കൊച്ചി: ഇസില്‍ ബന്ധത്തിന്റെ പേരില്‍ എന്‍ ഐ എ അറസ്റ്റ് ചെയ്ത ആറുപേരില്‍ നിന്നും പിടിച്ചെടുത്ത മൊബൈല്‍ ഫോണുകളും കമ്പ്യൂട്ടറുകളും ശാസ്ത്രീയ പരിശോധനക്ക് തിരുവനന്തപുരത്തെ സെന്റര്‍ ഫോര്‍ ഡെവലപ്പ്‌മെന്റ് ഓഫ് അഡ്വാന്‍സ്ഡ് കമ്പ്യൂട്ടിംഗ്(സിഡാക്) ലാബിലേക്ക് അയക്കും. 111 മൊബൈലും ഒരു കമ്പ്യൂട്ടര്‍ ടാബ്‌ലറ്റുമാണ് എന്‍ ഐ എ പിടിച്ചെടുത്ത് കോടതിയില്‍ ഹാജരാക്കിയത്. ഇന്നലെ വൈകീട്ട് കോടതി ഇവ അന്വേഷണ സംഘത്തിന് വിട്ടുകൊടുത്തു. ഇന്ന് ഇത് പരിശോധനക്കയക്കും. സംഘത്തിലെ മറ്റുള്ളവരുമായി ചാറ്റിംഗിനും സന്ദേശം കൈമാറാനും ഇവയാണ് ഉപയോഗിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ടെലിഗ്രാം ആപ് വഴിയാണ് വിവരങ്ങള്‍ കൈമാറിയിരുന്നത്. തീവ്രവാദാശയങ്ങളുള്ള സന്ദേശങ്ങള്‍ കൈമാറാനും വ്യാജ ഫേസ്ബുക് മേല്‍വിലാസം നിര്‍മിക്കാനും ടാബ് ഉപയോഗിച്ചതായും തെളിഞ്ഞിട്ടുണ്ട്. ഇതിന്റെ ആധികാരികത ഉറപ്പാക്കാനാണ് സിഡാകില്‍ പരിശോധനക്ക് അയക്കുന്നത്.