Connect with us

Kerala

രണ്ട് സ്വാശ്രയ കോളേജുകളിലെ പ്രവേശനം റദ്ദാക്കി

Published

|

Last Updated

തിരുവനന്തപുരം: പ്രവേശന നടപടികള്‍ സുതാര്യമല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് രണ്ട് സ്വാശ്രയ കോളജുകള്‍ നടത്തിയ മെഡിക്കല്‍ പ്രവേശനം ജെയിംസ് കമ്മിറ്റി റദ്ദാക്കി. പാലക്കാട് കരുണ മെഡിക്കല്‍ കോളജ്, അഞ്ചരക്കണ്ടിയിലെ കരുണ മെഡിക്കല്‍ കോളജ് എന്നിവിടങ്ങളിലെ പ്രവേശനമാണ് റദ്ദാക്കിയത്. രണ്ട് കോളജുകള്‍ കോടതി ഉത്തരവുകളും പ്രവേശന മേല്‍നോട്ട സമിതിയുടെ നിര്‍ദേശങ്ങളും ലംഘിച്ചതായി കമ്മിറ്റി കണ്ടെത്തി.
ഏകീകൃത കൗണ്‍സിലിംഗ് നടത്താമെന്ന സുപ്രീം കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ ഈ രണ്ട് മെഡിക്കല്‍ കോളജുകളിലെയും മുഴുവന്‍ സീറ്റിലേക്കും പ്രവേശനം നടത്താന്‍ പ്രവേശന പരീക്ഷാ കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കി. കരുണാ മെഡിക്കല്‍ കോളജില്‍ എം ബി ബി എസിന് നൂറും അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജില്‍ 150ഉം സീറ്റുമാണുള്ളത്.
ജെയിംസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ എല്ലാ ദിവസവും കോളജുകളുടെ സൈറ്റിന്റെ സ്‌ക്രീന്‍ ഷോട്ട് എടുക്കുകയും എല്ലാ പ്രവേശന നടപടികളും അതാതുസമയം നീരിക്ഷിച്ചുവരികയും ചെയ്തിരുന്നു. എന്നാല്‍, ചില കോളജുകള്‍ കോടതി വിധിക്കനുസൃതമായി പ്രവേശന പട്ടിക ആദ്യം പ്രസിദ്ധീകരിക്കുകയും പിന്നീട് അത് റദ്ദാക്കി മെറിറ്റ് പട്ടിക ലംഘിച്ചുകൊണ്ട് പ്രവേശനം നടത്തുകയും ചെയ്തതായി കണ്ടെത്തി. പിശകുകള്‍ തിരുത്തി മാനദണ്ഡങ്ങള്‍ക്കനുസൃതമായി പട്ടികയിറക്കാന്‍ ജെയിംസ് കമ്മിറ്റി സമയം നല്‍കിയിട്ടും ലംഘിച്ചതായി കണ്ടെത്തിയ കോളജുകള്‍ക്കെതിരെയാണ് നടപടിയെടുത്തത്.
സര്‍ക്കാറുമായി കരാര്‍ ഒപ്പിടാത്ത ഈ രണ്ട് മെഡിക്കല്‍ കോളജും സ്വന്തം നിലയിലാണ് പ്രവേശനം നടത്തിയിരുന്നത്. ഓണ്‍ലൈന്‍ അപേക്ഷാ സംവിധാനം തയ്യാറാക്കണമെന്നത് ഉള്‍പ്പെടെ സുതാര്യത ഉറപ്പുവരുത്താനായി പ്രവേശന മേല്‍നോട്ട സമിതി മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ രണ്ട് കോളജുകള്‍ അട്ടിമറിച്ചു. മെറിറ്റ് പൂര്‍ണമായി അട്ടിമറിച്ചാണ് പ്രവേശനം നടത്തിയത്. കരുണ മെഡിക്കല്‍ കോളജിലെ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി സെപ്തംബര്‍ ആറിന് രാത്രി പത്ത് മണിയോടെ നിര്‍ത്തിയതായി നേരത്തെ കണ്ടെത്തിയിരുന്നു. ജെയിംസ് കമ്മിറ്റിയുടെ ഇടപെടലിനെ തുടര്‍ന്ന് വീണ്ടും അവസരം നല്‍കി.
കരുണയിലെ പ്രവേശനവുമായി ബന്ധപ്പെട്ട് 75 പരാതികളാണ് കമ്മിറ്റിക്ക് ലഭിച്ചത്. പ്രവേശന മേല്‍നോട്ട സമിതിയുടെ നിര്‍ദേശങ്ങള്‍ പാലിക്കുന്നില്ല, ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ സ്വീകരിക്കുകയോ നിരസിക്കുകയോ ചെയ്തതായുള്ള അറിയിപ്പുകള്‍ ലഭിക്കുന്നില്ല തുടങ്ങി നിരവധി പരാതികള്‍ ലഭിച്ചിരുന്നു. അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജില്‍ രണ്ട് വെബ്‌സൈറ്റ് വഴി പ്രവേശനം നല്‍കിയതായി പരാതി ഉയര്‍ന്നു.
കമ്മിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് ജെ എം ജെയിംസിന്റെ സാന്നിധ്യത്തില്‍ അംഗങ്ങളായ ഡോ. ബി അശോക്, പ്രവേശന പരീക്ഷാ കമ്മീഷണര്‍ ബി എസ് മാവോജി, നിയമ സെക്രട്ടറി ബി ജി ഹരീന്ദ്രനാഥ് എന്നിവര്‍ മൂന്ന് ദിവസം വിശദമായി പരിശോധിച്ച ശേഷമാണ് ഉത്തരവിറക്കിയത്.

---- facebook comment plugin here -----

Latest