വിഎസിന് പദവി നല്‍കിയതാണ് സര്‍ക്കാറിന്റെ പ്രധാന നേട്ടമെന്ന് ഉമ്മന്‍ചാണ്ടി

Posted on: September 2, 2016 1:30 pm | Last updated: September 2, 2016 at 10:39 pm

oommen chandi2തിരുവനന്തപുരം: വിഎസ് അച്യുതാനന്ദനെ ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനാക്കിയതാണ് എല്‍ഡിഎഫ് സര്‍ക്കാറിന്റെ 100 ദിവസത്തെ പ്രധാന നേട്ടമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മാധ്യമസെക്രട്ടറിയും മാധ്യമ ഉപദേഷ്ടാവുമുണ്ടായിട്ടും മുഖ്യമന്ത്രിയും മാധ്യമങ്ങളും തമ്മിലുള്ള അകലം കൂടിക്കൊണ്ടിരിക്കുകയാണ്.

മദ്യനയം തിരുത്തി മദ്യവ്യാപാരികളെ സഹായിക്കാനാണ് സര്‍ക്കാര്‍ നീക്കം. സ്വാശ്രയ മെഡിക്കല്‍ സ്ഥാപനങ്ങളില്‍ കഴിഞ്ഞ തവണ നാമമാത്രമായി ഫീസ് വര്‍ധിപ്പിച്ചപ്പോള്‍ സമരം ചെയ്തവരാണ് ഇപ്പോള്‍ ഫീസില്‍ വന്‍ വര്‍ധന വരുത്തിയിരിക്കുന്നത്. അതുകൊണ്ട് മുന്‍കാല സമരങ്ങള്‍ തെറ്റായിപ്പോയെന്ന് പറയാനുള്ള ആര്‍ജ്ജവം സിപിഎം കാണിക്കണം.

യുഡിഎഫ് സര്‍ക്കാര്‍ തുടങ്ങിവെച്ച പദ്ധതികള്‍ തുടരാനുള്ള തീരുമാനം സ്വാഗതാര്‍ഹമാണ്. നല്ലത് ചെയ്താല്‍ യുഡിഎഫ് പിന്തുണക്കും. റെയില്‍വേയുമായി ഒപ്പുവെച്ച കരാര്‍ തുടരാനുള്ള തീരുമാനവും സ്റ്റുഡന്റ്‌സ് എന്റര്‍പ്രണഷിപ്പ് പദ്ധതി തുടരാനുള്ള തീരുമാനവും സ്വാഗതാര്‍ഹമാണ്. എന്നാല്‍ യുഡിഎഫ് തുടക്കമില്ല മലയോര ഹൈവേ ഉപേക്ഷിക്കാനുള്ള നീക്കം പ്രതിഷേധാര്‍ഹമാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.