Connect with us

Kannur

പൊതുവിദ്യാലയങ്ങളില്‍ ഏകീകൃത യൂനിഫോം നടപ്പാക്കും: മുഖ്യമന്ത്രി

Published

|

Last Updated

തലശ്ശേരി: പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന എല്ലാ വിദ്യാര്‍ഥികള്‍ക്കും ഏകീകൃത യൂണിഫോം നടപ്പാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
തലശ്ശേരി സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥികള്‍ സംഘടിപ്പിച്ച ആഗോള സംഗമം (ഗ്ലോബല്‍ മീറ്റ്) ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാടിന്റെ നന്മയാവണം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ആത്യന്തികമായ ലക്ഷ്യം. എന്നാല്‍ ഈ രംഗത്തേക്ക് അണ്‍ എയ്ഡഡ് സ്ഥാപനങ്ങള്‍ കടന്നുവന്നതോടെ ലാഭേച്ഛയോടെയുള്ള കാഴ്ചപ്പാടുകള്‍ തുടങ്ങി. ഇത്തരം സ്‌കൂളുകളെ സഹായിക്കാന്‍ സര്‍ക്കാറിന് താത്പര്യമില്ല. മുന്‍കാലങ്ങളില്‍ അധ്യാപക നിയമനത്തിനും മറ്റും കോഴ വാങ്ങാതെ മാതൃക കാട്ടിയവരാണ് ക്രിസ്ത്യന്‍ മിഷണറി മാനേജ്‌മെന്റുകള്‍. തന്റെ ഭാര്യ കമലയെ സെന്റ് ജോസഫില്‍ അധ്യാപികയായി ചേര്‍ക്കാനെത്തിയപ്പോഴുള്ള അനുഭവം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു. എന്നാല്‍ ഇപ്പോള്‍ മാനേജ്‌മെന്റുകളുടെ സമീപനം മാറിക്കഴിഞ്ഞു.
പൊതുവിദ്യാലയങ്ങളില്‍ പഠിച്ച് അധ്യാപകരും മറ്റുമാവുന്നവരുടെ മനോഭാവവും മാറുകയാണ്. ഇത്തരക്കാരുടെ മക്കളെ അണ്‍ എയ്ഡഡ് സ്‌കൂളുകളിലേക്കാണ് അയക്കുന്നത്. ഇത് മാറ്റണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഒ വി മുസ്തഫ അധ്യക്ഷത വഹിച്ചു. കെ കെ രാഗേഷ് എം പി, അഡ്വ. എ എന്‍ ഷംസീര്‍ എം എല്‍ എ, ഫാ. ഡോ. അലക്‌സ് വടക്കുതല, നഗരസഭാ ചെയര്‍മാന്‍ സി കെ രമേശന്‍, കെ വി ഗോകുല്‍ദാസ്, സിനിമാനടന്‍ വിനീത്, അഡ്വ. ടി സുനില്‍കുമാര്‍, മോണ്‍. റവ. ക്ലാറന്‍സ്, ബിനീഷ് കോടിയേരി, വാര്‍ഡ് കൗണ്‍സിലര്‍ ടി എം റുബ്്‌സീന പ്രസംഗിച്ചു.

---- facebook comment plugin here -----

Latest