Connect with us

Kerala

ജോലി സമയത്ത് ഓണാഘോഷം ഒഴിവാക്കി സര്‍ക്കാര്‍ ഉത്തരവ്

Published

|

Last Updated

തിരുവനന്തപുരം: സര്‍ക്കാര്‍ ഓഫീസുകളില്‍ ജോലി സമയത്ത് ഓണാഘോഷങ്ങള്‍ നടത്തുന്നത് സംബന്ധിച്ച് നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവ് ഇറക്കി. ഇതുസംബന്ധിച്ച് ചീഫ് സെക്രട്ടറിയുടെ ഉത്തരവ് എല്ലാ വകുപ്പ് സെക്രട്ടറിമാര്‍ക്കും അയച്ചു.
മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് ഉത്തരവ്. ജോലിസമയത്തിനുശേഷം ആഘോഷം നടത്താം. മുഴുവന്‍ സമയം പ്രവര്‍ത്തിക്കുന്ന ഓഫീസുകളില്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് വരാത്തവിധം ക്രമീകരിച്ചായിരിക്കണം ആഘോഷങ്ങള്‍. ഓണാഘോഷത്തിന് സര്‍ക്കാര്‍ എതിരല്ല. എന്നാല്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ പ്രവൃത്തി സമയത്ത് ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത് പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നും കാണിച്ചാണ് ഉത്തരവ്.
ഈ വര്‍ഷത്തെ ഔദ്യോഗിക ഓണാഘോഷ പരിപാടികള്‍ സെപ്തംബര്‍ 12 ന് തുടങ്ങും. 10 മുതല്‍ 16 വരെ തുടര്‍ച്ചയായി സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധി വരുന്ന പ്രത്യേക സാഹചര്യമാണ്. അതുകൊണ്ട് പ്രവൃത്തിസമയത്ത് ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത് ഒഴിവാക്കുന്നതാകും ഉചിതമെന്നും ഇക്കാര്യം വകുപ്പ് സെക്രട്ടറിമാര്‍ ഉറപ്പുവരുത്തണമെന്നും ചീഫ് സെക്രട്ടറിയുടെ ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു.
സര്‍ക്കാര്‍ ഓഫീസുകളില്‍ പ്രവൃത്തി സമയത്ത് ഓണാഘോഷങ്ങള്‍ നടത്തുന്നതില്‍ നിയന്ത്രണം വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞത് വിവാദമായിരുന്നു. ആഘോഷങ്ങളും പൂക്കളമത്സരം പോലുള്ളവയും ഓഫീസ് സമയത്തു നടത്തുന്നത് ഉചിതമല്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. അവധി ദിവസങ്ങളിലോ ഓഫീസ് സമയം അല്ലാത്തപ്പോഴോ ആഘോഷം നടത്തിയാല്‍ പ്രവൃത്തി സമയത്തെ ബാധിക്കില്ല. ഏത് ആഘോഷവും ഔദ്യോഗിക കൃത്യ നിര്‍വഹണത്തെ ബാധിക്കാത്ത നിലയിലാണ് സര്‍ക്കാര്‍ ഓഫീസുകളില്‍ നടക്കേണ്ടത്. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ ഇടപെടല്‍ ഉറപ്പാക്കുമെന്നും ഫേസ്ബുക്കില്‍ പിണറായി വിശദീകരിച്ചിരുന്നു.
ഓണക്കാലത്ത് സര്‍ക്കാര്‍ ഓഫീസുകള്‍ കച്ചവടക്കാരുടെ കേന്ദ്രങ്ങളാക്കാന്‍ അനുവദിക്കില്ലെന്നും സാധനങ്ങള്‍ വാങ്ങേണ്ടവര്‍ പുറത്തു പോയി വാങ്ങണമെന്നും പിണറായി വിജയന്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Latest