ഗോവിന്ദച്ചാമിക്ക് തുണയായത് കൊച്ചി ആസ്ഥാനമായ ക്രിസ്ത്യന്‍ മിഷനറി; രക്ഷക്ക് പ്രത്യേക പ്രാര്‍ഥന

Posted on: September 17, 2016 7:18 am | Last updated: September 17, 2016 at 2:14 pm
SHARE

govindachamy_1688451fതൃശൂര്‍: പ്രമാദമായ സൗമ്യ വധക്കേസില്‍ പ്രതിയായ ഗോവിന്ദച്ചാമിക്ക് ആവശ്യമായ സാമ്പത്തിക-നിയമ സഹായങ്ങള്‍ ലഭിച്ചത് മതപരിവര്‍ത്തനത്തെ തുടര്‍ന്ന്. കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു ക്രിസ്ത്യന്‍ മിഷനറിയാണ് എല്ലാ സഹായങ്ങളും നല്‍കിയതെന്നാണ് സൂചന.
ഗോവിന്ദച്ചാമിക്ക് സുപ്രീം കോടതി വധശിക്ഷ ഇളവ് ചെയ്തതിന് ഉപകാര സ്മരണയായി നാളെ ഈ മിഷനറിയുടെ മുഴുവന്‍ ശാഖകളിലും പ്രത്യേക പ്രാര്‍ഥന നടക്കുമെന്നും വിവരമുണ്ട്. ഗോവിന്ദച്ചാമിക്ക് വേണ്ടി ബിജു ആന്റണിയെന്ന ബി എ ആളൂരുള്‍പ്പെടെയുള്ള പ്രമുഖ അഭിഭാഷകരെ ലക്ഷങ്ങള്‍ ഫീസ് നല്‍കി തരപ്പെടുത്തിക്കൊടുത്തതും ഈ മിഷനറി സംഘമാണ്.
2007ല്‍ ഗോവിന്ദച്ചാമി ക്രിസ്തുമതം സ്വീകരിച്ച് ചാര്‍ലി തോമസെന്ന പേര് സ്വീകരിച്ചിരുന്നു. സൗമ്യ വധക്കേസില്‍ 2011 ഫെബ്രുവരി രണ്ടിന് ഇയാള്‍ പിടിയിലായ സമയത്ത് ചാര്‍ലി തോമസ് എന്ന പേരാണ് ചേലക്കര പോലീസിന് നല്‍കിയിരുന്നത്.
എന്നാല്‍ തത്പരകക്ഷികളായ ചില ഉന്നതര്‍ ഇടപെട്ടതിന്റെ ഫലമായി പിന്നീട് ഗോവിന്ദച്ചാമിയെന്ന പേരില്‍ തന്നെ ഇയാള്‍ അറിയപ്പെടുകയായിരുന്നു. ഈ മിഷനറിയുടെ കോയമ്പത്തൂരിലെ തമിഴ്‌നാട് കേന്ദ്രമായിരുന്നു ഗോവിന്ദച്ചാമിയെ മതം മാറ്റുന്നതിന് നേതൃത്വം നല്‍കിയത്. സംഘത്തില്‍പെട്ട ആരെങ്കിലും ഏതെങ്കിലും കേസില്‍ പിടിയിലായാല്‍ രക്ഷപ്പെടുത്തുന്നതിന് സര്‍വ സഹായങ്ങളും ആകാശപ്പറവകളുടെ നേതൃത്വത്തില്‍ ഒരുക്കാറുണ്ട്.
ആഗോള തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ സംഘടനയുടെ ദേശീയ തലസ്ഥാനം മുംബൈ ആണ്. സംസ്ഥാനത്ത് മാത്രം 20,000 ല്‍ പരം അംഗങ്ങള്‍ ഇവര്‍ക്കുണ്ട്. സംഘാംഗങ്ങളില്‍ നിന്നുള്ള സംഭാവന, വിദേശ പണം എന്നിവയിലൂടെയാണ് ഈ മിഷനറി സംഘം പ്രവര്‍ത്തന ഫണ്ട് കണ്ടെത്തുന്നത്. ഭിക്ഷാടകരെയും കുറ്റവാളികളെയുമാണ് ഇവര്‍ പ്രധാനമായും മതം മാറ്റുന്നത്. പിന്നീട് ഇവര്‍ നേരിടുന്ന പ്രതിസന്ധികളിലെല്ലാം സംഘടന ഒപ്പമുണ്ടാകും. ഗോവിന്ദച്ചാമി തമിഴ്‌നാട്ടില്‍ മറ്റു കേസുകളില്‍ പെട്ടപ്പോഴും ഇതേ സംഘമാണ് രക്ഷപ്പെടുത്തിയത്. സുപ്രീം കോടതി ഇയാളുടെ ശിക്ഷ ലഘൂകരിച്ചതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് മിഷനറിയുടെ ശാഖകളില്‍ കഴിഞ്ഞ ദിവസം മധുര വിതരണവും നടന്നിരുന്നു.—
ഞായറാഴ്ചകളില്‍ സൗജന്യ ഭക്ഷണ വിതരണം നടത്തിയാണ് ജയില്‍പ്പുള്ളികളെ ഇവര്‍ സംഘടനയിലേക്ക് ആകര്‍ഷിക്കുന്നത്. അനാഥരും അഗതികളുമായ തടവുകാരാണ് പലപ്പോഴും ഇവരുടെ സംഘത്തില്‍ ചേരുന്നത്. മിഷനറിക്ക് കീഴില്‍ സംസ്ഥാനത്ത് എട്ടോളം അഗതി മന്ദിരങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടങ്ങളിലും നാളെ പ്രത്യേക പ്രാര്‍ഥന നടക്കും. വിചാരണക്കോടതി വധശിക്ഷ വിധിച്ചതിനെ തുടര്‍ന്ന് 2012 നവംബര്‍ 12 മുതല്‍ ഗോവിന്ദച്ചാമി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലായിരുന്നു.
സാധാരണഗതിയില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിലെത്തുന്ന തടവുകാര്‍ അനുഭവിക്കുന്ന മാനസിക സമ്മര്‍ദങ്ങളൊന്നും ഗോവിന്ദച്ചാമിയില്‍ തുടക്കത്തിലേ കണ്ടിരുന്നില്ല. വധശിക്ഷയില്‍ നിന്ന് ഇയാളെ രക്ഷിക്കാന്‍ പ്രത്യേക സംഘം തുടക്കത്തിലേ ശ്രമം നടത്തിയതിന്റെ പ്രകടമായ സൂചനയായി വേണം ഇതിനെ കാണാന്‍. അതേസമയം, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ മാത്രം നടത്തുന്ന സംഘടനയാണിതെന്നാണ് സംഘാംഗങ്ങള്‍ പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here