ചോരച്ചാലുകള്‍ മഷിക്കുപ്പി വഴി

Posted on: September 28, 2016 11:01 am | Last updated: September 28, 2016 at 11:01 am

Niyamasabhaചോരച്ചാലുകള്‍ രൂപപ്പെടുന്നത് എങ്ങിനെയെന്ന തര്‍ക്കം സഭാസ്തംഭനത്തിലാണ് ഇന്നലെ കലാശിച്ചത്. യൂത്ത് കോണ്‍ഗ്രസുകാര്‍ ചുവന്ന മഷികുപ്പി വഴിയാണ് ചോരച്ചാല്‍ നീന്തികടക്കുന്നതെന്ന് മുഖ്യമന്ത്രിയും മറ്റൊരാളുടെ രക്തം സ്വന്തം ദേഹത്ത് തേച്ച് പിടിപ്പിക്കുന്ന ഡി വൈ എഫ് ഐ രീതി തങ്ങള്‍ക്കില്ലെന്ന് പ്രതിപക്ഷനേതാവും നിലപാടെടുത്തപ്പോള്‍ സ്തംഭിക്കുന്നത് നോക്കി നില്‍ക്കുകയല്ലാതെ സ്പീക്കര്‍ക്ക് മുന്നിലും മറ്റുപോംവഴികളുണ്ടായിരുന്നില്ല.
ചോരച്ചാലുകള്‍ നീന്തിക്കയറി സഭയിലെത്തിയവരാണ് പലരും. മുഖ്യമന്ത്രിയുടെ ഭാഷയില്‍ ചുടുനിണം ഒഴുക്കിയവര്‍. അദ്ദേഹത്തിന്റെ പുറകില്‍ ഈ ഗണത്തില്‍ വരുന്ന പലരും ഇരിക്കുന്നുണ്ട്. പോലീസ് അക്രമിച്ചെന്ന് പറയാന്‍ ചുവന്ന മഷികുപ്പിയുമായി സമരത്തിന് വന്ന് നാണം കെട്ട ഒരു കൂട്ടര്‍ക്ക് വേണ്ടി അടിയന്തിരപ്രമേയം കൊണ്ടുവരാന്‍ നാണമില്ലേ എന്നായിരുന്നു മുഖ്യമന്ത്രിയുടെ ചോദ്യം. ശിവദാസമേനോന്റെ രക്തം സ്വന്തം മുഖത്ത് തേച്ച എന്‍ എന്‍ കൃഷ്ണദാസിന്റെ പാരമ്പര്യം അല്ല യൂത്ത്‌കോണ്‍ഗ്രസുകാര്‍ക്കെന്ന് രമേശ് ചെന്നിത്തലയും തിരിച്ചടിച്ചു. യൂത്ത് കോണ്‍ഗ്രസിനെക്കുറിച്ച് മതിപ്പുള്ളയാളാണ് മുഖ്യമന്ത്രി. അത് നഷ്ടപ്പെടാതിരിക്കണമെങ്കില്‍ തനിക്ക് നേരെ കരിങ്കൊടി കാട്ടിയവര്‍ യൂത്ത്‌കോണ്‍ഗ്രസുകാര്‍ അല്ലെന്ന് പറയണമെന്ന് മാത്രം. ചാനലുകള്‍ വാര്‍ത്തക്കൊപ്പം ആവശ്യം വേണ്ടതെല്ലാം വാടകക്ക് നല്‍കുന്നവരാണെന്ന വിവരവും മുഖ്യമന്ത്രിക്ക് കിട്ടിയിട്ടുണ്ട്. അപ്രകാരം ചാനലുകാര്‍ വാടകക്ക് നല്‍കിയ രണ്ടുപേരാണ് തനിക്ക് നേരെ കരിങ്കൊടി കാട്ടിയതെന്നും മുഖ്യമന്ത്രി.
മുഖ്യമന്ത്രി പറഞ്ഞ് തീര്‍ക്കും മുമ്പെ പ്രതിപക്ഷം ഇളകി. ഷാഫി പറമ്പില്‍, റോജി എം ജോണ്‍, ഹൈബി ഈഡന്‍ തുടങ്ങിയ യുവരക്തങ്ങള്‍ നടുത്തളത്തിലേക്ക് നീങ്ങി. മുഖ്യമന്ത്രി പറഞ്ഞത് പിന്‍വലിക്കണമെന്നായിരുന്നു ആവശ്യം. അത് മനസില്‍വെച്ചാല്‍ മതിയെന്ന് പിണറായിയുടെ മറുപടി.
പാര്‍ട്ടി മീറ്റിംഗിലും തെരുവിലും ഉപയോഗിക്കുന്ന ഭാഷ നിയമസഭയില്‍ വേണ്ടെന്നായി രമേശ് ചെന്നിത്തല. മഹാരഥന്മാര്‍ ഇരുന്ന കസേരയിലാണ് പിണറായി ഇരിക്കുന്നതെന്ന ഓര്‍മ്മ നല്ലതാണെന്നും അദ്ദേഹം ഉപദേശിച്ചു. ആദ്യം അനുയായികളെ അനുസരണം പലിശീപ്പിക്കണമെന്ന് മുഖ്യമന്ത്രിയും തിരിച്ചടിച്ചു. യൂത്ത് കോണ്‍ഗ്രസിന് പിണറായിയുടെ സര്‍ട്ടിഫിക്കറ്റ് വേണ്ടെന്നായി രമേശ്. പാര്‍ട്ടി കമ്മറ്റിയിലെ ഭാഷ സഭയുടെ അന്തസിന് ചേര്‍ന്നതല്ല. പിണറായിയുടെ സര്‍ട്ടിഫിക്കറ്റ് പ്രതിപക്ഷത്തിന് വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ചോദ്യോത്തരവേളയില്‍ ക്യാമറ കണ്ട് ബാനര്‍ ഉയര്‍ത്തിയവര്‍ അവര്‍ പോയതോടെ എന്ത് കൊണ്ട് താഴെ ഇട്ടെന്നായി മുഖ്യമന്ത്രിയുടെ ചോദ്യം. വാക്കുകളുടെ ഏറ്റുമുട്ടല്‍ പിന്നെ പോര്‍വിളിയിലേക്ക് നീങ്ങി.