യുകെ കുമാരന് വയലാര്‍ അവാര്‍ഡ്

Posted on: October 5, 2016 2:09 pm | Last updated: October 5, 2016 at 8:11 pm
SHARE

kumaranതിരുവനന്തപുരം: ഈ വര്‍ഷത്തെ വയലാര്‍ പുരസ്‌ക്കാരം പ്രശസ്ത സാഹിത്യകാരന്‍ യുകെ കുമാരന്. തക്ഷന്‍ കുന്ന് സ്വരൂപം എന്ന നോവലിനാണ് പുരസ്‌ക്കാരം. ഒരു ലക്ഷം രുപയും കാനായി കുഞ്ഞിരാമന്‍ വെങ്കലത്തില്‍ രൂപകല്‍പന ചെയത ശില്‍പവുമാണ് അവാര്‍ഡ്. എകെ സാനു, സേതു, മുകുന്ദന്‍, കടത്തനാട് നാരായണന്‍ എന്നിവരടങ്ങുന്ന ജഡ്ജിംഗ് കമ്മിറ്റിയാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്. ഒക്ടോബര്‍ 27ന് എകെജി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് നല്‍കുമെന്ന് കമ്മിറ്റി അംഗങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

1950 മെയ് 11ന് കോഴിക്കോട് ജില്ലയിലെ പയ്യോളിയിലാണ് യുകെ കുമാരന്‍ ജനിച്ചത്. സാമ്പത്തികശാസ്ത്രത്തില്‍ ബിരുദവും പത്രപ്രവര്‍ത്തനത്തിലും പബ്ലിക്ക് റിലേഷന്‍സിലും ഡിപ്ലോമയും നേടിയിട്ടുണ്ട്. വീക്ഷണം വാരികയില്‍ അസിസ്റ്റന്റ് എഡിറ്ററായി പ്രവര്‍ത്തിച്ച ഇദ്ദേഹം ഇപ്പോള്‍ കേരള കൗമുദി (കോഴിക്കോട്) പത്രാധിപസമിതി അംഗമാണ്. കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

എഴുതപ്പെട്ടത്, വലയം, ഒരിടത്തുമെത്താത്തവര്‍, മുലപ്പാല്‍, ആസക്തി,തക്ഷന്‍കുന്ന് സ്വരൂപം, കാണുന്നതല്ല കാഴ്ചകള്‍ എന്നീ നോവലുകളും മലര്‍ന്നു പറക്കുന്ന കാക്ക, പ്രസവവാര്‍ഡ്, എല്ലാം കാണുന്ന ഞാന്‍,ഓരോ വിളിയും കാത്ത്, അദ്ദേഹം എന്നീ നോവലെറ്റുകള്‍ എഴുതിയിട്ടുണ്ട്. ഒരാളെ തേടി ഒരാള്‍, പുതിയ ഇരിപ്പിടങ്ങള്‍, പാവം കളളന്‍, മടുത്തകളി, മധുരശൈത്യം, ഒറ്റക്കൊരു സ്ത്രീ ഓടുന്നതിന്റെ രഹസ്യമെന്ത്, റെയില്‍പാളത്തിലിരുന്ന് ഒരു കുടുംബം ധ്യാനിക്കുന്നു, പോലീസുകാരന്റ പെണ്‍മക്കള്‍ എന്നിവയാണ് പ്രധാന കഥകള്‍. സിപിയുടെ തെരഞ്ഞെടുത്ത ലേഖനങ്ങള്‍ എഡിറ്റ് ചെയ്തിട്ടുണ്ട്.

എസ്കെ പൊറ്റക്കാട് അവാര്‍ഡ്, ധിഷണ അവാര്‍ഡ്, രാജീവ്ഗാന്ധി സദ്ഭാവന അവാര്‍ഡ്, ഇവിജി. പുരസ്‌ക്കാരം, കെഎ കൊടുങ്ങല്ലൂര്‍ പുരസ്‌ക്കാരം, അപ്പന്‍ തമ്പുരാന്‍ പുരസ്‌ക്കാരം, വൈക്കം ചന്ദ്രശേഖരന്‍ നായര്‍ അവാര്‍ഡ്, തോപ്പില്‍ രവി പുരസ്‌ക്കാരം എന്നീ പുരസ്‌ക്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. പോലീസുകാരന്റെ പെണ്‍മക്കള്‍ എന്ന ചെറുകഥാസമാഹാരത്തിന് 2011ലെ മികച്ച ചെറുകഥക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here