പോലീസുകാരന് ഹെല്‍മെറ്റ് കൊണ്ട് അടി; ജാമ്യം തള്ളി

Posted on: October 1, 2016 12:30 pm | Last updated: October 1, 2016 at 11:54 am

മഞ്ചേരി: ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനെ ഹെല്‍മെറ്റ് കൊണ്ട് അടിച്ച് പരുക്കേല്‍പ്പിച്ചുവെന്ന കേസില്‍ ഒളിവില്‍ കഴിയുന്ന പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി തള്ളി. കാടാമ്പുഴ രണ്ടത്താണി സ്വദേശികളായ പൂഴിക്കുന്നത്ത് ശമീര്‍, കുന്നത്തൊടി സുബൈര്‍ എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് ജില്ലാ സെഷന്‍സ് ജഡ്ജി എം ആര്‍ അനിത തള്ളിയത്. 2016 സെപ്തംബര്‍ 13ന് രാത്രി 9.30 ന് രണ്ടത്താണി ചന്തപ്പറമ്പിലാണ് സംഭവം. മറ്റത്തൂര്‍ കരിപ്പായി ശരീഫ് കേസിലെ മറ്റൊരു പ്രതിയാണ്. കാടാമ്പുഴ എസ് ഐ. മഞ്ജിത് ലാല്‍, കല്‍പകഞ്ചേരി അഡീഷനല്‍ എസ് ഐ അയ്യപ്പന്‍ എന്നിവര്‍ക്ക് ആക്രമണത്തില്‍ പരുക്കേറ്റിരുന്നു. വളാഞ്ചേരി സി ഐ കെ എം സുലൈമാന്‍ ആണ് കേസന്വേഷിക്കുന്നത്. സംഭവത്തെ തുടര്‍ന്ന് കേസിലെ ഒന്നാം പ്രതിയായ സമീറിന്റെ മാതാവ് മാറാക്കര കല്ലാര്‍ മംഗലം കരിങ്കപ്പാറ സൈനബ (48) മുഖ്യമന്ത്രിക്കും വനിതാ കമ്മീഷനും പരാതി നല്‍കിയിരുന്നു. പെരുന്നാളിനോടനുബന്ധിച്ച് തങ്ങള്‍ വാടക വീട് പൂട്ടി തറവാട്ടിലേക്ക് പോയ സമയം പോലീസെത്തി വീട് മറ്റൊരു താഴിട്ട് പൂട്ടുകയും മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷ, ബന്ധു വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന അംബാസഡര്‍ കാര്‍ എന്നിവ കൊണ്ടുപോയതായും പരാതിയില്‍ പറയുന്നു.