റേഷന്‍കടകളില്‍ കമ്പ്യൂട്ടര്‍ സംവിധാനം വരുന്നു

Posted on: September 14, 2016 10:59 am | Last updated: September 14, 2016 at 10:59 am

computerആലപ്പുഴ: പൊതുവിതരണ സമ്പ്രദായത്തിലെ അഴിമതി അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ കര്‍ശന നടപടികള്‍ ആരംഭിച്ചു. ഇതിന്റെ ഭാഗമായി റേഷന്‍കടകളില്‍ നിന്ന് ഉപഭോക്താക്കള്‍ക്ക് കൃത്യമായ അളവില്‍ സാധനങ്ങള്‍ ലഭിക്കുന്നുണ്ടെന്നുറപ്പാക്കാന്‍ കമ്പ്യൂട്ടര്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്ന് മന്ത്രി പി തിലോത്തമന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. റേഷന്‍വ്യാപാരികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും നടപടി സ്വീകരിക്കുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. എഫ് സി ഐ അരിവിതരണത്തില്‍ നിന്ന് സ്വകാര്യ ഏജന്‍സികളെ ഒഴിവാക്കും. ഈ മേഖലയിലെ ഇടനിലക്കാരുടെ ചൂഷണവും അവസാനിപ്പിക്കും. ആറ് മാസത്തിനകം ദേശിയ ഭക്ഷ്യ സുരക്ഷാ നിയമം സര്‍ക്കാര്‍ പൂര്‍ണമായും നടപ്പാക്കും. ഇതിന്റെ ഭാഗമായി റേഷന്‍കാര്‍ഡ് വിതരണവും പൂര്‍ത്തിയാക്കും. റേഷന്‍കടകള്‍ ആധുനിക വത്കരിക്കാന്‍ നടപടി സ്വീകരിക്കും. വിലക്കയറ്റമില്ലാത്ത സുഭിക്ഷമായ ഓണവും ബലിപെരുന്നാളും സമ്മാനിച്ച് എല്‍ ഡി എഫ് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം പാലിച്ചുവെന്നും മന്ത്രി പറഞ്ഞു.
വിപണി ഇടപെടലിന്റെ ഭാഗമായി വിലക്കയറ്റവും പൂഴ്ത്തിവെപ്പും തടയുന്നതിന് താലൂക്ക് സപ്ലൈ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധനയും നടന്നുവരുന്നുണ്ട്. സപ്ലൈകോ ഔട്ട്‌ലെറ്റുകളിലും മാവേലി സ്റ്റോറുകളിലും വന്‍തോതില്‍ സാധനം നല്‍കുന്നുമുണ്ട്. നിത്യോപയോഗ സാധനങ്ങളുടെ വില പിടിച്ചുനിര്‍ത്തുന്നതിനായി പല ഭക്ഷ്യോത്പന്നങ്ങളും അവ കൃഷിചെയ്യുന്ന സ്ഥലങ്ങളില്‍ പോയാണ് സംഭരിക്കുന്നത്. അരി വില കൂട്ടാനുള്ള ആന്ധ്രാ വ്യാപാരികളുടെ ശ്രമം തകര്‍ന്നത് മന്ത്രി നേരിട്ടെത്തി ഇടപെട്ടതോടെയാണ്.