തെരുവ് നായ ശല്യം: കേരളം സന്ദര്‍ശിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അറബ് മാധ്യമങ്ങള്‍

Posted on: August 27, 2016 6:17 pm | Last updated: August 27, 2016 at 6:17 pm

DOGSഅബുദാബി: കേരളം സന്ദര്‍ശിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അറബ് മാധ്യമങ്ങള്‍. ദൈവത്തിന്റെ സ്വന്തം നാട് എന്നറിയപ്പെടുന്ന കേരളത്തില്‍ തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമാണ്, അതുകൊണ്ട് സന്ദര്‍ശനത്തിനായി പോകുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് സഊദിയില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന അറബ് മാധ്യമങ്ങള്‍ മുന്നറിയിപ്പ് നല്‍കി.
തിരുവനന്തപുരത്ത് ചെമ്പകരാമന്‍ തുറയില്‍ ശിലുവമ എന്ന സ്ത്രീ പട്ടിയുടെ കടിയേറ്റ് കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് കേരളം സന്ദര്‍ശിക്കുന്ന അറബികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. ചില പത്രങ്ങള്‍ കേരളത്തില്‍ പട്ടി ശല്യമുള്ളതായുള്ള വാര്‍ത്തക്ക് വന്‍ പ്രാധാന്യമാണ് നല്‍കിയത്. കേരളത്തില്‍ മനുഷ്യരേക്കാളും വില തെരുവ് പട്ടികള്‍ക്കാണെന്ന റിപ്പോര്‍ട്ടാണ് ചില പത്രങ്ങളില്‍ പ്രസിദ്ധീകരിച്ചത്. പുല്ലുവിളയില്‍ വീട്ടമ്മ തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് അടക്കമുള്ള വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കേരളത്തില്‍ തെരുവ് നായ്ക്കള്‍ക്ക് മനുഷ്യരേക്കാളും വില നല്‍കുന്നെന്ന നിഗമനത്തില്‍ അറബ് മാധ്യമങ്ങള്‍വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തത്.
അല്‍ റിയാദ്, അല്‍ ഹയാത്ത്, അല്‍ യൗം, അല്‍ മിസ്‌രി, അല്‍ ഖബസ് തുടങ്ങിയ പത്രങ്ങളിലടക്കം കേരളത്തിലെ പട്ടിശല്യം വാര്‍ത്തയായി. കേരളം സന്ദര്‍ശിക്കുന്നവര്‍ സൂക്ഷിക്കണമെന്ന ജാഗ്രതാ നിര്‍ദേശത്തോടെയാണ് വാര്‍ത്ത നല്‍കിയിരിക്കുന്നത്.
ഇന്ത്യയില്‍ പശുവിനെ ദൈവമായും പട്ടിയെകുടുംബാംഗമായുമാണ് കാണുന്നതെന്നും റിപ്പോര്‍ട്ടുകളിലുണ്ട്. വീടുകളില്‍ പശുവിനെ വളര്‍ത്തുന്നത് പോലെയാണ് പട്ടികളെ പരിപാലിക്കുന്നതെന്നും ദരിദ്രകുടുംബങ്ങളിലെ കുട്ടികള്‍ക്ക് നായ്ക്കളുടെ പാല്‍ ആണ് കുടിക്കാന്‍ നല്‍കാറുള്ളതെന്നും വാര്‍ത്തയിലുണ്ട്. ഭക്ഷ്യമാലിന്യങ്ങളും മാംസാവശിഷ്ടങ്ങളും സംസ്‌കരിക്കാന്‍ കേരളത്തില്‍ ശാസ്ത്രീയമായ മാര്‍ഗമില്ലാത്തതാണ് പട്ടി ശല്യത്തിന് കാരണമെന്നും റിപ്പോര്‍ട്ടുകളില്‍ കുറ്റപ്പെടുത്തുന്നു.