തുറവി നല്‍കുന്ന ഉദ്യമം

Posted on: October 5, 2016 6:00 am | Last updated: October 4, 2016 at 11:59 pm

SIRAJഇവിടെ ജോലിക്ക് വരുന്ന മറുനാടന്‍ തൊഴിലാളികളെ മലയാളം പഠിപ്പിക്കാനൊരുങ്ങുകയാണ് സംസ്ഥാന സര്‍ക്കാര്‍. ഏറ്റവും കൂടുതല്‍ തൊഴിലാളികളുള്ള പെരുമ്പാവൂരിലായിരിക്കും സാക്ഷരതാ മിഷന്‍ മുന്‍കൈയില്‍ ഇതിന് തുടക്കമിടുക. ഇതര സംസ്ഥാനക്കാരും ജോലിക്ക് വിളിക്കുന്ന ഇന്നാട്ടുകാരും മാത്രമല്ല, ഇവരോട് ഇടപഴകേണ്ടിവരുന്ന പോലീസും തൊഴില്‍വകുപ്പ് ഉദ്യോഗസ്ഥരും ആശയവിനിമയ പ്രശ്‌നം അഭിമുഖീകരിക്കുന്നുണ്ട്. ബംഗാളി, ഒറിയ, അസമീസ്, ഹിന്ദി ഭാഷകളാണ് മിക്കവരും സംസാരിക്കുന്നത്. താരതമ്യേന താഴ്ന്ന സാമൂഹിക തലത്തില്‍ നിന്നാണ് ഇവര്‍ എത്തുന്നത് എന്നത് ഇവരുടെ ഭാഷാ പ്രശ്‌നത്തിന് നിമിത്തമാണ്. ഇതര സംസ്ഥാന തൊഴിലാളികളുടെ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാനുള്ള പദ്ധതികളുടെ ഭാഗമായാണ് പുതിയ തീരുമാനം വിലയിരുത്തപ്പെടുന്നത്.
കേരളത്തില്‍ 25 – 30 ലക്ഷം ഇതര സംസ്ഥാന തൊഴിലാളികളുണ്ടെന്നാണ് കണക്ക്. ഇവരെ ഉള്‍ക്കൊള്ളുക എന്ന സമീപനത്തിന്റെ ഭാഗമായി ഭാഷാ അധ്യാപനത്തെ സര്‍ക്കാര്‍ കാണുന്നു. ആശയവിനിമയമാണല്ലോ എല്ലാം നിര്‍ണയിക്കുന്നത്. അതാണ് എല്ലാറ്റിനും ഹേതുവും പ്രേരകവും. സംവേദനത്തില്‍ വരുന്ന ചെറിയ ഇടര്‍ച്ചകള്‍ പോലും വലിയ വിപത്തുകള്‍ വരുത്തിവെക്കും. ആളെ കൊന്ന ‘കോമ’യുടെ വ്യാകരണ തമാശ അറിയുന്നവരാരും ആശയവിനിമയത്തിന്റെ പ്രാധാന്യം വിസ്മരിക്കില്ല. പറയുന്നത് പരസ്പരം മനസ്സിലാകാതെ വരുമ്പോള്‍ അതുണ്ടാക്കുന്ന അത്യാഹിതങ്ങള്‍ ചെറുതായിരിക്കില്ല. മാത്രമല്ല, ഇടത്തരം മലയാളിയുടെ ജീവിതം മറുനാട്ടുകാരുമായി അഭേദ്യമായിക്കിടക്കുകയാണിന്ന്. ചെറിയ ജോലികള്‍ക്കും കൃഷിപ്പണികള്‍ക്കും ബാര്‍ബര്‍ഷോപ്പിലും മിക്കവരും ഇവരെ ആശ്രയിക്കുന്നു. ഈ ഘട്ടത്തിലാണ് ഭാഷാ പ്രശ്‌നത്തിന്റെ പ്രതിസന്ധി ഒരു നിത്യസമസ്യയാകുന്നത്. ആഗ്യം കാണിച്ചും ചെയ്തു കാണിച്ചുകൊടുത്തും പണി പറഞ്ഞുകൊടുക്കേണ്ടിവരുന്നു. ഇതിനൊക്കെ പരിഹാരമാകും പുതിയ തീരുമാനം. ഇതര സംസ്ഥാന തൊഴിലാളികളുടെ സാന്നിധ്യത്തെ അഭിമുഖീകരിക്കാതെ കേരളത്തിലെ സാമൂഹിക ജീവിതം ഇനി ഒരടി മുന്നോട്ട് പോകില്ല എന്ന സാഹചര്യം സംജാതമായിട്ടുണ്ട്. തങ്ങള്‍ക്കെതിരെ പൊതുബോധം ഏത് സമയത്തും ഫണം വിടര്‍ത്തുകയും തുണിയുരിക്കുകയും ചെയ്യുന്ന നാട്ടില്‍ സ്വന്തം കാര്യം പറഞ്ഞു ഫലിപ്പിക്കാന്‍ കൂടി കഴിയാതെ വരുമ്പോള്‍ ഈ പാവങ്ങള്‍ വലിയ പ്രതിസന്ധികളിലാകുന്നുണ്ട്.
ഇപ്പോള്‍ തന്നെ ഈ ‘അന്യ’ര്‍ക്കെതിരെ ശക്തമായ പൊതുബോധം നിലവിലുണ്ട്. ‘തമിഴ് ലോറിയിടിച്ച് മൂന്ന് മലയാളികള്‍ക്ക് പരിക്കെ’ന്നും ‘മോഷണം തൊഴിലാക്കിയ നാടോടി സംഘം വിലസുന്നു’ എന്നും പറയുമ്പോഴേ നമുക്ക് തൃപ്തിവരാറുള്ളൂ എന്നതാണല്ലോ സത്യം. ഇതിവിടെ ആള്‍ക്കൂട്ടത്തിന്റെ മാത്രം കാര്യമല്ല. സംസ്‌കാരത്തെക്കുറിച്ചും കാരുണ്യത്തെക്കുറിച്ചുമൊക്കെ കവിതയെഴുതന്ന സുഗതകുമാരി പോലും ഇത്തരം പൊതുബോധത്തിലും മുന്‍വിധിയിലും ഇടറി വീണതാണല്ലോ കഴിഞ്ഞ ദിവസം കേരളം കണ്ടത്. ഇതരസംസ്ഥാന തൊഴിലാളികളുടെ വരവിലൂടെ ‘നമ്മുടെ സംസ്‌കാര’ത്തിന് ഉടവുതട്ടുമെന്നും അവരിലധികവും വിദ്യാഭ്യാസമില്ലാത്തവരും ക്രിമിനലുകളുമാണെന്നുമുള്ള പ്രസ്താവനക്ക് വിശദീകരണവുമായി കവയത്രി എഴുതിയ കുറിപ്പ് അതിലും മാരക ഉള്ളടക്കമുള്ളതായിരുന്നല്ലോ. സംസ്‌കാരം ഉടഞ്ഞുപോകുന്നേയെന്ന് വ്യര്‍ഥമായി വ്യാകുലപ്പെട്ട് സ്വയം ചെറുതാകുന്നു ഇത്തരം സാംസ്‌കാരിക പ്രവര്‍ത്തകര്‍.
അന്നവും തൊഴിലും തേടി ലോകത്തിന്റെ നാനാ ഭാഗത്തും കറങ്ങുന്നവരും ഉഴറുന്നവരുമാണ് മലയാളികള്‍. അതുകൊണ്ട് തന്നെ, തൊഴില്‍ തേടി ഇവിടെയെത്തുന്നവരെ മാന്യമായി പരിഗണിക്കാനുള്ള ബാധ്യത നമുക്കുണ്ട്. എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരി സഹോദരന്മാരാണെന്ന് പ്രതിജ്ഞ ചൊല്ലല്‍ മാത്രമല്ലല്ലോ കാര്യം. കുടിയേറ്റം ലോകത്തെ ഇളക്കിമറിച്ചുകൊണ്ടിരിക്കുന്ന സന്ദര്‍ഭമാണിത്. ഹിതപരിശോധന നടത്തിയ ഹംഗറി കുടിയേറ്റം വിസമ്മതിച്ചിരിക്കുകയാണ്. മുംബെയില്‍ മണ്ണിന്റെ മക്കള്‍ വാദം മുന്നോട്ട് വെച്ചവര്‍ ‘മദ്രാസി’കളെ ആട്ടിയോടിച്ചതും ബീഹാറികള്‍ക്കെതിരെ വിദ്വേഷവും അതിക്രമങ്ങളും അരങ്ങേറിയതും നമ്മുടെ നാട്ടില്‍ തന്നെയായിരുന്നല്ലോ. ഇത്തരം സങ്കുചിത സമീപനങ്ങള്‍ അരങ്ങേറുമ്പോഴും സ്വല്‍പം വിശാലമായി കാണാന്‍ കഴിയുക എന്നത് പ്രതീക്ഷാര്‍ഹമാണ്.
അതേസമയം, ഇത്ര വലിയ ഒരു സഞ്ചയത്തെ ഉള്‍ക്കൊള്ളുമ്പോഴുണ്ടാകുന്ന സങ്കീര്‍ണതകള്‍ക്ക് പരിഹാരം ആരായാനും നമുക്ക് കഴിയേണ്ടതുണ്ട്. ഈ നാടിന്റെ സുസ്ഥിതിയെ തന്നെയാണ് ഈ വരവുകള്‍ സൂചിപ്പിക്കുന്നത്. സ്ഥിതി അനുയോജ്യമല്ലാതെ വരുമ്പോള്‍ അവര്‍ പിന്‍വാങ്ങുകയും ചെയ്യും. അധ്വാനം പകരം നല്‍കി നമ്മുടെ സുസ്ഥിതിയുടെ പങ്ക് പറ്റാന്‍ വരുന്നവരെ ശത്രുവായി കാണേണ്ട യാതൊരു കാര്യവുമില്ല. ഈ നാട്ടുകാര്‍ക്കും മറുനാട്ടുകാര്‍ക്കും തുറവി നല്‍കുന്നതായിരിക്കും സര്‍ക്കാറിന്റെ പുതിയ ഉദ്യമം.