കോഴിക്കോട് നഗരത്തില്‍ ഇന്ന് ഓട്ടോ- ടാക്‌സി പണിമുടക്ക്

Posted on: August 23, 2016 12:52 am | Last updated: August 22, 2016 at 11:52 pm

autoകോഴിക്കോട്: മാംഗോ ടാക്‌സി സര്‍വീസ് നിര്‍ത്തലാക്കണമെന്നാവശ്യപ്പെട്ട് നഗരത്തില്‍ ഇന്ന് ഓട്ടോ- ടാക്‌സി പണിമുടക്ക്. മോട്ടോര്‍ തൊഴിലാളി കോ- ഓര്‍ഡിനേഷന്‍ കമ്മിറ്റിയാണ് രാവിലെ ആറു മുതല്‍ വൈകുന്നേരം ആറു വരെ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. പണിമുടക്കുന്ന തൊഴിലാളികള്‍ രാവിലെ കലക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തും.
ഓാട്ടോ, ടാക്‌സി തൊഴിലാളികളുടെ തൊഴിലിനെ ബാധിക്കുന്ന മാംഗോ ടാക്‌സി സര്‍വീസ് നിര്‍ത്തലാക്കുന്നതിനൊപ്പം സ്പീഡ് ഗവര്‍ണര്‍ നിര്‍ബന്ധമാക്കാനുള്ള ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ ഉത്തരവ് പിന്‍വലിക്കുക, കോഴിക്കോട് സിറ്റിയില്‍ ഓട്ടോകള്‍ക്ക് പെര്‍മിറ്റ് നല്‍കുമ്പോള്‍ യൂനിയനുകളുമായി ചര്‍ച്ച നടത്തുക, തൊഴിലാളികള്‍ക്കെതിരെ എടുത്ത കള്ളക്കേസുകള്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ കൂടി ഉന്നയിച്ചാണ് പണിമുടക്ക്. പുറത്തു നിന്നെത്തിയ ചില വന്‍കിട സ്വകാര്യ ഏജന്‍സികളാണ് മാംഗോ ടാക്‌സി സര്‍വീസിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്ന് ഇവര്‍ ആരോപിക്കുന്നു. സര്‍ക്കാര്‍ പ്രഖ്യാപിച്ച ചാര്‍ജില്‍ നിന്ന് കുറഞ്ഞ ചാര്‍ജ് പ്രഖ്യാപിച്ച് ജനങ്ങളെ കബളിപ്പിച്ച് ഈ മേഖല കൈയടക്കാനുള്ള നീക്കമാണ് മാംഗോ ടാക്‌സി നടത്തുന്നത്.