യു എന്നില്‍ നിന്ന് പുറത്തുപോകുമെന്ന് ഫിലിപ്പൈന്‍സ് മുന്നറിയിപ്പ്

Posted on: August 21, 2016 10:14 pm | Last updated: August 21, 2016 at 10:14 pm

philippensമനില: ഫിലിപ്പൈന്‍സില്‍ മയക്കുമരുന്ന് വേട്ടയുടെ പേരില്‍ നടക്കുന്ന കൊലപാതകങ്ങളെ വിമര്‍ശിച്ച ഐക്യരാഷ്ട്രസഭക്ക് പ്രസിഡന്റ് റോഡ്‌റിഗോ ഡൂട്ടര്‍ട്ടെയുടെ മുന്നറിയിപ്പ്. ഐക്യരാഷ്ട്ര സഭയില്‍ നിന്ന് പുറത്തുപോകുമെന്നും ചൈനയെ പോലുള്ള രാജ്യങ്ങളെ ക്ഷണിച്ച് പുതിയ ഒരു സമിതിക്ക് രൂപം നല്‍കുമെന്നുമായിരുന്നു പ്രസിഡന്റ് റോഡ്‌റിഗോയുടെ മുന്നറിയിപ്പ്. മയക്കുമരുന്ന് വേട്ടയുടെ പേരില്‍ നടക്കുന്ന എക്‌സ്ട്രാ ജുഡീഷ്യല്‍ കൊലപാതകങ്ങള്‍ അവസാനിപ്പിക്കണമെന്ന് ഐക്യരാഷ്ട്ര സഭയുടെ മുതിര്‍ന്ന രണ്ട് മനുഷ്യാവകാശ വിദഗ്ധര്‍ അഭിപ്രായപ്പെട്ടിരുന്നു. മയക്കുമരുന്ന് തുടച്ചുനീക്കുകയെന്ന പേരില്‍ ഡൂട്ടര്‍ട്ടെ അധികാരമേറ്റ ശേഷം നിരവധി കൊലപാതകങ്ങള്‍ അരങ്ങേറിയതായും ഇവര്‍ ചൂണ്ടിക്കാട്ടിയിരുന്നു. മെയ് 9ന് നടന്ന തിരഞ്ഞെടുപ്പില്‍ ഡൂട്ടര്‍ട്ടെ വിജയിച്ചതിനെ തുടര്‍ന്ന് അധികാരത്തിലേറിയ ശേഷം ഇതുവരെ 900ത്തോളം പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇത് ഫിലിപ്പൈന്‍സ് പോലീസിന്റെ നടപടികളുടെ ഭാഗമായാണെന്നാണ് വിലയിരുത്തപ്പെടുന്നത്.
അതേസമയം, കൊല്ലപ്പെട്ടവരുടെ മേല്‍ സര്‍ക്കാറിന് ഒരു ഉത്തരവാദിത്വമില്ലെന്നും പോലീസിനോ മറ്റു സുരക്ഷാ വിഭാഗത്തിനോ ഇതില്‍ പങ്കില്ലെന്നും പ്രസിഡന്റ് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ആവശ്യമെങ്കില്‍ ഐക്യരാഷ്ട്ര സഭയില്‍ നിന്ന് നേരിട്ട് വിദഗ്ധരെത്തി അന്വേഷണം നടത്താന്‍ ക്ഷണിക്കുന്നതായും അദ്ദേഹം പറഞ്ഞു.
നിങ്ങള്‍ വിഡ്ഢികളായ വിദഗ്ധരാണ്. അത് ലോകത്തിന് മുന്നില്‍ തെളിയിക്കാനും തനിക്ക് സാധിക്കും. നിരവധി ക്രിമിനലുകള്‍ രാജ്യത്ത് കുമിഞ്ഞുകൂടുന്ന വിഷയത്തില്‍ താന്‍ ആശങ്കയുള്ളവനാണ്. എന്നാല്‍ ഐക്യരാഷ്ട്ര സഭയില്‍ നിന്ന് വേര്‍പിരിയാനും തയ്യാറാണ്. എന്തുകൊണ്ടാണ് ഐക്യരാഷ്ട്ര സഭ ഇത്തരം വിവരമില്ലാത്ത വിദഗ്ധരുടെ അഭിപ്രായത്തിന് ചെവി കൊടുക്കുന്നത്? അദ്ദേഹം ചോദിച്ചു. സിറിയ, ഇറാഖ് തുടങ്ങിയ രാജ്യങ്ങളില്‍ വന്‍ശക്തികള്‍ക്ക് ബോംബിടാന്‍ അനുമതി നല്‍കുന്ന ഈ സമിതി, പട്ടിണി പോലുള്ള കാര്യങ്ങളെ കുറിച്ച് മിണ്ടാന്‍ തയ്യാറാകുന്നില്ല. ചൈന, ആഫ്രിക്കന്‍ യൂനിയന്‍ പോലുള്ള രാജ്യങ്ങളെ ക്ഷണിച്ച് പുതിയൊരു സമിതിക്ക് രൂപം നല്‍കാനും തയ്യാറാണെന്ന് പ്രസിഡന്റ് മുന്നറിയിപ്പ് നല്‍കി.