വയര്‍ലെസ് സെറ്റ് കൊണ്ട് അടിച്ച സംഭവം:പോലീസുകാരനെതിരെ കേസെടുത്തു

Posted on: August 8, 2016 2:47 pm | Last updated: August 8, 2016 at 2:47 pm

POLICEകൊല്ലം: കൊല്ലത്ത് വാഹനപരിശോധനക്കിടയില്‍ ഹെല്‍മറ്റ് ധരിച്ചില്ലെന്ന പേരില്‍ യുവാവിനെ വയര്‍ലെസ് സെറ്റു കൊണ്ട് തലയ്ക്കടിച്ചു പരിക്കേല്‍പിച്ച സംഭവത്തില്‍ പോലീസുകാരനെതിരേ കേസെടുത്തു. കൊല്ലം എആര്‍ ക്യാമ്പിലെ പോലീസുകാരന്‍ മാഷ് ദാസിനെതിരെയാണ് കേസെടുത്തത്. ഐപിസി 326 വകുപ്പ് ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്.

കൊല്ലം കടപ്പാക്കട സ്വദേശി സന്തോഷ് ഫെലിക്‌സി (34)നാണ് ഹെല്‍മെറ്റ് പരിശോധനയ്ക്കിടെ മര്‍ദ്ദനമേറ്റത്. സംഭവം നടന്ന് മൂന്നു ദിവസം പിന്നിട്ടിട്ടും കുറ്റക്കാരനായ പോലീസുകാരനെതിരെ കേസെടുക്കാതിരുന്നതിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. പോലീസുകാരന്റെ അടിയേറ്റ് ഗുരുതരാവസ്ഥയില്‍ കഴിയുന്ന സന്തോഷിന് കേള്‍വിശക്തി നഷ്ടപ്പെട്ടു.
സംഭവത്തില്‍ പോലീസിന് ഗുരുതരവീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് പോലീസ് കംപ്ലയിന്റ് അതോറിറ്റി കണ്ടെത്തിയിരുന്നു. പത്തു വര്‍ഷം വരെ തടവു കിട്ടേണ്ട കുറ്റമാണ് പോലീസുകാരന്റെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നതെന്നും ഗുരുതരമായി പരിക്കേറ്റ സന്തോഷ് ഫിലിക്‌സിന് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്നും പോലീസ് കംപ്ലയിന്റ് അതോറിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് കെ നാരായണക്കുറുപ്പ് ആവശ്യപ്പെട്ടിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരം അഞ്ചിന് കൊല്ലം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു സമീപത്തെ ആശ്രാമം ലിങ്ക് റോഡിലായിരുന്നു സംഭവം. പോലീസ് വാഹനപരിശോധനയ്ക്കിടയിലാണ് സന്തോഷിന് അടിയേറ്റത്. സംഭവത്തെതുടര്‍ന്ന് നാട്ടുകാര്‍ റോഡ് ഉപരോധിച്ചിരുന്നു. പോലീസ് സംഘമെത്തി സ്ഥിതിഗതിശാന്തമാക്കിയശേഷം പോലീസ് ജീപ്പിലാണ് പരിക്കേറ്റ സന്തോഷിനെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.