രക്തസാക്ഷിയുടെ കുടുംബത്തിന് സാന്ത്വനമായി ജനറല്‍ ശൈഖ് മുഹമ്മദും ശൈഖ് സൈഫുമെത്തി

Posted on: September 25, 2016 2:31 pm | Last updated: September 25, 2016 at 2:31 pm
SHARE

dubaiദുബൈ: യമനില്‍ ഹൂത്തികള്‍ക്കെതിരായ സൈനിക നീക്കത്തിനിടെ രക്തസാക്ഷിയായ യു എ ഇ സൈനികന്‍ സഈദ് അന്‍ബാര്‍ ജുമാ അല്‍ ഫലാസിയുടെ കുടുംബത്തിന് സാന്ത്വനമേകാന്‍ യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന് പുറമെ അബുദാബി കിരീടാവകാശിയും യു എ ഇ സായുധസേനാ ഉപമേധാവിയുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാനും യു എ ഇ അഭ്യന്തര മന്ത്രി ശൈഖ് സൈഫ് ബിന്‍ സായിദ് അല്‍ നഹ്‌യാനും എത്തി.അല്‍ വാസല്‍ ഡിസ്ട്രികിലെ മജ്‌ലിസിലെത്തിയാണ് ഭരണാധികാരികള്‍ കുടുംബാംഗങ്ങളെ അനുശോചനമറിയിച്ചത്. കുടുംബാംഗങ്ങള്‍ക്ക് സഹനശക്തി നല്‍കാനും രാജ്യത്തിന് വേണ്ടി ജീവന്‍ ത്യജിച്ച രക്തസാക്ഷിക്ക് അല്ലാഹുവിന്റെ പക്കല്‍ നിന്ന് തക്ക പ്രതിഫലം ലഭിക്കാനും ഇരുവരും പ്രാര്‍ഥിച്ചു. ദുബൈ കിരീടാവകാശിയും എക്‌സിക്യുട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം, ദുബൈ പ്രോട്ടോകോള്‍ ആന്‍ഡ് ഹോസ്പിറ്റാലിറ്റി ഡിപ്പാര്‍ട്‌മെന്റ് ഡയറക്ടര്‍ ജനറല്‍ ഖലീഫ സഈദ് സുലൈമാന്‍ എന്നിവരും ശൈഖ് മുഹമ്മദിനൊപ്പമുണ്ടായിരുന്നു. വെള്ളിയാഴ്ച രാത്രിയാണ് ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാനെത്തിയത്. യു എ ഇ സാംസ്‌കാരിക-വിജ്ഞാന വികസന മന്ത്രി ശൈഖ് നഹ്‌യാന്‍ ബിന്‍ മുബാറക് അല്‍ നഹ്‌യാന്‍, അബുദാബി ക്രൗണ്‍ പ്രിന്‍സ് കോര്‍ട് രക്തസാക്ഷി കുടുംബ ക്ഷേമ ഓഫീസ് ഡയറക്ടര്‍ ശൈഖ് ഖലീഫ ബിന്‍ തഹ്‌നൂന്‍ ബിന്‍ മുഹമ്മദ് അല്‍ നഹ്‌യാന്‍, അബുദാബി ക്രൗണ്‍ പ്രിന്‍സ് കോര്‍ട് അണ്ടര്‍ സെക്രട്ടറി മുഹമ്മദ് മുബാറക് അല്‍ മസ്‌റൂഇ എന്നിവരും ജനറല്‍ ശൈഖ് മുഹമ്മദിനൊപ്പം കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചു.