Connect with us

Malappuram

ചാമപ്പറമ്പില്‍ പള്ളി കൈയേറാന്‍ ശ്രമം; ആക്രമണത്തില്‍ നാല് സുന്നി പ്രവര്‍ത്തകര്‍ക്ക് പരുക്ക്‌

Published

|

Last Updated

കൊണ്ടോട്ടി: സുന്നി വിഭാഗം പരിപാലിച്ചു വരുന്ന ജുമുഅത്ത് പള്ളി കൈയേറാന്‍ വിഘടിത ശ്രമം. മാരകായുധങ്ങളുമായെത്തിയ വിഘടിതരുടെ ആക്രമണത്തില്‍ നാല് സുന്നി പ്രവര്‍ത്തകര്‍ക്ക് പരുക്ക്. പള്ളിക്കല്‍ ചാമപറമ്പ് എം കെ അഹമ്മദ് കോയ മുസ് ലിയാര്‍ (55), പെരിന്തൊടി അബു (56), കൊല്ലോളി അബ്ദുല്‍ ഗഫൂര്‍ (40), കൊല്ലോളി അബ്ദുല്‍ ഹമീദ്(36) എന്നിവരാണ് പരുക്കുകളോടെ മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്നത്.
ചാമപ്പറമ്പ് ഖിദ്മത്തുല്‍ ഇസ്‌ലാം സംഘത്തിന് കീഴിലുള്ള ബദ്‌രിയ്യ ജുമുഅ മസ്ജിദ് കൈയേറാനാണ് വിഘടിതര്‍ ആക്രമണം നടത്തിയത്. സുന്നികള്‍ക്ക് ഭൂരിപക്ഷമുള്ള മഹല്ലില്‍ ബോധപൂര്‍വം കുഴപ്പങ്ങളുണ്ടാക്കാനായിരുന്നു ശ്രമം. കത്തി, ഇരുമ്പു ദണ്ഡ്, വടി ഉള്‍പ്പെടെയുള്ള ആയുധങ്ങളുമായി ഇന്നലെ ളുഹര്‍ സമയത്താണ് പള്ളിയില്‍ ആക്രമണത്തിനെത്തിയത്. പെട്ടന്നായിരുന്നു ആക്രമണം. പള്ളിയിലെ മുഅദ്ദിന്‍ കൂടിയാണ് പരുക്കേറ്റ അഹമ്മദ് കോയ മുസ്‌ലിയാര്‍. ഇദ്ദേഹത്തിന്റെ സഹായിയായ അബ്ദുര്‍റഹ്മാന്‍ ഹാജി വാങ്ക് വിളിക്കുന്നതിനായി മൈക്കിനടുത്തേക്ക് നീങ്ങിയപ്പോള്‍ പിന്നിലൂടെ എത്തിയ വിഘടിതര്‍ അബ്ദുര്‍റഹ്മാന്‍ ഹാജിയെ വലിച്ചു തള്ളുകയും വാങ്ക് വിളിക്കുന്നത് തടയുകയുമായിരുന്നു.
ബഹളം കേട്ടെത്തിയ അഹമ്മദ് കോയ മുസ്‌ലിയാരെ പിടിച്ചു വെക്കുകയും മൊബൈല്‍ കൈക്കലാക്കുകയും ചെയ്തു. മുഅദ്ദിനും അബ്ദുര്‍റഹ്മാന്‍ ഹാജിയും മാത്രമാണ് അപ്പോള്‍ പള്ളിയില്‍ ഉണ്ടായിരുന്നത്. മുഅദ്ദിനെയും സഹായിയെയും ആക്രമിച്ച് പള്ളിയുടെ താക്കോലും മറ്റും കൈവശപ്പെടുത്തുകയായിരുന്നു ഇവരുടെ ലക്ഷ്യം.
നിസ്‌കാരത്തിനെത്തിയ ഏതാനും ചേളാരിക്കാര്‍ മുഅദ്ദിനെയും സഹായിയേയും മര്‍ദ്ദിച്ചതിനെക്കുറിച്ച് പള്ളിയില്‍ തര്‍ക്കം തുടരവെ നേരത്തെ ഒരുക്കി നിര്‍ത്തിയ മറ്റൊരു കൂട്ടം അക്രമികള്‍ മാരകായുധങ്ങളുമായി എത്തി സുന്നി പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം അഴിച്ചു വിടുകയുമാണുണ്ടായത്. കൈയേറാന്‍ കഴിയാത്ത പള്ളികള്‍ പൂട്ടിയിടുകയെന്നതാണ് വിഘടിത നേതൃത്വം ലക്ഷ്യമിടുന്നത്. രണ്ട് മാസം മുമ്പ് പള്ളിക്കല്‍ പഞ്ചായത്തിലെ തന്നെ ആഞ്ചിറക്കല്‍ ജുമുഅ മസ്ജിദ് വിഘടിതരുടെ ആക്രമണത്തെ തുടര്‍ന്ന് ആര്‍ ഡി ഒ പൂട്ടി സീല്‍ ചെയ്തിരുന്നു. ഇന്നലെ അക്രമമുണ്ടായ ചാമപ്പറമ്പില്‍ കേരള മുസ്‌ലിം ജമാഅത്ത് വൈസ് പ്രസിഡന്റ് പൊന്‍മള അബ്ദുല്‍ ഖാദിര്‍ മുസ് ലിയാര്‍, എസ് വൈ എസ് സംസ്ഥാന സെക്രട്ടറി മുഹമ്മദ് പറവൂര്‍, ജില്ലാ ഉപാ ധ്യക്ഷന്‍ ഇ കെ മുഹമ്മദ് കോയ സഖാഫി, സോണ്‍ നേതാക്കളായ ടി അബ്ദുല്‍ അസീസ് ഹാജി, അശ്‌റഫ് മുസ്‌ലിയാര്‍ സന്ദര്‍ശിച്ചു..

---- facebook comment plugin here -----

Latest