങ്ങളില്‍ ഈയടുത്തുണ്ടായ മെച്ചവും ബി സി ജി റിപ്പോര്‍ട്ടില്‍ എടുത്തുപറയുന്നു. മേഖലാതലത്തില്‍ ഖത്വറിന്റെ നിലവിലെ പ്രകടനം മെച്ചപ്പെട്ടതാണ്. ജി സി സിയിലെ ശരാശരിയും രാജ്യത്ത് ഈയടുത്തുണ്ടായ പുരോഗതിയും കണക്കിലെടുക്കുമ്പോള്‍ വരുമാനം, ഭരണം തുടങ്ങിയ ഘടകങ്ങളില്‍ ശക്തമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിച്ചിട്ടുണ്ട്.ഖത്വറിന്റെ പ്രകടനവും ലോകത്തിന്റെ മറ്റ് മേഖലകളും തുലനം ചെയ്യുമ്പോഴും വരുമാനം, തൊഴില്‍, അടിസ്ഥാനസൗകര്യം, വിദ്യാഭ്യാസം, വരുമാന സമത്വം തുടങ്ങിയ ഘടകങ്ങളില്‍ രാജ്യം കുതിച്ചുചാട്ടത്തിലാണ്. സാമ്പത്തിക വളര്‍ച്ച ക്ഷേമ ജീവിതത്തിലേക്ക് രൂപാന്തരപ്പെടുത്താന്‍ ഖത്വറിന് സാധിച്ചിട്ടുണ്ട്. രാജ്യത്തിന്റെ ക്ഷേമം മെച്ചപ്പെടുത്താന്‍ സ്വകാര്യമേഖലയുടെ ആവശ്യകത റിപ്പോര്‍ട്ട് എടുത്തുപറയുന്നുണ്ട്. ബേങ്കിംഗ് മേഖലക്ക് ഇക്കാര്യത്തില്‍ കൂടുതല്‍ ചെയ്യാനാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Latest