ശാസ്ത്ര ലോകത്തിലേക്ക് പുതിയൊരു സസ്യം കൂടി

Posted on: October 3, 2016 9:09 am | Last updated: October 3, 2016 at 9:09 am

wyd-orkidകല്‍പ്പറ്റ: സസ്യ സമ്പത്തിനാല്‍ അനുഗ്രഹീതമായ പശ്ചിമഘട്ട മലനിരകളിലെ ഓര്‍ക്കിഡ് കുടുംബത്തില്‍ നിന്നും ഡെന്‍ഡ്രോബിയം വര്‍ഗത്തില്‍പ്പെടുന്ന പുതിയ ഇനം സസ്യത്തെ കണ്ടെത്തി. സസ്യത്തിന്ന് അനിലി എന്നാണ് നാമകരണം ചെയ്തത്.
സസ്യ ശാസ്ത്രത്തിനു നല്‍കിയ വിലമതിക്കാനാവാത്ത പ്രവര്‍ത്തനങ്ങള്‍ മുന്‍ നിര്‍ത്തിയാണ് ഈ പേര് നല്‍കിയത്. എം എസ് എസ് ആര്‍ എഫിലെ സാങ്കേതിക വിഭാഗം ജീവനക്കാരനും,പരിസ്ഥിതി പ്രവര്‍ത്തകനുമായ പി എം സലീം പിച്ചനും,മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയിലെ ഡോ. ജോസ് മാത്യു തുടങ്ങിയ ശാസ്ത്രമേഖലയിലെ പഠനപ്രവര്‍ത്തകരാണ് ഈ സസ്യത്തെ വര്‍ഗീകരിച്ചതിന്റ പിന്നില്‍ പ്രവര്‍ത്തിച്ചത്. ഇതു സംബന്ധിച്ചുള്ള പഠന പ്രബന്ധം അന്താരാഷ്ട്ര ജേര്‍ണാലയ ഫിന്നിഷ് സുവോളജികല്‍ ആന്‍ഡ് ബൊട്ടാണിക്കല്‍ പബ്ലിഷിംഗ് ബോര്‍ഡിന്റെ 2016 ലെ പതിപ്പിലാണ് പ്രസിദ്ധീകരിച്ചു. വയനാട്ടിലെ പ്രശസ്തരായ വ്യക്തികളുടെ പേരില്‍ പ്രസിദ്ധീകരിക്കുന്ന അഞ്ചാമത്തെ സസ്യമാണിത്.
പശ്ചിമഘട്ടമലനിരകളില്‍ നിന്നും നേരത്തെ പ്രസിദ്ധീകരിച്ചതില്‍ വാള്‍സത്തിന്റെ വര്‍ഗത്തില്‍പ്പെടുന്ന മഴക്കാല സസ്യങ്ങള്‍ക്ക് പഴശ്ശിയുടെ പേര് ഉള്‍പ്പെടുത്തി ഇമ്പേഷിയന്‍സ് വീരപഴശ്ശിയും പേര്യ ഗുരുകുലം ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ മേധാവിയുടെ പേരില്‍ ഇമ്പേഷിയന്‍സ് തെര്‍കോഫിയാനയും, ഞാവല്‍ വര്‍ഗ്ഗത്തില്‍പ്പെടുന്ന സസ്യത്തിന്ന് സൗത്ത് വയനാട് ഡി എഫ് ഒ ആയിരുന്ന ധനേഷ് കുമാറിന്റൈ പേരിലുള്ള സൈസിജിയം ധനേഷിയാനയും,ഓര്‍ക്കിഡ് വര്‍ഗ്ഗത്തില്‍പ്പെടുന്ന സസ്യങ്ങള്‍ക്ക് പരിസ്ഥിതി പ്രവര്‍ത്തകനും സസ്യ വര്‍ഗീകരണത്തില്‍ പ്രഗല്‍ഭനുമായ എം എസ് എസ് ആര്‍ എഫിലെ സലീമിന്റെയ് പേര് ചേര്‍ത്ത് സൈഡന്‍ഫെഡിനില്ല സലീമിയും ,പ്രഗല്‍ഭശാസ്ത്രജ്ഞനും എം എസ് സ്വാമിനാഥന്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ ഡയറക്ടറായ ഡോക്ടര്‍ എന്‍ അനില്കുമാറിന്റൈ പേര് ചേര്‍ത്ത് ഡെന്‍ഡ്രോബിയം അനിലിയും ശാസ്ത്ര താളുകളില്‍ മായാതെ നിലനില്‍ക്കും.