Connect with us

Kerala

കെ ബാബു ബിനാമികളുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നതിന് തെളിവു ലഭിച്ചു

Published

|

Last Updated

കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസില്‍ പ്രതിയായ കെ ബാബുവും അദ്ദേഹത്തിന്റെ ബിനാമികളും തമ്മില്‍ നിരന്തരം ഫോണില്‍ ബന്ധപ്പെട്ടിരുന്നതിന് വിജിലന്‍സിന് തെളിവു ലഭിച്ചു. കെ ബാബുവിന്റെ ഫോണ്‍ കാള്‍ വിവരങ്ങളില്‍ നിന്നാണ് നിര്‍ണായക തെളിവ് ലഭിച്ചിരിക്കുന്നത്.
കെ ബാബുവിന്റെ ബിനാമികളെന്ന് വിജിലന്‍സ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി കേസെടുത്ത ബാബുറാം, മോഹനന്‍ എന്നിവര്‍ കെ ബാബുവുമായി നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്നാണ് ഫോണ്‍ കാള്‍ വിശദാംശങ്ങളില്‍ നിന്ന് വ്യക്തമായിരിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കെ ബാബുവും ബാബുറാമും പരസ്പരം 150 ലേറെ തവണ ബന്ധപ്പെട്ടിരുന്നുവെന്ന് മൊബൈല്‍ സേവനദാതാക്കള്‍ നല്‍കിയ രേഖ പരിശോധിച്ച വിജിലന്‍സ് അന്വേഷണ സംഘം കണ്ടെത്തി. ബാബുവിന്റെ ബിനാമി ഇടപാടുകള്‍ക്കുള്ള നിര്‍ണായക തെളിവായി ഫോണ്‍ കാള്‍ വിശദാംശങ്ങള്‍ മാറും. ബാബുറാമുമായും മോഹനനുമായും വ്യക്തിപരമായ അടുപ്പമില്ലെന്നാണ് വിജിലന്‍സ് റെയ്ഡ് നടന്നതിന് പിന്നാലെ ബാബു വാര്‍ത്താ സമ്മേളനം നടത്തി പറഞ്ഞിരുന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എന്ന നിലയില്‍ മാത്രമാണ് ബാബുറാമുമായുള്ള പരിചയമെന്നും ബേക്കറി ശൃംഖലയുടെ ഉടമയായ മോഹനനുമായി അടുപ്പമില്ലെന്നും ബാബു വിശദീകരിച്ചിരുന്നു.
എന്നാല്‍ ഫോണ്‍ സംഭാഷണത്തിന്റെ രേഖകള്‍ സംസാരിക്കുന്ന തെളിവായി വിജിലന്‍സ് അന്വേഷണ സംഘത്തിന്റെ കൈയിലെത്തിയതോടെ ബാബുവിന്റെ വിശദീകരണത്തിലെ പൊരുത്തക്കേട് പ്രത്യക്ഷത്തിലായിരിക്കുകയാണ്. ബാബുവിന് വേണ്ടി റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ നടത്തിയിരുന്ന ബാബുറാമിനെ വിജിലന്‍സ് ഇന്നലെ പ്രാഥമികമായി ചോദ്യം ചെയ്തു.
ഡി വൈ എസ് പി. കെ ആര്‍ വേണുഗോപാലനാണ് കതൃക്കടവിലെ വിജിലന്‍സ് ഓഫീസില്‍ ബാബുറാമിനെ വിളിച്ചു വരുത്തി ചോദ്യം ചെയ്തത്.

Latest