Connect with us

Articles

ജിയോ സിം: കോര്‍പറേറ്റുകള്‍ വിത്തെറിയുകയാണ്

Published

|

Last Updated

“നരേന്ദ്ര മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്. അദ്ദേഹം നിങ്ങളുടെയൊക്കെ പ്രധാനമന്ത്രി ആയതുപോലെ തന്നെ എന്റെയും പ്രധാനമന്ത്രിയാണ്. മറിച്ചുള്ള ആരോപണങ്ങളൊക്കെ അടിസ്ഥാനരഹിതമാണ്” – പ്രമുഖ മാധ്യമങ്ങളില്‍ നല്‍കിയ റിലയന്‍സ് ജിയോയുടെ ഫുള്‍ പേജ് പരസ്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫോട്ടോ ഉപയോഗിച്ചതിനെതിരെ വിവിധ കോണുകളില്‍നിന്ന് ഉയര്‍ന്ന വിമര്‍ശങ്ങളോട് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി പ്രതികരിച്ചതിങ്ങനെയാണ്. എന്നു പറഞ്ഞാല്‍ രാജ്യത്ത് ആര്‍ക്കും പരസ്യങ്ങള്‍ക്ക് വേണ്ടി ഒരു രാഷ്ട്രത്തിന്റെ പരമോന്നത നേതാവിനെ ഉപയോഗപ്പെടുത്താമെന്ന്. കാര്യങ്ങള്‍ അത്രലളിതമായി തള്ളിവിടാവുന്നതല്ലെന്ന് ആഴങ്ങളിലേക്ക് ഇറങ്ങിവരുമ്പോള്‍ ബോധ്യമാകും.
അംബാനിയുടെ ജിയോ മൊബൈല്‍ സേവനം തുടങ്ങി ഒരു മാസം പിന്നിട്ടിരിക്കുകയാണ്. ഈ ഘട്ടത്തിലാണ് അന്ന് പ്രധാനമന്ത്രി ചെയ്ത ആ “പരസ്യസേവന”ത്തിന്റെ വ്യാപ്തി പൊതുജനത്തിന് മനസ്സിലാകുന്നത്. ഇന്ത്യന്‍ ടെലികോം മേഖലയില്‍ ഇതുവരെ ഒരു സേവനദാതാക്കളും നല്‍കാത്ത ഓഫറുകളുമായി രംഗപ്രവേശം ചെയ്ത റിലയന്‍സ് ജിയോ സിം ലഭിക്കണമെങ്കില്‍ തിരിച്ചറിയല്‍ രേഖയോ ഫോട്ടോയോ ആവശ്യമില്ല. ആധാര്‍ നമ്പറും വിരലടയാളവും നല്‍കിയാല്‍ സിം സ്വന്തമാക്കാം. അതായത്, രാജ്യത്ത് ആധാര്‍ എന്റോള്‍ ചെയ്തവരുടെയെല്ലാം വിവരങ്ങള്‍ മുകേഷ് അംബാനിയുടെ നെറ്റ്‌വര്‍ക്കിലെത്തിയിട്ടുണ്ടെന്ന് സാരം. എന്റെയും നിങ്ങളുടെയും പ്രധാനമന്ത്രിയായി മോദി ഭരിക്കുന്ന ഇന്ത്യാ മഹാരാജ്യത്തെ പൗരന്മാരുടെ വിവരങ്ങളെല്ലാം എന്റേത് കൂടിയാണെന്ന് അംബാനി പറയാതെ പറയുന്നുണ്ട്. എന്റെ ബിസിനസ് സാമ്രാജ്യം കെട്ടിപ്പൊക്കാന്‍ വേണ്ടി പൗരന്മാരുടെ ഈ വിവരങ്ങളെല്ലാം ഉപയോഗിക്കാമെന്നും.
പൗരന്മാരുടെ ബയോ മെട്രിക് വിവരങ്ങളടങ്ങിയ ആധാര്‍ രേഖകള്‍ എങ്ങനെ റിലയന്‍സിന് ലഭിക്കുന്നുവെന്നതാണ് ആലോചിക്കേണ്ടത്. ഒന്നുകില്‍ കോര്‍പറേറ്റ് സ്വാധീനമുപയോഗിച്ച് അംബാനി സ്വന്തമാക്കിയിരിക്കണം. അല്ലെങ്കില്‍ ആധാര്‍ രേഖകള്‍ ആര്‍ക്കും ലഭിക്കാവുന്ന രീതിയില്‍ എവിടെയോ സ്റ്റോര്‍ ചെയ്യപ്പെട്ടിട്ടുണ്ടാകണം. രണ്ടായാലും ഗുരുതരമായ സാഹചര്യമാണ് സൃഷ്ടിക്കുന്നത്. സ്വകാര്യ ഏജന്‍സികള്‍ക്ക് രാജ്യത്തെ പൗരന്മാരുടെ വിവരങ്ങള്‍ ലഭിക്കുന്നത് വഴി ദുരുപയോഗം ചെയ്യാന്‍ സാധ്യത വളരെ വലുതാണ്. പ്രത്യേകിച്ചും സ്വകാര്യ ടെലികോം ഓപറേറ്റര്‍മാര്‍ വ്യക്തികളുടെ ഫോണ്‍ വിളികളുടെയും സന്ദേശങ്ങളുടെയും വിവരങ്ങള്‍ മറ്റുള്ളവര്‍ക്ക് കൈമാറുന്നുവെന്ന വാര്‍ത്തകള്‍ക്കിടയില്‍. കുറ്റവാളികളുടെ വിവരങ്ങള്‍ ആയാല്‍ പോലും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ അപേക്ഷയുടെ അടിസ്ഥാനത്തില്‍ മാത്രമേ നല്‍കാവൂ എന്നാണ് രാജ്യത്തെ നിയമം. എന്നാല്‍ സ്വകാര്യ ടെലികോം കമ്പനികളിലെ പരിചയക്കാരെ ഉപയോഗിച്ച് സ്വകാര്യ കുറ്റാന്വേഷണ ഏജന്‍സികളും വ്യക്തികളും വിവരങ്ങള്‍ ചോര്‍ത്തുന്നതാണ് ഇപ്പോഴത്തെ വാര്‍ത്ത. ഈ പശ്ചാതലത്തില്‍ ആധാര്‍ വിവരങ്ങള്‍ കൂടി ഇത്തരം ടെലികോം സേവനദാതാക്കള്‍ക്ക് ലഭിക്കുന്ന സാഹചര്യം തടയപ്പെടേണ്ടതുതന്നെയാണ്. ഓഫറുകള്‍ പാലിക്കുകയോ പാലിക്കാതിരിക്കുകയോ ചെയ്യുന്നതിലുപരി ഇതായിരിക്കും ജിയോ സമൂഹത്തില്‍ സൃഷ്ടിക്കുന്ന അപകടം.
ജിയോയുടെ ഗംഭീര ഓഫറുകളില്‍ മയങ്ങി സിമ്മിനായി നെട്ടോട്ടമോടുന്നവരും സിം ലഭിച്ച വിവരം സാമൂഹിക മാധ്യമങ്ങള്‍ വഴി സുഹൃത്തുക്കളെ അറിയിക്കുന്നവരും മനസ്സിലാക്കേണ്ടതാണ് ഇത്തരം പിന്നാമ്പുറ കഥകള്‍. അമ്പത് ബില്യന്‍ ഡോളര്‍ വരുന്ന ഇന്ത്യന്‍ ടെലികോം വിപണിയിലേക്ക് ഒരു ലക്ഷത്തിനാല്‍പതിനായിരം കോടിയുമായി മുകേഷ് അംബാനി വരുന്നത് മൊബൈല്‍ സേവനരംഗത്തുള്ള ചൂഷണങ്ങള്‍ക്ക് അറുതി വരുത്തുക എന്ന ലക്ഷ്യത്തിലല്ലെന്ന കാര്യം ഉറപ്പാണല്ലോ. അപ്പോള്‍ പിന്നെയുള്ളത് ഈ രംഗത്തെ ചൂഷണങ്ങളില്‍ ഒരു പ്രധാന ഭാഗഭാക്കാവുക എന്നതു തന്നെയാണ്. ഇത്രയും തുക വിപണിയില്‍ മുടക്കുന്ന അംബാനി അതിനനുസൃതമായി ലാഭവും പ്രതീക്ഷിക്കുക സ്വാഭാവികം.
ജിയോ വാഗ്ദാനം ചെയ്ത സേവനങ്ങള്‍ ശരിക്കും ലഭിക്കുന്നുണ്ടോ എന്ന ഗവേഷണത്തിലാണ് പലരും. ആലോചിക്കേണ്ട വസ്തുത, ഇത്രയും സേവനങ്ങള്‍ കുറഞ്ഞ തുകക്ക് നല്‍കി ടെലികോം വിപണിയില്‍നിന്ന് ജിയോ എങ്ങനെ ലാഭം നേടും എന്നതാണ്. ഇവിടെയാണ് ഇത്തരം ഓഫറുകളുടെ “ബിസിനസ് സീക്രട്ട്” തിരിച്ചറിയേണ്ടത്. ഈ ഓഫര്‍ പ്രചാരണത്തിനിടയില്‍ പരസ്യയിനത്തില്‍ ചെലവാക്കേണ്ട കോടികള്‍ ജിയോ ലാഭിക്കുന്നുണ്ട്. ഈ സിം ഉപയോഗിക്കുന്നവരെല്ലാം ജിയോയുടെ ബ്രാന്‍ഡ് അംബാസിഡര്‍മാരായി പ്രത്യക്ഷപ്പെടുന്നു. അതുതന്നെയാണ് അംബാനിയുടെ ഉദ്ദേശങ്ങളിലൊന്ന്. ജനങ്ങള്‍ പ്രചാരണമേറ്റെടുക്കാന്‍ അവര്‍ക്ക് ചില വമ്പന്‍ സൗജന്യങ്ങള്‍ വെച്ചു നീട്ടുക. ഇതില്‍ അംബാനിയും റിലയന്‍സും വിജയിച്ചുവെന്നതാണ് സത്യം.
പത്ത് കോടി ഉപഭോക്താക്കളെ സൃഷ്ടിക്കുക എന്ന ലക്ഷ്യം മുന്നില്‍വെച്ചാണ് മുകേഷ് അംബാനി പ്രവര്‍ത്തിക്കുന്നത്. അങ്ങനെ രാജ്യത്തെ ഏറ്റവും വലിയ മൊബൈല്‍ സേവനദാതാവായി മാറുകയാണ് ജിയോയുടെ ലക്ഷ്യം. ഇത് പൂര്‍ത്തീകരിച്ചു കഴിഞ്ഞാല്‍ പിന്നെ ഇന്ത്യന്‍ മൊബൈല്‍ സേവന മേഖല നിയന്ത്രിക്കാന്‍ അംബാനിയെ ആരും പഠിപ്പിക്കേണ്ടി വരില്ല. അതിനിടയില്‍ ഉപഭോക്താക്കള്‍ക്ക് ചില സൗജന്യങ്ങളൊക്കെ ലഭിച്ചെന്നിരിക്കും. 1966ല്‍ ചെറിയ ടെക്‌സ്റ്റൈല്‍ നിര്‍മാണ യൂനിറ്റിലൂടെ ബിസിനസ് സാമ്രാജ്യത്തിന് തുടക്കമിട്ട്, ഇന്ത്യയുടെ വ്യവസായ- വാണിജ്യ നിയന്ത്രണ ശക്തിയായി മാറിയ ധീരുഭായ് അംബാനിയുടെ മക്കളായ അനിലിനും മുകേഷിനും ലാഭം വരുന്ന വഴികളെന്തെല്ലാമെന്ന് നന്നായി അറിയുകയും ചെയ്യാം.
ജിയോ പ്രഖ്യാപിക്കുന്ന ഓഫറുകള്‍ പാലിക്കപ്പെടുന്നുണ്ടോ എന്നത് മാത്രമല്ല വിഷയം. ജിയോയുടെ വരവോടുകൂടി സ്വകാര്യ ടെലിഫോണ്‍ സേവന ദാതാക്കള്‍ തമ്മിലുള്ള കിടമത്സരത്തിന്റെ ഭാഗമായി ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്ന സേവനങ്ങളിലെ കൃത്യതയില്ലായ്മയും ഒരു പ്രശ്‌നമാണ്. ഏതെങ്കിലും ഒരു പുതിയ ഉത്പന്നം വിപണിയിലെത്തുമ്പോഴോ അല്ലെങ്കില്‍ ഒരു പുതിയ വ്യവസായം തുടങ്ങുമ്പോഴോ എതിര്‍പ്പുകള്‍ ഉയരുകയും പുതുതായി രംഗത്തെത്തുന്നതിനെ പരാജയപ്പെടുത്താന്‍ മറ്റുള്ളവര്‍ വഴികള്‍ തേടുന്നതും സ്വാഭാവികമാണ്. ഇത്തരം ശ്രമങ്ങള്‍ക്കിടയിലാണ് തട്ടിപ്പുകള്‍ പലപ്പോഴും പുറത്തുചാടുക. തങ്ങള്‍ ചെയ്യുന്നത് വളരെ സത്യസന്ധവും കളങ്കരഹിതവുമാണെന്ന് തെളിയിക്കാനുള്ള ശ്രമങ്ങള്‍ പലപ്പോഴും “ബിസിനസ് സീക്രട്ടുകള്‍” പുറത്തുചാടുന്നതിന് കാരണമാകാറുണ്ട്. അത്തരമൊരു അവസ്ഥയിലാണ് പുതുതായി സേവന രംഗത്തെത്തിയ റിലയന്‍സ് ജിയോയും എന്ന് കണ്ടെത്താന്‍ കഴിയും.
ഇപ്പോള്‍ ജിയോക്കെതിരെ എയര്‍ടെല്ലും വോഡഫോണും പരാതിയുമായി എത്തിയത് തെളിയിക്കുന്നത് അതാണ്. ജിയോ ഇപ്പോള്‍ നല്‍കുന്ന സൗജന്യ കോളുകള്‍ തങ്ങളുടെ നെറ്റ്‌വര്‍ക്കിനെ സ്തംഭിപ്പിക്കുന്നുവെന്നും മൊബൈല്‍ മേഖലയില്‍ പാലിക്കേണ്ട സാമാന്യ തത്വങ്ങള്‍ പാലിക്കാതെയാണ് ജിയോ പ്രവര്‍ത്തിക്കുന്നതെന്നുമാണ് ട്രായിക്ക് (ടെലികോം റഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ) നല്‍കിയ പരാതിയുടെ ആകെത്തുക. അതേസമയം തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് കോള്‍ പൂര്‍ത്തീകരിക്കാന്‍ ആവശ്യമായ പി ഒ ഐ (പോയിന്റ് ഓഫ് ഇന്റര്‍ കണക്ഷന്‍) എയര്‍ടെലും വോഡഫോണും നിഷേധിക്കുന്നുവെന്നാണ് ജിയോയുടെ പരാതി. ഈ രണ്ട് പരാതികള്‍ക്കിടയില്‍ നഷ്ടപ്പെടുന്നത് തീര്‍ച്ചയായും ഉപഭോക്താവിന്റെ സമയവും പണവും തന്നെയാണ്. എതിരാളികളെ കീഴ്‌പ്പെടുത്താനുള്ള ടെലികോം കമ്പനികളുടെ ഇത്തരം മത്സരങ്ങള്‍ മൊബൈല്‍ ഉപഭോക്താവിന്റെ സമയവും പണവും നഷ്ടപ്പെടുത്തുന്നു. സേവനദാതാക്കള്‍ പരസ്പരം പാലിക്കേണ്ട മര്യാദകള്‍ തെറ്റിച്ച് ഉപഭോക്താവിന് പണം നഷ്ടപ്പെടുത്തുന്ന രീതിയിലേക്ക് ജിയോയുടെ വരവോടുകൂടി മൊബൈല്‍ സേവനമേഖല മാറുന്നുവെന്നു ചുരുക്കം.
ഫോണ്‍ ചെയ്യുന്നതിനേക്കാളേറെ ഇന്റര്‍നെറ്റിന് വേണ്ടി മൊബൈല്‍ ഉപയോഗിക്കുന്ന ഇക്കാലത്ത് അതിവേഗ 4ജിയും വോയ്‌സ് കോളിംഗുമാണ് ജിയോയെ ജനങ്ങള്‍ക്കിടയില്‍ തരംഗമാക്കി മാറ്റുന്നത്. ഇത് മറ്റു സേവനദാതാക്കളെ കുറഞ്ഞ നിരക്കിലുള്ള ഡാറ്റാ ഓഫറുകള്‍ നല്‍കാന്‍ പ്രേരിപ്പിക്കുന്നുണ്ട്. ഇത് വിപണിയില്‍ കടുത്ത മത്സരത്തിനിടയാക്കും എന്നതുറപ്പാണ്. പക്ഷേ, ഇത്തരം ബിഗ് ഓഫറുകളുടെ കാലാവധിയെ സംബന്ധിച്ചാണ് ആലോചിക്കേണ്ടത്. ഇപ്പോള്‍ കൂടുതല്‍ കണക്ഷനുവേണ്ടി ജിയോയും, ഉള്ളവരെ നിലനിര്‍ത്താന്‍ മറ്റുള്ളവരും മത്സരിക്കുമ്പോള്‍ ചില നേട്ടങ്ങള്‍ ലഭിക്കുന്നുവെന്നല്ലാതെ ഇതിന്റെ സുസ്ഥിരതയെ കുറിച്ച് ആര്‍ക്കും ഒരു ഉറപ്പും നല്‍കാനാകില്ല. ഒരു സേവനദാതാക്കളും അതിനെ കുറിച്ച് വ്യക്തമായി ഒന്നും പറയുന്നുമില്ല. ഇപ്പോള്‍ ജിയോയുടെ കണക്ഷനെടുത്തവരില്‍ മിക്കവരും ഡിസംബര്‍ വരെയുള്ള ഓഫര്‍ കാലയളവ് മുതലെടുക്കുക എന്ന ലക്ഷ്യത്തിലാണ്. ടെലികോം മേഖലയിലെ തങ്ങളുടെ ഇടം കണ്ടെത്താനുള്ള ജിയോയുടെ ഈ ശ്രമങ്ങള്‍ക്ക് ശേഷം ഈ മേഖലയിലെ കമ്പനികളെല്ലാം ചൂഷണ വിഷയത്തില്‍ ഒന്നായേക്കും. അങ്ങനെയാണല്ലോ ഇതുവരെയുള്ള പൗരന്‍മാരുടെ അനുഭവം. എന്തായാലും കോര്‍പറേറ്റ് കമ്പനികള്‍ ഇപ്പോള്‍ വിത്തെറിയുകയാണ്. കൊയ്‌തെടുക്കാന്‍ അവര്‍ വരാതിരിക്കില്ല. ആ ഓര്‍മ ഓരോ ഉപഭോക്താവിനും ഉണ്ടായിരിക്കണം.

---- facebook comment plugin here -----

Latest