സ്വാശ്രയ മെഡിക്കല്‍ പ്രവേശം: സീറ്റുകള്‍ ഏറ്റെടുത്ത നടപടിക്ക് സ്റ്റേ

Posted on: August 26, 2016 5:31 pm | Last updated: August 27, 2016 at 10:46 am
SHARE

DOCTOR PRESCRIPTIONകൊച്ചി: സ്വാശ്രയ മെഡിക്കല്‍, ദന്തല്‍ സീറ്റുകള്‍ ഏറ്റെടുത്തു കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. സുതാര്യവും ചൂഷണരഹിതവുമായ തരത്തില്‍ വിദ്യാര്‍ഥി പ്രവേശനം ഉറപ്പു വരുത്തണമെന്നും ജസ്റ്റിസുമാരായ കെ സുരേന്ദ്ര മോഹനും മേരി ജോസഫും ഉള്‍പ്പെടുന്ന ഡിവിഷന്‍ ബഞ്ച് നിര്‍ദേശിച്ചു.
2016ലെ നീറ്റ് പരീക്ഷയിലെ റാങ്കിന്റെ അടിസ്ഥാനത്തില്‍ മാനേജ്‌മെന്റുകള്‍ എം ബി ബി എസ്, ബി ഡി എസ് കോഴ്‌സുകളില്‍ പ്രവേശനം നടത്തണമെന്നും അപേക്ഷകരുടെ റാങ്ക് മാനദണ്ഡമാക്കിയാകണം പ്രവേശനം നടത്തേണ്ടതെന്നും കോടതി നിര്‍ദേശിച്ചു. ഓണ്‍ലൈന്‍ മുഖേനെ ലഭിച്ച അപേക്ഷയുടെ വിശദാംശങ്ങള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും പ്രവേശന മേല്‍നോട്ട സമിതിയുടെ പരിശോധനക്ക് വിധേയമാക്കുകയും വേണമെന്നും കോടതി നിര്‍ദേശിച്ചു. ക്രിസ്ത്യന്‍ പ്രൊഫഷനല്‍ കോളജ് മാനേജ്‌മെന്റ് ഫെഡറേഷന്‍ ഒഴികെയുള്ള മെഡിക്കല്‍ മാനേജ്‌മെന്റുകള്‍ മൂന്ന് ദിവസത്തിനകം പ്രവേശന മേല്‍നോട്ട സമിതിയില്‍ നിന്ന് പ്രോസ്‌പെക്ടസിന്റെ അംഗീകാരം തേടണമെന്നും കോടതി നിര്‍ദേശിച്ചു. പ്രവേശന മോല്‍നോട്ട സമിതിയുടെ അംഗീകാരമില്ലാതെയാണ് ചില മാനേജ്‌മെന്റുകള്‍ പ്രോസ്‌പെക്ടസ് പ്രസിദ്ധീകരിച്ചതെന്ന് പ്രവേശന മേല്‍നോട്ട സമിതിയുടെ അഭിഭാഷക കോടതിയെ ബോധിപ്പിച്ചു.
സ്വാശ്രയ മെഡിക്കല്‍ സീറ്റുകള്‍ ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്താനുള്ള ന്യൂനപക്ഷങ്ങളുടെ ഭരണഘടനാ പരമായ അവകാശത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും 2006ലെ സ്വാശ്രയ നിയമത്തിലെ വ്യവസ്ഥകള്‍ പുനരാവിഷ്‌കരിക്കാനാണ് ഇപ്പോള്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ക്രിസ്ത്യന്‍ മാനേജ്‌മെന്റുകളുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. സ്വാശ്രയ നിയമത്തിലെ മൂന്നാം വകുപ്പ് സുപ്രീം കോടതി ഭരണഘടനാ വിരുദ്ധമാണെന്ന് കണ്ടെത്തി റദ്ദാക്കിയിട്ടുണ്ടെന്നും സമാന സാഹചര്യമാണ് വിദ്യാര്‍ഥി പ്രവേശന കാര്യത്തില്‍ സര്‍ക്കാര്‍ നിലവില്‍ പുറപ്പെടുവിച്ച ഉത്തരവിലൂടെ സംജാതമായിരിക്കുന്നതെന്നും മാനേജ്‌മെന്റുകള്‍ ചൂണ്ടിക്കാട്ടി.
സുപ്രീം കോടതിയുടെ ടി എം എ വൈ, ഇനാംദാര്‍ കേസുകളിലെ വിധികള്‍ പ്രകാരം സ്വന്തം നിലയില്‍ വിദ്യാര്‍ഥി പ്രവേശനം നടത്താന്‍ അധികാരമുണ്ടെന്നും പൊതുപ്രവേശന പരീക്ഷാ കമ്മീഷണര്‍ക്ക് മാനേജ്‌മെന്റ് സീറ്റുകളില്‍ പ്രവേശനം നടത്താന്‍ അധികാരമില്ലെന്നും സ്വാശ്രയ മെഡിക്കല്‍ മാനേജ്‌മെന്റുകള്‍ ബോധിപ്പിച്ചു.
അതേസമയം, വിദ്യാര്‍ഥി പ്രവേശനത്തില്‍ മെറിറ്റ് ഉറപ്പാക്കാനും തലവരിപ്പണം വാങ്ങുന്നത് ഒഴിവാക്കാനുമാണ് മെഡിക്കല്‍ പ്രവേശന കാര്യത്തില്‍ സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചതെന്ന് അഡ്വക്കറ്റ് ജനറല്‍ സി പി സുധാകര പ്രസാദ് വാദിച്ചു. നീറ്റ് റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിലാകണം സ്വാശ്രയ മെഡിക്കല്‍ പ്രവേശനമെന്നും ഉയര്‍ന്ന റാങ്കിന്റെ അടിസ്ഥാനത്തില്‍ പ്രവേശന പരീക്ഷാ കമ്മീഷണര്‍ തയ്യാറാക്കുന്ന പട്ടികയില്‍ നിന്ന് മാനേജ്‌മെന്റുകള്‍ വിദ്യാര്‍ഥി പ്രവേശനം നടത്തണമെന്നും എ ജി ബോധിപ്പിച്ചു. വിദ്യാര്‍ഥി പ്രവേശനത്തില്‍ സമവായത്തിന് ശ്രമിച്ചെങ്കിലും മാനേജ്‌മെന്റുകള്‍ തയ്യാറാകാത്തതിനാല്‍ പരാജയപ്പെട്ടെന്നും എ ജി ബോധിപ്പിച്ചു.
മെഡിക്കല്‍ പ്രവേശത്തിനുള്ള നടപടികള്‍ സുതാര്യവും ചൂഷണരഹിതവും മെറിറ്റ് മാനദണ്ഡമാക്കിയുള്ളകതാകണമെന്നും വിദ്യാര്‍ഥി പ്രവേശന കാര്യത്തില്‍ സുപ്രീം കോടതി പുറപ്പെടുവിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുക മാത്രമാണ് ഉത്തരവാദിത്വമെന്നും കോടതി വിലയിരുത്തി. മെഡിക്കല്‍ സീറ്റുകള്‍ ഏറ്റെടുത്തുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുന്നതിനുള്ള മാനേജ്‌മെന്റുകളുടെ അവകാശത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും ഇത് സുപ്രീം കോടതിയുടെ ടി എം എ വൈ, ഇനാംദാര്‍ കേസുകളിലെ വിധികള്‍ക്ക് വിരുദ്ധമാണെന്നും കോടതി ചൂണ്ടിക്കാട്ടി. സ്വാശ്രയ കോളജുകളില്‍ വിദ്യാര്‍ഥി പ്രവേശനം നടത്താന്‍ പൊതുപ്രവേശന പരീക്ഷാ കമ്മീഷണര്‍ക്ക് എന്ത് അധികാരമാണുള്ളതെന്ന ചോദ്യത്തിന് വ്യക്തമായ വിശദീകരണം നല്‍കാന്‍ സര്‍ക്കാറിന് വേണ്ടി ഹാജരായ അഡ്വക്കറ്റ് ജനറലിന് കഴിഞ്ഞില്ലെന്നും ഡിവിഷന്‍ ബഞ്ച് ചൂണ്ടിക്കാട്ടി.
സ്വാശ്രയ മെഡിക്കല്‍, ദന്തല്‍ സീറ്റുകള്‍ ഏറ്റെടുത്ത സര്‍ക്കാര്‍ ഉത്തരവ് ചോദ്യം ചെയ്ത് ക്രിസ്ത്യന്‍ പ്രൊഫഷനല്‍ കോളജ് മാനേജ്‌മെന്റ് ഫെഡറേഷന്‍, കണ്ണൂര്‍ കരുണ, എം ഇ എസ് മാനേജ്‌മെന്റുകളുമാണ് കോടതിയെ സമീപിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here