പൊതുമാപ്പവസരം തേടി പ്രവാസികള്‍; രേഖകളും ടിക്കറ്റുമില്ലാതെ നിരവധി പേര്‍

Posted on: September 3, 2016 7:47 pm | Last updated: September 5, 2016 at 11:07 pm
SHARE
വ്യാഴാഴ്ച പൊതുമാപ്പ് തേടിയെത്തിയവരുടെ തിരക്ക്‌
വ്യാഴാഴ്ച പൊതുമാപ്പ് തേടിയെത്തിയവരുടെ തിരക്ക്‌

ദോഹ: രാജ്യത്ത് നിയമവിരുദ്ധമായി തങ്ങുന്നവര്‍ക്ക് നിയമനടപിടകള്‍ക്കു വിധേയരാകാതെ നാട്ടിലേക്കു മടങ്ങാനായി അനുവദിച്ച പൊതുമാപ്പ് ഉപയോഗിക്കാന്‍ ആദ്യം ദിവസം തന്നെ വിവിധ രാജ്യക്കാര്‍ അപേക്ഷകളുമായെത്തി. തൊഴിലുടമയില്‍നിന്നും കമ്പനികളില്‍നിന്നും ഒളിച്ചോടി മറ്റു ജോലികള്‍ നോക്കിയവരും രേഖകളൊന്നുമില്ലാതെയും ജോലിക്കു പോകാനാകാതെയും രാജ്യത്ത് തങ്ങിയവരുമാണ് ഏറെയും. അനധികൃത വാസത്തിന്റെ കയ്‌പേറിയ നാളുകളില്‍നിന്നും മോചനം നേടുന്നതിലെ ആശ്വാസത്തിലാണ് തൊഴിലാളകിള്‍ ആഭ്യന്തര മന്ത്രാലയം സെര്‍ച്ച് ആന്‍ഡ് ഫോളോ അപ്പ് വിഭാഗത്തിലെത്തിയത്.
വ്യാഴാഴ്ച ഉച്ച കഴിഞ്ഞ് രണ്ടിന് ആദ്യ ദിവസത്തെ അപേക്ഷ സ്വീകരിക്കല്‍ ആരംഭിക്കുമ്പോള്‍ തന്നെ ഓഫീസിനു മുന്നില്‍ നീണ്ടനിര പ്രത്യക്ഷപ്പെട്ടിരുന്നു. നല്ലൊരു ശതമാനം വിദേശ തൊഴലാളികളും മതിയായ രേഖകളോ വിമാന ടിക്കറ്റോ ഇല്ലാതെയാണ് എത്തിയത്. ചിലരെങ്കിലും വിവരം അന്വേഷിക്കാനായാണ് എത്തിയത്. രേഖകളുമായി എത്തിവരെ വരി നിര്‍ത്തിയാണ് ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥര്‍ നടപടിക്രമങ്ങള്‍ നിര്‍വഹിച്ചത്. രേഖകള്‍ പൂര്‍ത്തിയാക്കാതെ എത്തിയവരെ തിരിച്ചയച്ചു. പലര്‍ക്കും ഏതെല്ലാം രേഖകളാണ് കൊണ്ടു വരേണ്ടതെന്ന് അറിയില്ലായാരുന്നു. ആഭ്യന്തര മന്ത്രാലയം വിവിധ ഭാഷകളില്‍ അറിയിപ്പുകള്‍ സോഷ്യല്‍ മീഡിയ വഴിയും മറ്റും പ്രചരിപ്പിച്ചിട്ടുണ്ടെങ്കിലും ഇതൊന്നും അറിയാതെയെത്തിയവരും നിരവധിയുണ്ട്.
തൊഴിലെടുത്ത സ്ഥാപനങ്ങളില്‍നിന്നും ശമ്പളമില്ലായ്മയുള്‍പ്പെടെയുള്ള വിവിധ രീതിയിലുള്ള പ്രയാസങ്ങളെത്തുടര്‍ന്ന് ഒളിച്ചു പോരേണ്ടി വന്നുവെന്നാണ് രാജ്യത്ത് നിയമവിരുദ്ധരായി താമസിക്കേണ്ടി വന്നവരില്‍ നല്ലൊരു ശതമാനവും പറയുന്നതെന്ന് ദോഹ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. വിസ സ്‌കീമുകള്‍ ഉപയോഗിച്ച് രാജ്യത്തു വരികയും ശേഷം അവിടെ നിന്നും ചാടി രേഖകളൊന്നുമില്ലാതെ രാജ്യത്തു തുടരുകയും ചെയ്തവരും പൊതുമാപ്പ് തേടിയെത്തിയവരിലുണ്ട്. രണ്ടു വര്‍ഷം നല്ല നിലയില്‍ രാജ്യത്തു ജോലി ചെയ്തുവെന്നും എന്നാല്‍ ശേഷം തൊഴിലുടമയുടെ ശാരീരിക പീഡനം സഹിക്കാനാകാതെ അവിടെ നിന്നും രക്ഷപ്പെടേണ്ടി വന്നുവെന്നും ഭാഗ്യത്തിന് തന്റെ പാസ്‌പോര്‍ട്ട് കൈവശമുണ്ടായിരുന്നുവെന്നും ബംഗ്ലാദേശ് സ്വദേശി ജാവേദ് ചൗധരി പറഞ്ഞു.
വിസ തട്ടിപ്പില്‍ കുടുങ്ങിയെത്തിയ കഥയാണ് മറ്റൊരു ബംഗ്ലേദശുകാരനായ സിറാജുല്‍ ഇസ്‌ലാം റഹ്മത്തുല്ല പറയുന്നത്. 17,647 റിയാലിനു തുല്യമായ തുക വിസക്കു നല്‍കി ഇവിടെയെത്തിയപ്പോഴാണ് വ്യാജ ബിസിനസ്‌മെന്‍ വിസയാണെന്നു മനസ്സിലാകുന്നത്. ഒരു ഇടനിലക്കാരന്‍ കബളിപ്പിച്ചതായിരുന്നു. പണം നഷ്ടപ്പട്ടെതിനാല്‍ തിരിച്ചു പോകാതെ നിയമവിരുദ്ധമായി മറ്റു ജോലികള്‍ ചെയ്തുവന്നു. പൊതുമാപ്പുണ്ടെന്നു കേട്ടപ്പോള്‍ എത്തിയതാണ്. ടിക്കറ്റും സറണ്ടര്‍ ലറ്ററും തയാറാക്കിയാണ് അദ്ദേഹം എത്തിയത്. ഇടനിലക്കാരെ ആരെയും വിശ്വസിക്കരുതെന്നും നമ്മുടെ ജീവിതം വെച്ചാണ് അവര്‍ കളിക്കുന്നതെന്നും ഇപ്പോള്‍ കിട്ടിയ അവസരത്തില്‍ സ്വന്തം നാട്ടിലേക്കു പോകുകയാണെന്നും അദ്ദേഹം പറയുന്നു. പാസ്‌പോര്‍ട്ടില്ലാത്തവരും ടിക്കറ്റെടുക്കാന്‍ പണമില്ലാത്തവരും ആദ്യദിവസം പൊതുമാപ്പു തേടിയെത്തി. എതോപ്യക്കാരിയായ ഐകല്‍ സെയ്ദ് മുഹമ്മദിന് പാസ്‌പോര്‍ട്ടും ടിക്കറ്റുമില്ലായിരുന്നു. ശമ്പളം കൃത്യമായി ലഭിക്കാത്തതിനെത്തുടര്‍ന്നാണ് ക്ലീനിംഗ് തൊഴിലാളിയായിരുന്ന അവര്‍ തൊഴിലുടമയില്‍നിന്നും ഒളിച്ചോടിയത്. പാസ്‌പോര്‍ട്ട് നല്‍കാന്‍ ഉടമ തയാറായിരുന്നില്ല. ടിക്കറ്റിനു പണമില്ലാത്ത പലരും നിയമവിരുദ്ധമായി ജോലി ചെയ്ത് പണമുണ്ടാക്കാനുള്ള തീരുമാനത്തിലുമാണ്.
മതിയായ രേഖകളും ടിക്കറ്റുമായി എത്തുന്നവര്‍ക്ക് സ്വന്തം നാടുകളിലേക്കു പോകാന്‍ മികച്ച അവസരമാണ് പൊതുമാപ്പെന്ന് ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥര്‍ പറഞ്ഞു. ജനങ്ങളെ അവരുടെ സ്വന്തം നാട്ടിലേക്കു പോകാന്‍ തങ്ങള്‍ പരമാവധി സഹായിക്കുകയാണ്. സുഹൃത്തുക്കള്‍ മുഖേനയോ മറ്റോ യാത്രാ ടിക്കറ്റ് എടുക്കേണ്ട ഉത്തരവാദിത്തം അവര്‍ക്കാണ്. എല്ലാ രേഖകളും കൈവശമുണ്ടെങ്കില്‍ ഒരു പ്രയാസവുമില്ലാതെ പെട്ടെന്ന് നടപടി പൂര്‍ത്തിയക്കാമെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.
അടുത്ത ദിവസങ്ങളില്‍ പൊതുമാപ്പ് തേടി കൂടുതല്‍ പേരെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിവിധ രാജ്യക്കാരെ സഹായിക്കാനായി അതതു രാജ്യങ്ങളുടെ സാമൂഹിക പ്രവര്‍ത്തകര്‍ സേവനം നല്‍കുന്നുണ്ട്. ഐ സി സിയുടെ നേതൃത്വത്തില്‍ ഇന്ത്യക്കാര്‍ക്കു സഹായം നല്‍കാന്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം, ആദ്യ ദിവസം കൂടുതല്‍ ഇന്ത്യക്കാര്‍ മൊതുമാപ്പ് തേടി എത്തിയില്ലെന്നാണ് വിവരം.