ശ്രീകൃഷ്ണ ജയന്തി: ഘോഷയാത്രയുമായി സിപിഎമ്മും ബാലഗോകുലവും, കണ്ണൂരില്‍ സുരക്ഷ ശക്തം

Posted on: August 24, 2016 11:19 am | Last updated: August 24, 2016 at 11:19 am

കണ്ണൂര്‍ :ശ്രീകൃഷ്ണ ജയന്തിദിനത്തില്‍ കരുത്തുതെളിയിക്കാന്‍ രാഷ്ട്രീയപാര്‍ട്ടികള്‍ രംഗത്തിറങ്ങിയതോടെ കണ്ണൂര്‍ ജില്ലയില്‍ പൊലീസ് സുരക്ഷ ശക്തമാക്കി. ബാലഗോകുലത്തിന്റെ ശ്രീകൃഷ്ണ ജയന്തി ശോഭായാത്രയും സിപിഐഎമ്മിന്റെ നമ്മളൊന്ന് ഘോഷയാത്രയും ഒരേസമയം നിരത്തിലിറങ്ങുന്നതോടെ പ്രശ്‌നങ്ങളുണ്ടാകുമെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് കണ്ണൂരില്‍ കനത്ത പൊലീസ് കാവലൊരുക്കിയിരിക്കുന്നത്.

ചട്ടമ്പിസ്വാമിദിനം മുതല്‍ അയ്യങ്കാളി ദിനം വരെ നീളുന്ന അഞ്ചുദിവസത്തെ വര്‍ഗീയ വിരുദ്ധക്യാംപെയിനിന്റെ ഭാഗമായാണ് നമ്മളൊന്ന് എന്ന പേരില്‍ സിപിഎം ഇന്ന് ഘോഷയാത്രകള്‍ സംഘടിപ്പിക്കുന്നത്. ജില്ലയില്‍ 206 കേന്ദ്രങ്ങളില്‍ ഘോഷയാത്ര നടക്കും. ജില്ലയില്‍ 300 ല്‍ അധികം കേന്ദ്രങ്ങളില്‍ ബാലഗോകുലത്തിന്റെ ശ്രീകൃഷ്ണ ജയന്തി ശോഭായാത്രയും ഇന്ന് നടക്കും. വൈകിട്ടാണ് ഇരുവിഭാഗവും യാത്രകള്‍ നടത്തുന്നത്.

തലശ്ശേരി, മട്ടന്നൂര്‍, കണ്ണൂര്‍, ചക്കരക്കല്‍, പയ്യന്നൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സിഐമാരുടെ നേതൃത്വത്തില്‍ ഓരോ കേന്ദ്രങ്ങളിലും പ്രത്യേക പൊലീസ് സംഘത്തെ രാവിലെ മുതല്‍ വിന്യസിച്ചിട്ടുണ്ട്. ഇതിനൊപ്പം നൂറു സായുധസേനാംഗങ്ങളേയും അധികമായി ജില്ലയില്‍ വിന്യസിച്ചിട്ടുണ്ട്. ഘോഷയാത്രകളുടെ സമയവും സ്ഥലവും പൊലീസാണ് നിശ്ചയിച്ച് നല്‍കിയത്. സംഘര്‍ഷമോ ക്രമസമാധാനപ്രശ്‌നങ്ങളോ ഉണ്ടായാല്‍ നേതാക്കള്‍ക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്

അതേ സമയം ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ ഒരുക്കങ്ങള്‍ക്കിടെ കൊല്ലത്തെ പത്തനാപുരത്ത് പുന്നലയില്‍ സിപിഐഎംബിജെപി സംഘര്‍ഷം ഉണ്ടായി. ആഘോഷങ്ങളുടെ ഭാഗമായി ബിജെപി സ്ഥാപിച്ചിരുന്ന കൊടിതോരണങ്ങള്‍ സിപിഐഎം പ്രവര്‍ത്തകര്‍ നശിപ്പിച്ചെന്ന് ആരോപിച്ചാണ് സംഘര്‍ഷമുണ്ടായത്. ഒരു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. തുടര്‍ന്ന് പുന്നലയില്‍ ബിജെപി നാളെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.