വിദ്യാര്‍ഥികള്‍ സ്‌കൂളിലെത്തുന്നില്ല; ഗോത്രസാരഥിക്കായി രക്ഷകര്‍ത്താക്കള്‍ സമരത്തിലേക്ക്

Posted on: August 9, 2016 12:11 pm | Last updated: August 9, 2016 at 12:11 pm
SHARE

മാനന്തവാടി:പട്ടികവര്‍ഗവിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് തടയുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച ഗോത്രസാരഥി പദ്ധതിവഴിമുട്ടി. ഗതാഗത സൗകര്യമില്ലാത്ത കോട്ടത്തറ ഗ്രാമപഞ്ചായത്തിലെ കരിങ്കുറ്റി എസ് എ എല്‍ പി സ്‌ക്കൂളിലേക്ക് വിദ്യാര്‍ഥികള്‍ എത്താതായതോടെ രക്ഷാകര്‍ത്താക്കള്‍ സമരത്തിലേക്ക്.

സമരത്തിന്റെ ആദ്യപടിയായി ആഗസ്റ്റ് 12ന് കലക്‌ട്രേറ്റ് ധര്‍ണ്ണ നടത്താനാണ് തീരുമാനം. സമാനമായ രീതിയില്‍ തന്നെയാണ് മറ്റു പല സ്‌ക്കൂളുകളുടെയും സ്ഥിതി. ഗോത്രസാരഥി പദ്ധതിയില്‍ വാഹന ഉടമകള്‍ക്കുള്ള കുടിശ്ശിക ലഭിക്കാതായതോടെ ജില്ലയിലെ പല സ്ഥലങ്ങളിലും കുട്ടികളെ വിദ്യാലയങ്ങളില്‍ എത്തിക്കാനാവാതെ രക്ഷിതാക്കളും ആശങ്കയിലാണ്. ജില്ലയില്‍ ഗോത്രസാരഥി പദ്ധതിവഴി കഴിഞ്ഞ അദ്ധ്യായനവര്‍ഷം വാഹന ഉടമകള്‍ക്ക് കൊടുത്തുതീര്‍ക്കാനുള്ളത് ഒന്നരകോടിയിലധികം രൂപയാണ്. കഴിഞ്ഞ അദ്ധ്യായനവര്‍ഷത്തെ ഏഴ് മാസത്തെ പൈസയാണ് കുടിശ്ശികയായത്. എന്നാല്‍ 201617 അദ്ധ്യായനവര്‍ഷത്തേക്ക് പദ്ധതി തുടരാനുള്ള നിര്‍ദ്ദേശം അധികൃതരുടെ ഭാഗത്തുനിന്നും ലഭിച്ചിട്ടില്ല. ജൂണ്‍, ജൂലൈ മാസങ്ങളില്‍ പിടിഎയുടെ നിര്‍ദ്ദേശപ്രകാരമാണ് വാഹനം ഓടിയത്.
കരിങ്കുറ്റി എസ്എഎല്‍പി സ്‌ക്കൂളിലേക്ക് കുട്ടികളെ എത്തിക്കുന്നതിന് ഒരുമാസം 40000 രൂപയാണ് വേണ്ടിവരുന്നത്.

കോളനികളിലെ അഞ്ച് മുതല്‍ 12 വയസ്സുവരെയുള്ള സ്‌ക്കൂളുകളില്‍ പോകാത്ത കുട്ടികളെ കരിങ്കുറ്റി എസ്എഎല്‍പി സ്‌ക്കൂളിലെത്തിക്കുന്നതിന് അന്നത്തെ ഡിഡിഇ തങ്കമണി, എഇഒ രാമചന്ദ്രന്‍ എന്നിവര്‍ നടപടി സ്വീകരിച്ചെങ്കിലും ഗതാഗതം സൗകര്യമില്ലാത്തതിനാല്‍ കുട്ടികളുടെ പഠനം നിലച്ചു. തുടര്‍ന്ന് ഐടിഡിപിയുടെയും മറ്റും സഹായത്താല്‍ വാഹന സൗകര്യമേര്‍പ്പെടുത്താനുള്ള നടപടികളുമായി മുന്നോട്ട് പോകുകയും ഇത് ഗോത്രസാരഥി പദ്ധതിയായി മാറുകയുമായിരുന്നു. കോക്കുഴി, മഠത്തില്‍, പാലൂക്കര, പാലപ്പൊയില്‍, കള്ളംവെട്ടി, ഈരംകൊല്ലി, തോട്ടംപാടി, പൂളക്കൊല്ലി, കരിക്കൊല്ലി, നാടുകാണിക്കൊല്ലി, പുന്നക്കല്‍, ആനേരി തുടങ്ങിയ കോളനികളില്‍ നിന്നും 65 കുട്ടികളാണ് ഗോത്രസാരഥി പദ്ധതിയിലൂടെ കരിങ്കുറ്റി എസ്എഎല്‍പി സ്‌ക്കൂളില്‍ എത്തുന്നത്. 125 ഓളം കുട്ടികള്‍ പഠിക്കുന്ന സ്‌ക്കൂളില്‍ 85 പേരും വനവാസി വിഭാഗത്തില്‍പ്പെട്ടവരാണ്.

ഇതില്‍ 60 കുട്ടികള്‍ പ്രാക്തന ഗോത്രവിഭാഗത്തില്‍പ്പെട്ടവരും. കോളനികളില്‍നിന്നുമെല്ലാം നാലും ആറും കിലോമീറ്ററുകളാണ് സ്‌ക്കൂളിലേക്കുള്ളത്. കരിങ്കുറ്റിയിലൂടെ ബസ്സ് സര്‍വ്വീസ് വേണമെന്ന നാട്ടുകാരുടെ ആവശ്യം വര്‍ഷങ്ങളായി ലക്ഷ്യം കണ്ടില്ല. പ്രദേശത്തെ ആദിവാസി കുട്ടികളുടെ പഠനം ലക്ഷ്യമിട്ടാണ് ദശാബ്ദങ്ങള്‍ക്ക് മുമ്പ് സര്‍വ് ഇന്ത്യ ആദിവാസി സ്‌ക്കൂള്‍(എസ്എഎല്‍പി)എന്ന വിദ്യാലയം കരിങ്കുറ്റിയില്‍ തുടങ്ങിയത്.

പാവപ്പെട്ടവരും ആദിവാസിവിഭാഗത്തില്‍പ്പെട്ടവരുമായ കുട്ടികളുടെ ആശ്രയമായ കരിങ്കുറ്റി എസ്എഎല്‍പി സ്‌ക്കൂളിന്റെ നിലനില്‍പ്പിന് ഗോത്രസാരഥി പദ്ധതി നടപ്പിലാക്കണമെന്നും പൊതുവിദ്യാഭ്യാസത്തെ സംരക്ഷിക്കണമെന്നും രക്ഷാകര്‍ത്താക്കള്‍ ആവശ്യപ്പെട്ടു. പത്രസമ്മേളനത്തില്‍ പിടിഎ പ്രസിഡന്റ് പ്രദീപ് സി, ജിതേഷ് കെ.എസ്., സുരേന്ദ്രന്‍.എ.സി., ജയന്തിമോഹനന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.