പരിസ്ഥിതി സാക്ഷരതയിലേക്ക് ഒരു ചുവടുകൂടി

Posted on: September 8, 2016 6:00 am | Last updated: September 7, 2016 at 11:50 pm

environmentകേവല സാക്ഷരത നേടുക എന്നതായിരുന്നു സക്ഷരതാ യജ്ഞത്തിന്റെ പ്രധാന ലക്ഷ്യം. ഒരു വര്‍ഷത്തെ ജനകീയ പ്രവര്‍ത്തനത്തിലൂടെ ആ ലക്ഷ്യം കൈവരിക്കാന്‍ നമുക്ക് കഴിഞ്ഞു. അതുകൊണ്ടുതന്നെ സാക്ഷരതയിലും സ്ത്രീ സാക്ഷരതയിലും വികസിത രാഷ്ട്രങ്ങള്‍ക്കൊപ്പമെത്താന്‍ കേരളത്തിനുകഴിഞ്ഞിട്ടുണ്ട്. തുടര്‍സാക്ഷരതാ രംഗത്ത് ശ്രദ്ധപതിപ്പിക്കാനാണ് പിന്നീട് കേരളം ശ്രദ്ധിച്ചത്. തൊഴില്‍ സാക്ഷരതയടക്കം നിരവധി പ്രാഥമിക സാക്ഷരതാ മേഖലകളില്‍ തുടര്‍ സാക്ഷരതാ പ്രവര്‍ത്തനം നടന്നു കൊണ്ടിരിക്കുന്ന പശ്ചാതലത്തിലാണ് ഈ വര്‍ഷത്തെ സാക്ഷരതാ ദിനം(സെപ്തംബര്‍ എട്ട്) വരുന്നത്. ഈ കാലയളവില്‍ പ്രാഥമികമായും നാം ആര്‍ജിക്കേണ്ട പ്രധാന ആശയമാണ് പരിസ്ഥിതി സാക്ഷരത. അതുകൊണ്ടുതന്നെ 2016 സെപ്തംബര്‍ എട്ട് മുതല്‍ 2017 സെപ്തംബര്‍ എട്ട് വരെ പരിസ്ഥിതി സാക്ഷരതാ യജ്ഞമായി നാം ആചരിക്കുകയാണ്. പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് നടക്കും. കേരളത്തിലെ എല്ലാ താലൂക്ക് തലങ്ങളിലും ഒരേ സമയം പരിസ്ഥിതി സാക്ഷരതയെ കുറിച്ച് ചര്‍ച്ച നടക്കും.
പ്രകൃതിയും – മനുഷ്യനും, മനുഷ്യനും – മനുഷ്യനും, മനുഷ്യനും – ഇതര ജീവികളും തമ്മില്‍ സ്ഥൂലവും സൂക്ഷ്മവുമായ നിരവധി ബന്ധങ്ങളുണ്ട്. മൗലികമായ ഈ ബന്ധങ്ങള്‍ ശാശ്വതമായി നിലനില്‍ക്കുമ്പോഴാണ് പരിസ്ഥിതി സന്തുലനം സാധ്യമാകുക. പരിസ്ഥിതി സന്തുലനമാണ് പ്രകൃതിയുടെ നിലനില്‍പ്പിന് ആധാരം. ഈ സന്തുലനം നിലനിര്‍ത്തുക എന്നതാണ് മനുഷ്യന്റെ കടമ. പരിസ്ഥിതി സന്തുലനത്തെ തെറ്റിക്കുവാന്‍ ശ്രമിക്കുന്ന ഭൂമിയിലെ ഏക ജനുസ്സ് മനുഷ്യന്‍ മാത്രമാണ്. ഈ ശാസ്ത്ര ബോധമില്ലാതെ (സാക്ഷരതയില്ലാതെ) മനുഷ്യന്‍ പ്രവര്‍ ത്തിക്കുന്നതിന്റെ ഫലമായിട്ടാണ് കാലാവസ്ഥാ വ്യതിയാനവും കാര്‍ഷിക തകര്‍ച്ചയും മാരകരോഗങ്ങളുടെ വളര്‍ച്ചയും എല്ലാം ഉണ്ടാകുന്നത്. ഈ കാര്യത്തില്‍ ഗുരുതരമായ അവസ്ഥയിലാണ് കേരളം. കാലാവസ്ഥാ വ്യതിയാനം കാര്‍ഷിക രംഗത്ത് ഏറ്റവും പ്രതികൂലമായി ബാധിച്ച പ്രദേശമാണ് കേരളം. ഭക്ഷണ ശീലങ്ങളിലും ജീവിത ശൈലിയിലും വലിയ മാറ്റമുണ്ടായ ജനതയാണ് കേരളത്തിലേത്. അതുകൊണ്ടുതന്നെ രോഗാതുരതയില്‍ നാം വളരെ മുന്നിലായിരിക്കുന്നു. നാം നേടിയ അത്ഭുത നേട്ടങ്ങളെല്ലാം നഷ്ടപ്പെടുമോ എന്ന ഭീതിയിലാണ് കേരളം മുന്നോട്ടുപോകുന്നത്. ഈ ഭീഷണിയില്‍ നിന്നും മോചനത്തിനുള്ള വഴിയാണ് പരിസ്ഥിതി സാക്ഷരത.
ചുറ്റുമുള്ള പരിസ്ഥിതിയെക്കുറിച്ച് ബോധവത്കരിച്ചുകൊണ്ടാണ് പരിസ്ഥിതി സാക്ഷരതാ യജ്ഞം ആരംഭിക്കുന്നത്. ഒരു പരിധിവരെ മലയാളികളെല്ലാം പരിസ്ഥിതി നിരക്ഷരരാണ്. കേരളത്തില്‍ വര്‍ത്തമാനകാല ദുരന്തങ്ങളില്‍ നിന്ന് മോചനം നേടാനുള്ള ബഹുജന പരിപാടിയാണ് പരിസ്ഥിതി സാക്ഷരതാ യജ്ഞം. ചുറ്റുപാടിന്റെ ശാസ്ത്രീയതയെക്കുറിച്ചുള്ള ശാസ്ത്രാവബോധത്തില്‍നിന്നു തുടങ്ങുമ്പോള്‍ മാറ്റങ്ങള്‍ സൃഷ്ടിക്കാമെന്ന് സര്‍ക്കാര്‍ കരുതുന്നു. പ്രകൃതിയുടെ അടിസ്ഥാനമായ സന്തുലനം നമുക്ക് ചുറ്റുമുള്ള എല്ലാ പ്രദേശങ്ങളിലും കാണാന്‍ കഴിയും. ആവാസവ്യവസ്ഥ എന്നു പറയുന്നത് ഇതാണ്. പ്രകൃതിസന്തുലനത്തിന്റെ ഉത്തമ പ്രതീകമാണ് ആവാസവ്യവസ്ഥ. ആവാസവ്യവസ്ഥയെ സംരക്ഷിക്കാനുള്ള ബോധമുണ്ടെങ്കില്‍ പരിസ്ഥിതി സാക്ഷരതയുണ്ടെന്ന് പറയാം. ചുരുങ്ങിയത് ഈ അവസ്ഥയെങ്കിലും മുഴുവന്‍ ജനങ്ങളിലുമെത്തിക്കാന്‍ കഴിയത്തക്കവിധമാണ് യജ്ഞം മുന്നോട്ടുപോകേണ്ടത്. വളരെ മൗലികമായ പരിസ്ഥിതിബോധം സൃഷ്ടിക്കുക എന്നതിനപ്പുറം സന്തുലിതവും ശാസ്ത്രീയവുമായ പരിസ്ഥിതി ബോധമുണ്ടാക്കുക എന്നതാണ് ലക്ഷ്യം.
ഒരു ആവാസവ്യവസ്ഥയില്‍ നാല് തരം ജനുസ്സുകള്‍ ഉണ്ട്. ഭക്ഷണമുണ്ടാക്കുന്ന ഹരിതനിറം നല്‍കുന്ന സസ്യങ്ങള്‍, ഈ ഭക്ഷണം എടുക്കുന്ന സസ്യഭുക്കുകള്‍, മാംസഭുക്കുകള്‍ എന്നിവക്കുശേഷം മൃതഭോജികള്‍. ഈ ശൃംഖല സന്തുലിതമാകുമ്പോഴാണ് ശുദ്ധമായ ആവാസവ്യവസ്ഥ നിലനില്‍ക്കുന്നത്. നല്ല വെള്ളവും ഭക്ഷണവും അപ്പോഴാണ് ലഭ്യമാകുക. ഈ തിരിച്ചറിവില്ലാതെ ആവാസവ്യവസ്ഥയെ നശിപ്പിക്കുമ്പോള്‍ ജീവിതരീതിയും ജീവിതവും താറുമാറാകും. ആധുനികത, പുരോഗമനം എന്നത് ആവാസവ്യവസ്ഥയുടെ സന്തുലനം നിലനിര്‍ത്തിക്കൊണ്ടുള്ള ഗുണപരമായ മാറ്റങ്ങളാകണം. പ്രകൃതിയില്‍ നിന്ന് വല്ലാതെ അകന്നുപോകുന്നതാണ് വികസനം എന്ന തെറ്റായബോധം കമ്പോളസംസ്‌കാരം നമുക്ക് നല്‍കി കഴിഞ്ഞിട്ടുണ്ട്. ഉപഭോഗ സംസ്‌കാരമാണ് പുരോഗമനം, വികസനം എന്ന ചിന്ത തെറ്റാണ്. പ്രാദേശിക സംസ്‌കാരവും വിഭവങ്ങളുമാണ് ശരീരത്തിന് ആരോഗ്യം നല്‍കുന്നത്. കാലാവസ്ഥ അനുസരിച്ചാണ് ഭക്ഷണ ജീവിത രീതികള്‍. പക്ഷേ മാധ്യമങ്ങളുടെയും പരസ്യങ്ങളുടെയും അമിത സ്വാധീനം മൂലം തെറ്റായ ഭക്ഷണരീതി വളര്‍ന്നുവരുന്നു. ഇത് മാരകരോഗങ്ങളിലേക്കുള്ള വഴിമരുന്നാണ്. പുതിയ തലമുറയെ ഈ അപകടത്തില്‍ നിന്നും രക്ഷിക്കേണ്ടതുണ്ട്. ആരോഗ്യ രംഗത്ത് നമുക്ക് മുന്നേറുവാന്‍ പരിസ്ഥിതി സാക്ഷരത ആവശ്യമാണ്. വികസനത്തിന്റെ അടിത്തറ തന്നെ ആരോഗ്യമുള്ള ജനതയാണ്.