സുനനന്ദയുടെ ആന്തരികാവയവ സാമ്പിള്‍: ഡല്‍ഹി പോലീസ് വീണ്ടും എഫ് ബി ഐയെ സമീപിച്ചു

Posted on: October 4, 2016 5:36 am | Last updated: October 3, 2016 at 11:37 pm

ന്യൂഡല്‍ഹി: ദുരൂഹ സാചര്യത്തില്‍ മരിച്ച നിലയില്‍ കാണപ്പെട്ട സുനന്ദ പുഷ്‌കറിന്റെ ആന്തരികാവയവ സാമ്പിള്‍ പരിശോധനാ ഫലം സംബന്ധിച്ച് കൂടുതല്‍ വിശദീകരണങ്ങള്‍ തേടി ഡല്‍ഹി പോലിസ് വീണ്ടും എഫ് ബി ഐയെ സമീപിച്ചു. കോണ്‍ഗ്രസ് എം പിയും മുന്‍ കേന്ദ്രമന്ത്രിയുമായ ശശി തരൂരിന്റെ ഭാര്യ സുനന്ദാ പുഷകര്‍ ദുരൂഹ സാഹചര്യത്തുല്‍ മരിച്ചിട്ട് രണ്ടരവര്‍ഷം കഴിഞ്ഞിട്ടും അന്വേഷണം വഴിമുട്ടിയ സാഹചര്യത്തില്‍ കേസ് അവസാനിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഡല്‍ഹി പോലീസിന്റെ നടപടി. ഇതുസംബന്ധിച്ച് ചോദ്യാവലികളും പോലീസ് എഫ് ബി ഐക്ക് കൈമാറി.
ദുരൂഹ മരണവുമായി ബന്ധപ്പെട്ട് 15 ചോദ്യങ്ങളാണ് സുനന്ദയുടെ ആന്തരികാവയവങ്ങള്‍ പരിശോധിച്ച എഫ് ബി ഐ ലാബിലേക്ക് അയച്ചത്. യു എസിലെത്തിയ ഡല്‍ഹി പോലിസ് സൗത്ത്് ഡി സി പി ഈശ്വര്‍ സിംഗ് ചോദ്യാവലി എഫ് ബി ഐക്ക് നേരിട്ട് കൈമാറുകയായിരുന്നു. എന്താണ് മരണകാരണമെന്ന കാര്യം വ്യക്തമാക്കുന്നതില്‍ എഫ് ബി ഐയുടെ പരിശോധനാ ഫലം പരാജയപ്പെട്ട സാഹചര്യത്തില്‍ ശരീരത്തില്‍ കണ്ടെത്തിയ വിഷാംശം ഉള്ളില്‍ച്ചെന്നത് കൊലപാതകമോ അതോ ആത്മഹത്യയോ അപകടമോ ആയിരുന്നോ എന്നിവ വ്യക്തമാക്കുന്നതിനുള്ള ചോദ്യങ്ങളാണ് കത്തിലുള്ളത്. സുനന്ദയും ശശിതരൂരും തമ്മില്‍ നടത്തിയ ചാറ്റിംഗിന്റെ വിശദാംശങ്ങളും ഡല്‍ഹി പോലിസ് എഫ് ബി ഐക്ക് കൈമാറിയിട്ടുണ്ട്.
അന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞ ആഗസ്തിലും ഡല്‍ഹി പോലീസ് അമേരിക്ക സന്ദര്‍ശിച്ചിരുന്നു. കേസിന് കാര്യമായ തുമ്പുണ്ടാക്കുന്നതില്‍ പരാജയപ്പെട്ടതിനാല്‍ ഈ വര്‍ഷം അവസാനത്തോടെ അന്തിമ റിപ്പോര്‍ട്ട് നല്‍കാനാണ് പേലീസ് നീക്കം. അതേസമയം അടുത്ത മാസം വരാനിരിക്കുന്ന പുതിയ മെഡിക്കല്‍ ബോര്‍ഡിന്റെ അഭിപ്രായവും ഡല്‍ഹി പോലീസ് തേടും. അതിന് ശേഷം അവസാന ശ്രമമെന്ന നിലയില്‍ ശശി തരൂരിനെ നുണ പരിശോധനക്ക് വിധേയനാക്കാനും പോലീസ് ആലോചിക്കുന്നുണ്ട്. സുനന്ദ- തരൂര്‍ ദമ്പതികളുടെ സഹായികളെ നേരത്തെ നുണപരിശോധനക്കു വിധേയമാക്കിയിരുന്നു. 2014 ജനുവരി 17നാണ് സുനന്ദ പുഷ്‌ക്കറിനെ അവര്‍ താമസിച്ചിരുന്ന ഡല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലായ ലീലാപാലസില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.