വാക്‌സിനേഷന്‍ പ്രചാരണ വീഡിയോയും ‘ഇമ്മ്യൂണൈസേഷന്‍ കേരള’ മൊബൈല്‍ ആപ്പും പുറത്തിറക്കി

Posted on: August 9, 2016 11:48 am | Last updated: August 9, 2016 at 11:48 am

കോഴിക്കോട്: വാക്‌സിനേഷന്‍ കുട്ടികളുടെ ജന്മാവകാശം എന്ന പേരില്‍ ദേശീയ ആരോഗ്യ ദൗത്യം സി ഡിറ്റിന്റെ സഹായത്തോടു കൂടി നിര്‍മിച്ച വാക്‌സിനേഷന്‍ പ്രചരണ വീഡിയോയുടെയും കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ വികസിപ്പിച്ച ‘ഇമ്മ്യൂണൈസേഷന്‍ കേരള’ എന്ന മൊബൈല്‍ ആപ്പിന്റെയും പ്രകാശനം ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചറും ചലച്ചിത്രതാരം മോഹന്‍ലാലും സംയുക്തമായി നിര്‍വഹിച്ചു. റാവിസ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ആരോഗ്യ ബോധവത്ക്കരണ പ്രചരണങ്ങള്‍ക്ക് നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് മോഹന്‍ലാലിനെ മന്ത്രി ആദരിച്ചു.

2008 മുതലാണ് സംസ്ഥാനത്ത് ഡിഫ്തീരിയയുടെ സാനിധ്യം വീണ്ടും കണ്ടു തുടങ്ങിയതെന്ന് ശൈലജ ടീച്ചര്‍ പറഞ്ഞു. മതത്തിന്റെ ആളുകളാണ് വാക്‌സിനേഷനെ എതിര്‍ക്കുന്നത് എന്നൊരു പ്രചരണമുണ്ടായിരുന്നു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് മലപ്പുറത്ത് ചെന്നപ്പോള്‍ എല്ലാ മതവിഭാഗങ്ങളും വാക്‌സിനു വേണ്ടി കൈ കോര്‍ക്കുന്നതാണ് കണ്ടത്. ആരോഗ്യരംഗം സാധാരണക്കാരന് എളുപ്പത്തില്‍ പ്രാപ്യമാവുന്ന സാഹചര്യമുണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്നും മന്ത്രി പറഞ്ഞു.
രോഗ പ്രതിരോധമുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പലപ്പോഴും അധികൃതരുടെ ഭാഗത്ത് നിന്ന് തുടര്‍ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാവുന്നില്ലെന്നതാണ് തന്റെ അനുഭവമെന്ന് മോഹന്‍ലാല്‍ പറഞ്ഞു. കൗമാരപ്രായത്തിലെ രക്തക്കുറവ് പരിഹരിക്കാനുള്ള പ്രതിവാര അയണ്‍ഫോളിക്ക് ആസിഡ് പരിപാടിയെ കുറിച്ചുള്ള വീഡിയോയും ചടങ്ങില്‍ പ്രകാശനം ചെയ്തു.

രണ്ട് ചിത്രങ്ങളിലും മോഹന്‍ലാല്‍ ആരോഗ്യസന്ദേശം നല്‍കാനായി അഭിനയിക്കുന്നുണ്ട്. കേന്ദ്ര സംസ്ഥാന സര്‍ക്കാറിന്റെ നിര്‍ദേശം അനുസരിച്ച് എട്ട് മാരക രോഗങ്ങള്‍ക്കെതിരെ നല്‍കിവരുന്ന വാക്‌സിനേഷനെക്കുറിച്ച് പരിചയപ്പെടുത്തുന്നതാണ് ഒരു വീഡിയോ. കേരള സര്‍ക്കാറിന്റെ കീഴിലുള്ള മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ ഐനമസ്‌തേ എന്ന സോഫ്റ്റ്‌വെയര്‍ കമ്പനിയുടെ സഹായത്തോടുകൂടി രൂപകല്‍പ്പന ചെയ്ത മൊബൈല്‍ ആപ്ലിക്കേഷനാണ് ഇമ്മ്യൂണൈസേഷന്‍ കേരള.

ആന്‍ഡ്രോയ്ഡ് ഫോണുകളിലാണ് ഈ ആപ്ലിക്കേഷന്‍ ലഭ്യമാവുക. കുട്ടികള്‍ വളരുന്നതിനനുസരിച്ച് വിവിധ സമയങ്ങളില്‍ എടുക്കേണ്ട വാക്‌സിനുകളെ കുറിച്ച് ഈ ആപ്ലിക്കേഷന്‍ അറിവു നല്‍കുന്നു. ഇതില്‍ നല്‍കിയിരിക്കുന്ന കലണ്ടര്‍ നോക്കി കുട്ടികള്‍ക്ക് നല്‍കേണ്ട മുഴുവന്‍ വാക്‌സിനുകളെക്കുറിച്ചും മനസിലാക്കാനും എതെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കില്‍ അത് തിരിച്ചറിയാനും കഴിയും. കുട്ടിക്ക് വാക്‌സിനേഷന്‍ നല്‍കുന്നതിനു മുമ്പായി അതേക്കുറിച്ച് മാതാപിതാക്കള്‍ക്ക് എസ് എം എസ് അയക്കാവുന്ന സംവിധാനവും ഇതിലുണ്ട്.