ദാദ്രി സംഭവത്തിലെ പ്രതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ മരിച്ചു

Posted on: October 5, 2016 9:11 am | Last updated: October 5, 2016 at 11:06 am

dadri-robinന്യൂഡല്‍ഹി: ദാദ്രിയില്‍ പശുവിന്റെ മാംസം കൈവശം വെച്ചെന്ന് ആരോപിച്ച് മുഹമ്മദ് അഖ്‌ലാഖിനെ മര്‍ദിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ മരിച്ചു. റോബിന്‍ എന്ന രവി(20)യാണ് ഡല്‍ഹിയിലെ ആശുപത്രിയില്‍ മരിച്ചത്.

രണ്ട് ദിവസം മുമ്പ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാള്‍ ചൊവ്വാഴ്ച രാത്രി ഏഴ് മണിയോടെയാണ് മരിച്ചത്. വൃക്ക സംബന്ധമായ അസുഖമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. വൃക്ക രോഗവും ഉയര്‍ന്ന പ്രമേഹവും കൊണ്ട് അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഇയാളുടെ ആരോഗ്യനില ചൊവ്വാഴ്ച വൈകുന്നേരത്തോടെ വഷളാവുകയായിരുന്നു എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

എന്നാല്‍ റോബിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ഒരു വര്‍ഷത്തോളമായി നോയിഡയിലെ ജയിലിലായിരുന്ന റോബില്‍ മര്‍ദനത്തിന് ഇരയായിരുന്നെന്നും ജയില്‍ അധികൃതരാണ് മരണത്തിന് ഉത്തരവാദികളെന്നും ബന്ധുക്കള്‍ ആരോപിച്ചു.