പോലീസില്‍ 13,336 തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു

Posted on: October 5, 2016 6:17 am | Last updated: October 5, 2016 at 12:17 am

POLICEതിരുവനന്തപുരം: സംസ്ഥാന പോലീസ് സേനയില്‍ 13,336 തസ്തികകള്‍ ഒഴിഞ്ഞുകിടപ്പുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതില്‍ 1157 തസ്തികകള്‍ ടെക്‌നിക്കല്‍ കാറ്റഗറിയാണ്. 630 ഒഴിവുകള്‍ പി എസ് സിക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയെ പ്രതിയാക്കാന്‍ മുന്‍ സര്‍ക്കാര്‍ ഗൂഢാലോചന നടത്തിയെന്ന വാര്‍ത്ത പരിശോധിക്കും. വ്യാജ തെളിവുണ്ടാക്കാന്‍ മുന്‍ ജയില്‍ ഡി ജി പിയെ സ്വാധീനിച്ചുവെന്ന റിപ്പോര്‍ട്ടിന്റെ നിജസ്ഥിതിയും പരിശോധിക്കും. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം രാഷ്ട്രീയപാര്‍ട്ടിക്കാര്‍ പോലീസ് സ്‌റ്റേഷന്‍ ഉപരോധിച്ചു പ്രതികളെ മോചിപ്പിച്ചിട്ടില്ല.
സെപ്തംബര്‍ രണ്ടിലെ പണിമുടക്ക് ദിനത്തില്‍ വി എസ് എസ് സി വാഹനങ്ങള്‍ തടഞ്ഞ പണിമുടക്ക് അനുകൂലികള്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ഉപരോധം നടത്തിയവരെ പ്രസ്തുത സ്ഥലത്തുവെച്ച് അറസ്റ്റ് ചെയ്യാത്തത് ഗുരുതര പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു.
ഒ രാജഗോപാല്‍, എ എന്‍ ഷംസീര്‍ എന്നിവരുടെ ചോദ്യങ്ങള്‍ക്കു നിയമസഭയില്‍ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.