ഡല്‍ഹി ആരോഗ്യ മന്ത്രിക്ക് 25,000 രൂപ പിഴ

Posted on: October 3, 2016 10:19 pm | Last updated: October 3, 2016 at 11:21 pm

satyendra-jain-leadന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് ചിക്കുന്‍ഗുനിയയും ഡെങ്കിയും പടര്‍ന്ന് പിടിച്ചപ്പോള്‍ കൃത്യവിലോപം കാണിച്ച ഉദ്യോഗസ്ഥരുടെ പേര് വിവരങ്ങള്‍ സമര്‍പ്പിക്കാത്തതില്‍ ഡല്‍ഹി ആരോഗ്യ മന്ത്രിക്ക് സുപ്രീം കോടതി 25,000 രൂപ പിഴ ചുമത്തി. ജസ്റ്റിസുമാരായ എം ബി ലോകൂര്‍, ഡി വൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബഞ്ചാണ് ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിനിനോട് വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചത്. എന്നാല്‍, മന്ത്രിക്ക് അതിന് സാധിച്ചില്ല. ഇതോടെ കോടതി 25,000 രൂപ പിഴ ചുമത്തുകയായിരുന്നു. ഉദ്യോഗസ്ഥര്‍ക്കെതിരായ ആരോപണങ്ങള്‍ ഗുരുതരമാണെന്നും കൃത്യമായ വിവരങ്ങള്‍ കോടതിയില്‍ സമര്‍പ്പിക്കണമെന്നും ബഞ്ച് വ്യക്തമാക്കി. ജെയിനിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ചിരാഗ് ഉദയ് സിംഗ് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ 24 മണിക്കൂര്‍ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ജനങ്ങള്‍ മരിച്ചുകൊണ്ടിരിക്കുമ്പോള്‍ 24 മണിക്കൂര്‍ സമയം ആവശ്യപ്പെടുന്നത് ദൗര്‍ഭാഗ്യകരമാണെന്ന് ബഞ്ച് നിരീക്ഷിച്ചു. പകര്‍ച്ചവ്യാധി പടരുന്നത് സംബന്ധിച്ച് സമര്‍പ്പിച്ച പൊതുതാത്പര്യ ഹരജിയില്‍ ഡല്‍ഹി സര്‍ക്കാര്‍ നേരത്തേ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ സര്‍ക്കാറിന്റെ ആരോഗ്യ പ്രവര്‍ത്തനങ്ങളോട് ഉദ്യോഗസ്ഥര്‍ സഹകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാണിച്ചിരുന്നു. ഇതോടെയാണ് ഇത്തരം ജീവനക്കാരുടെ പേര് വിവരം സമര്‍പ്പിക്കാന്‍ ബഞ്ച് ഉത്തരവിട്ടത്.