ചോക്കാട് ആദ്യ പകുതി കോണ്‍ഗ്രസിന്; അന്നമ്മാ മാത്യു പ്രസിഡന്റാവും

Posted on: October 5, 2016 9:24 am | Last updated: October 5, 2016 at 9:24 am

കാളികാവ്: ചോക്കാട് പഞ്ചായത്തില്‍ യു ഡി എഫ് സംവിധാനം പുനഃസ്ഥാപിക്കുന്നതിന്റെ ‘ഭാഗമായിട്ടുള്ള ചര്‍ച്ചകള്‍ സജീവമായി. സി പി എമ്മിന്റെ പഞ്ചായത്ത് പ്രസിഡന്റിനെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് കൊടുത്തതോടെ കോണ്‍ഗ്രസും ലീഗും കൂടുതല്‍ ഐക്യത്തിലായിട്ടുണ്ട്. ഈ മാസം രണ്ടാം പകുതിയില്‍ നടക്കുന്ന അവിശ്വാസ പ്രമേയ വോട്ടെടുപ്പിലൂടെ നിലവിലെ സി പി എം ഭരണം അവസാനിപ്പിച്ചാല്‍ കോണ്‍ഗ്രസും ലീഗും ചേര്‍ന്നുള്ള ‘ഭരണത്തിന് തുടക്കമാവും. ‘
ഭരണത്തില്‍ ആദ്യ പകുതി കോണ്‍ഗ്രസിന് ലഭിക്കും. മരുതങ്കാട് വാര്‍ഡ് അംഗം അന്നമ്മാ മാത്യുവായിരിക്കും പ്രസിഡന്റാവുക. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് പി ഹംസ എന്ന കുഞ്ഞാപ്പുവോ കല്ലാമൂല വാര്‍ഡ് അംഗം സി ഹമീദലിയേയോ ആയിരിക്കും ലീഗ് പരിഗണിക്കുക.
സി പി എം ബാന്ധവം അവസാനിപ്പിച്ച് കോണ്‍ഗ്രസുമായി ചേരാന്‍ നേതൃത്വത്തിന്റെ സമ്മര്‍ദ്ദങ്ങള്‍ക്ക് മുസ്‌ലിം ലീഗ് പ്രാദേശിക ഘടകം തീരുമാനിച്ചുവെങ്കിലും ചോക്കാട് ഗ്രാമപഞ്ചായത്ത്പ്രസിഡന്റിനെതിരെ തിങ്കളാഴ്ച നല്‍കിയ അവിശ്വാസ പ്രമേയനോട്ടീസില്‍ ലീഗ് അംഗങ്ങള്‍ ഒപ്പുവെച്ചിരുന്നില്ല.
സി പി എമ്മിലെ ഷാഹിന ഗഫൂറിനെതിരെ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റും പഞ്ചായത്ത് വൈസ് പ്രസിഡന്റ്കൂടിയായ ആനിക്കോട്ടില്‍ ഉണ്ണികൃഷ്ണന്‍ നല്‍കിയ നോട്ടീസില്‍ കോണ്‍ഗ്രസിലെ എട്ടംഗങ്ങള്‍ മാത്രമാണ് ഒപ്പുവെച്ചിരുന്നത്. നാല് ലീഗ് അംഗങ്ങള്‍ ഒപ്പിടാതെയാണ് നോട്ടീസ് നല്‍കിയത്. അതേസമയം കോണ്‍ഗ്രസിന്റേയും ലീഗിന്റേയും പ്രാദേശിക നേതൃത്വം അവിശ്വാസ നോട്ടീസ് നല്‍കുവാന്‍ ഒന്നിച്ച്എത്തിയിരുന്നു.
മുന്നണിയായി ഭരണത്തിലേറുമ്പോള്‍ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് പദവികളുടെ കാലാവധിയടക്കമുള്ള കാര്യങ്ങളില്‍ ഇരുപാര്‍ട്ടികള്‍ക്കുമിടയില്‍ വ്യക്തമായ ധാരണയും കരാറും രൂപപ്പെട്ട ശേഷം മുന്നണി സംവിധാനമായാല്‍ മതി എന്ന ചിന്തയാണ് ഇത്തരത്തിലൊരു തീരുമാനത്തിലെത്തുവാന്‍ ലീഗിനെ പ്രേരിപ്പിച്ചത്. ഏഴാം തീയതി ഇത് സംബന്ധിച്ച അന്തിമ തീരുമാനമുണ്ടാകും എന്നാണ് യു ഡി എഫ് നേതാക്കള്‍ പറയുന്നത്. ഇതിന് ശേഷം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉണ്ണികൃഷണന്‍ രാജിവെക്കാനും ധാരണയായിട്ടുണ്ട്. തിങ്കളാഴ്ച തന്നെ രാജി നല്‍കാന്‍ ഉണ്ണികൃഷ്ണന്‍ സന്നദ്ധത പ്രകടിപ്പിച്ചിരുന്നുവെങ്കിലും ധാരണക്ക് ശേഷം മതി രാജി എന്നാണ് ലീഗ് നേതാക്കള്‍ പറഞ്ഞത്.
രണ്ട് മാസക്കാലമായി ലീഗും കോണ്‍ഗ്രസും ബോഡ് യോഗങ്ങളില്‍ ഒന്നിച്ചാണ് നില്‍ക്കുന്നത്. സംസ്ഥാനത്ത് ‘ഭരണമാറ്റം വന്നതോടെ താഴെ തട്ടിലുള്ള പ്രവര്‍ത്തകരും മുന്നണി സംവിധാനം പുനസ്ഥാപിക്കണമെന്ന നിലപാടിലാണ്. കോണ്‍ഗ്രസും ലീഗും പരസ്പരം മൊഴിചൊല്ലുകയും പോര്‍വിളിക്കുകയും പരാജയപ്പെടുത്താന്‍ ശ്രമങ്ങള്‍ നടത്തിയിട്ടും സി പി എമ്മിന് കാര്യമായ നേട്ടമുണ്ടാകാന്‍ സാധിച്ചിരുന്നില്ല. ‘