ജൊകോവിച് കണ്ണീര്‍ ചിത്രം

Posted on: August 9, 2016 1:20 am | Last updated: August 9, 2016 at 1:20 am

36FE0B0900000578-3728808-image-a-1_1470626950589റിയോഡിജനീറോ: പുരുഷ വിഭാഗം ഒളിമ്പിക് ടെന്നീസില്‍ സ്വര്‍ണം ലക്ഷ്യമിട്ടെത്തിയ നൊവാക് ജൊകോവിച് പുറത്ത്. സെര്‍ബിയന്‍ താരത്തെ ആദ്യ റൗണ്ടില്‍ അട്ടിമറിച്ചത് അര്‍ജന്റീനയുടെ യുവാന്‍ മാര്‍ട്ടിന്‍ ഡെല്‍ പൊട്രോയാണ്. സ്‌കോര്‍ : 7-6(4), 7-6(2).
ലണ്ടന്‍ ഒളിമ്പിക്‌സില്‍ വെങ്കലമെഡല്‍ ജേതാവാണ് ഡെല്‍ പൊട്രോ. മുന്‍ യു എസ് ഓപണ്‍ ചാമ്പ്യനായ ഡെല്‍ പൊട്രോ ലോക റാങ്കിംഗില്‍ 145 താം സ്ഥാനത്താണ്. പരുക്കും ഫോമില്ലായ്മയും കാരണം കരിയറില്‍ പിന്നാക്കം പോയ ഡെല്‍ പൊട്രോ പവര്‍ ടെന്നീസ് പുറത്തെടുത്തപ്പോള്‍ ലോക ഒന്നാം നമ്പറിന് കാലിടറി. സെര്‍വുകളിലും അര്‍ജന്റൈന്‍ കരുത്ത് കാണിച്ചു.
ഈ രാത്രിയില്‍ നൊവാകിനെ തോല്‍പ്പിക്കുവാന്‍ സാധിക്കുമെന്ന് ഞാന്‍ കരുതിയതേയില്ല – ഡെല്‍ പൊട്രോ പറഞ്ഞു. ഫോര്‍ഹാന്‍ഡ് ഷോട്ടുകളില്‍ മികച്ചു നില്‍ക്കാന്‍ സാധിച്ചതാണ് ജയം സാധ്യമാക്കിയതെന്ന് ഡെല്‍ പൊട്രോ വിലയിരുത്തുന്നു.
അതേ സമയം വിംബിള്‍ഡണ്‍ ചാമ്പ്യന്‍ ആന്‍ഡി മുറെ, സ്പാനിഷ് താരം റാഫേല്‍ നദാല്‍ എന്നിവര്‍ രണ്ടാം റൗണ്ടില്‍ പ്രവേശിച്ചിട്ടുണ്ട്.
വനിതാ സിംഗിള്‍സില്‍ നിലവിലെ ചാമ്പ്യന്‍ സെറീന വില്യംസ്, ജര്‍മനിയുടെ രണ്ടാം സീഡ് ആഞ്ചലീക് കെര്‍ബെര്‍ എന്നിവരും ആദ്യ റൗണ്ട് കടന്നു.ബ്രിട്ടീഷ് താരം ആന്‍ഡി മുറെ സെര്‍ബിയയുടെ വിക്ടര്‍ ട്രോസ്‌കിയെ 6-3,6-2ന് തോല്‍പ്പിച്ചപ്പോള്‍ റാഫേല്‍ നദാല്‍ അര്‍ജന്റീനയുടെ ഫെഡറികോ ഡല്‍ബൊനിസിനെ 6-2, 6-1ന് അനായാസം കീഴടക്കി.
ഫ്രഞ്ച് ഓപണില്‍ പരുക്ക് കാരണം കളിക്കാതിരുന്ന നദാല്‍ ഒളിമ്പിക് ഫേവറിറ്റാണ്. ഇറ്റലിയുടെ ആന്ദ്രെ സെപിയാണ് അടുത്ത എതിരാളി. സെറീന വില്യംസ് ആസ്‌ത്രേലിയയുടെ ഡാരിയ ഗാരിലോവയെ 6-4,6-2ന് തോല്‍പ്പിച്ചപ്പോള്‍ കെര്‍ബര്‍ കൊളംബിയന്‍ താരം മരിയാന ഡുക്വെ മരിനോയെ 6-3,7-5ന് പരാജയപ്പെടുത്തി.