Connect with us

International

ഹംഗറി: അഭയാര്‍ഥികളെ സ്വീകരിക്കേണ്ടെന്ന് ഹിതപരിശോധനാ ഫലം

Published

|

Last Updated

ബുഡാപെസ്റ്റ്: യൂറോപ്യന്‍ രാജ്യങ്ങളില്‍ അഭയാര്‍ഥികള്‍ക്ക് നിശ്ചിത അളവില്‍ അഭയം നല്‍കണമെന്ന യൂറോപ്യന്‍ യൂനിയന്റെ ആവശ്യത്തിന്‍മേല്‍ ഹംഗറിയില്‍ നടന്ന ഹിതപരിശോധനയില്‍ സര്‍ക്കാറിന് നേട്ടം. യൂറോപ്യന്‍ യൂനിയന്‍ നിര്‍ദേശിക്കുന്ന തരത്തിലുള്ള അഭയാര്‍ഥികളെ രാജ്യത്ത് അഭയം നല്‍കണമോയെന്നായിരുന്നു പരിശോധിച്ചത്. 98 ശതമാനം പേര്‍ അഭയം നല്‍കേണ്ട എന്ന നിലപാടെടുത്തു. എന്നാല്‍ പകുതിയിലധികം പേര്‍ ഹിതപരിശോധനയില്‍ നിന്ന് വിട്ടുനിന്നുവെന്നത് ശ്രദ്ധേയമാണ്. 43.9 ശതമാനം വോട്ടര്‍മാരാണ് ഹിതപരിശോധനയില്‍ പങ്കെടുത്തതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു. 99.25 ശതമാനം വോട്ടുകള്‍ എണ്ണിയപ്പോള്‍ 98 ശതമാനം പേരും അഭയാര്‍ഥികള്‍ക്ക് രാജ്യത്ത് അഭയം നല്‍കേണ്ട എന്നതിനെ അനുകൂലിച്ചു. 32 ലക്ഷമാളുകളാണ് ഹിതപരിശോധനയില്‍ പങ്കെടുത്തത്. ഹിതപരിശോധനയില്‍ തൂത്തുവാരിയെന്ന് സര്‍ക്കാര്‍ അവകാശപ്പെട്ടെങ്കിലും വോട്ടെടുപ്പില്‍ പങ്കാളിത്തം കുറഞ്ഞത് പ്രധാനമന്ത്രി വിക്ടര്‍ ഒര്‍ബാന്‍ നയിക്കുന്ന സര്‍ക്കാറിന് തിരിച്ചടിയാണ്. ഹിതപരിശോധനാ ഫലത്തെ യൂറോപ്യന്‍ യൂനിയനിലെ തീരുമാനമെടുക്കുന്ന ഉന്നത വൃത്തങ്ങള്‍ മുഖവിലക്കെടുക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. 13 വര്‍ഷം മുമ്പ് യൂറോപ്യന്‍ യൂനിയനില്‍ ചേരണമോയെന്ന ഹിതപരിശോധനക്ക് ശേഷം യൂറോപ്പിനെ ബാധിക്കുന്ന മറ്റൊരു വിഷയത്തില്‍ ഹംഗറിക്കാര്‍ നിര്‍ണായക തീരുമാനമെടുത്തതായി പ്രധാനമന്ത്രി പറഞ്ഞു.
ഹിതപരിശോധനാ ഫലത്തിന്റെ പിന്‍ബലത്തില്‍ അഭയാര്‍ഥികള്‍ക്ക് അഭയം നല്‍കുന്നതിനെതിരെ ഹംഗറി ഭരണഘടനയില്‍ പുതിയ മാറ്റം കൊണ്ടുവരുമെന്ന് അദ്ദേഹം പറഞ്ഞു.
അഭയാര്‍ഥികളെ പങ്കുവെക്കണമെന്ന യൂറോപ്യന്‍ യൂനിയന്റെ നിര്‍ദേശത്തെ ശക്തമായി എതിര്‍ക്കുന്നയാളാണ് ഒര്‍ബാന്‍. ഹംഗറിയെ സംബന്ധിച്ചിടത്തോളം കുടിയേറ്റമെന്നത് പ്രശ്‌ന പരിഹാരമല്ല, മറിച്ച് പ്രശ്‌നം സൃഷ്ടിക്കുന്ന ഒന്നാണ്. ഹിതപരിശോധനാ ഫലം അനുകൂലമാക്കാന്‍ 30 മില്യണ്‍ അമേരിക്കന്‍ ഡോളറാണ് സര്‍ക്കാര്‍ ചെലവഴിച്ചത്. അപകടം വിളിച്ചു വരുത്തരുതെന്നും അതിനാല്‍ അനുയാജ്യമായത് ജനം തീരുമാനിക്കണമെന്നുമാണ് പോസ്റ്ററുകളിലും സര്‍ക്കാര്‍ പരസ്യബോര്‍ഡുകളിലും പ്രത്യക്ഷപ്പെട്ടത്.
നിങ്ങള്‍ക്കറിയുമോ എന്ന തലക്കെട്ടോടെ തുടങ്ങുന്ന വാക്യങ്ങളില്‍ പാരീസ് ആക്രമണം നടത്തിയത് അഭയാര്‍ഥികളാണ്, അഭയാര്‍ഥികള്‍ നടത്തിയ ആക്രമണങ്ങളില്‍ 300 പേര്‍ യൂറോപ്പില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നത് പോലുള്ള വാക്യങ്ങളാണ് ഉണ്ടായിരുന്നത്.