മല്യക്കെതിരെ ബേങ്കുകള്‍ വീണ്ടും സുപ്രീം കോടതിയില്‍

Posted on: August 29, 2016 11:49 pm | Last updated: August 29, 2016 at 11:49 pm

VIJAY MALLYAന്യൂഡല്‍ഹി: രാജ്യത്തെ വിവിധ ബേങ്കുകളില്‍ നിന്ന് കോടിക്കണക്കിന് രൂപ വായ്പയെടുത്ത് തിരിച്ചടക്കാതെ രാജ്യംവിട്ട വിവാദ മദ്യ വ്യവസായി വിജയ് മല്യക്കെതിരെ ബേങ്കുകള്‍ വീണ്ടും സുപ്രീം കോടതിയെ സമീപിച്ചു. മല്യ സ്വത്തുവിവരങ്ങള്‍ പൂര്‍ണമായും വെളിപ്പെടുത്തിയിട്ടില്ലെന്നാണ് വായ്‌പെടുത്ത് കബളിപ്പിക്കപ്പെട്ട ബേങ്കുകളുടെ കണ്‍സോര്‍ഷ്യം സുപ്രീം കോടതിയെ അറിയിച്ചത്.
വിജയ് മല്യ മനഃപൂര്‍വം സ്വത്തുവിവരങ്ങള്‍ മറച്ചുവെക്കുകയാണ്. ബ്രിട്ടീഷ് കമ്പനിയില്‍ നിന്ന് ലഭിച്ച നാല്‍പ്പത് മില്യണ്‍ ഡോളറടക്കമുള്ള സ്വത്തുവിവരങ്ങള്‍ പൂര്‍ണമായും മല്യ വെളിപ്പെടുത്തിയിട്ടില്ലെന്നും എസ് ബി ഐയുടെ നേതൃത്വത്തിലുള്ള ബേങ്കുകളുടെ കണ്‍സോര്‍ഷ്യം കോടതിയെ അറിയിച്ചു.
കഴിഞ്ഞ ഫെബ്രുവരിയില്‍ നാല്‍പ്പത് മില്യണ്‍ യു എസ് ഡോളര്‍ ബ്രിട്ടനിലെ കമ്പനിയില്‍ നിന്ന് മല്യക്ക് ലഭിച്ചുവെന്നും ബേങ്കുകള്‍ക്ക് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്തഗി കോടതിയെ അറിയിച്ചു.
മല്യക്ക് നോട്ടീസ് അയച്ചിട്ടുണ്ടെന്നും കോടതിയില്‍ ഹാജരാകേണ്ടതുമാണെന്നും അറ്റോര്‍ണി ജനറല്‍ അറിയിച്ചു. മല്യക്കെതിരായ കോടതി നോട്ടീസ് തിരികെ വിളിക്കണമെന്നാവശ്യപ്പെട്ട് ഹരജി സമര്‍പ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.