Connect with us

Articles

കൈയേറ്റവും അധിനിവേശവും മരണമണിമുഴക്കി

Published

|

Last Updated

“കുന്നുകള്‍ കടിച്ചു മുറിച്ചു, മരങ്ങള്‍ ചവച്ചിറക്കി, പുഴകള്‍ കുടിച്ചു വറ്റിച്ചു. വിശപ്പ് ഇനിയും ശമിച്ചിട്ടില്ല”… എന്നു തുടങ്ങി കുറിച്ചിട്ട കവിത പോലെയാണ് പ്രകൃതിയോടു കാട്ടുന്ന മനുഷ്യന്റെ പരാക്രമമെന്ന് വിലയിരുത്തിയാല്‍ മാത്രം മതി നമ്മുടെ സസ്യജാലങ്ങളുടെ തിരോധാനത്തിന്റെ കാരണം മനസ്സിലാക്കാന്‍. മനുഷ്യന്റെ ആര്‍ത്തി അടര്‍ത്തിയെടുത്ത വിശാലമായ കുന്നുകളുടെയും ഒറ്റയടിക്ക് ഇല്ലാതാക്കിയ കാടിന്റെയും നാശമാണ് സസ്യവൈവിധ്യങ്ങളുടെ തിരോധാനത്തിനുള്ള പ്രധാന കാരണം. പശ്ചിമഘട്ടത്തിന്റെ നാശം ഇതിനു ബലം കൂട്ടുന്നു.
കേരളമുള്‍പ്പെടെ ആറ് സംസ്ഥാനങ്ങളിലെ 188 താലൂക്കുകളിലായി 1,64,280 ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്ത് 1500 കിലോമീറ്റര്‍ നീളത്തില്‍ വ്യാപിച്ചുകിടക്കുന്ന പ്രദേശമാണ് പശ്ചിമഘട്ടം. ഇന്ത്യയില്‍ മാത്രം കാണുന്ന നിരവധി ഇനം സസ്യജീവജാലങ്ങളുടെ ആവാസകേന്ദ്രമായ ഈ മലനിരകള്‍ ഒട്ടേറെ നദികളുടെ പ്രഭവസ്ഥാനം കൂടിയാണ്. സസ്യങ്ങളില്‍, രാജ്യത്തെ ആകെ പുഷ്പിക്കുന്ന ചെടികളില്‍ 27 ശതമാനം അതായത് 4000 ത്തോളം ഇനങ്ങള്‍, 56.6 ശതമാനം വരുന്ന (645 തരം) നിത്യഹരിതപുഷ്പങ്ങള്‍, 682 ഇനം പായലുകള്‍, 280 ഇനം വര്‍ണലതകള്‍ എന്നിവയൊക്കെ ഇവിടെ ഉണ്ട്. എന്നാല്‍ ഇവയില്‍ പലതും ശരവേഗത്തില്‍ അപ്രത്യക്ഷമായി കൊണ്ടിരിക്കുകയാണ്. കാടും കുന്നുകളും പുഴകളും വയലും കായലുകളുമെല്ലാമുള്ള പരസ്പരം ബന്ധപ്പെട്ട് നില്‍ക്കുന്ന ഈ ആവാസ വ്യവസ്ഥയാണ് കേരളത്തിന്റെ പാരിസ്ഥിതിക ഘടനയെ നിര്‍ണയിക്കുന്നതും നിലനിര്‍ത്തുന്നതും. ഈ ആവാസവ്യവസ്ഥയുടെ നാശം അതിവേഗമാണ് നമ്മുടെ സസ്യജാലങ്ങളുടെ വൈവിധ്യത്തെ ഇല്ലാതാക്കിയത്.
“സൈസീജിയം ട്രാവന്‍കോറിക്ക” എന്ന വാതംകൊല്ലി, പൊരിയന്‍ എന്ന പേരുള്ള കുളവെട്ടിമരം ചെങ്കല്‍ക്കുന്നുകളുടെ നാശം മൂലമാണ് വംശനാശത്തിന്റെ വക്കിലെത്തിയതെന്ന് കണ്ടെത്താന്‍ വലിയ പരീക്ഷണങ്ങള്‍ നടത്തേണ്ടതില്ല. ഭൂമിക്കടിയിലേക്ക് ഊര്‍ന്നിറങ്ങുന്ന ജലത്തെ ആഴത്തിലുള്ള വേരുപടലം കൊണ്ട് തടഞ്ഞുനിര്‍ത്തി വൃക്ഷം നില്‍ക്കുന്ന പ്രദേശം ചതുപ്പാക്കി മാറ്റാന്‍ കഴിവുള്ള കുളവെട്ടിയുള്ള പ്രദേശങ്ങളില്‍ ഒരിക്കലും ജലക്ഷാമമുണ്ടാകാറില്ല. ഇത്രയൊക്കെ കഴിവുണ്ടായിട്ടും ഈ മരത്തിന്റെ നാശത്തിനിടയാക്കിയത് പ്രകൃതിയിലുള്ള മനുഷ്യന്റെ കടന്നു കയറ്റം തന്നെയാണ്.
അകില്‍, കാട്ടമ്പഴം, കാട്ടുമല്ലി, ആറ്റുവയന തുടങ്ങിയ മരങ്ങളും അടുത്തിടെ ചുവന്ന പട്ടികയിലിടം നേടിയവയാണ്. തെക്കെ പശ്ചിമഘട്ടത്തിലുള്ള, അഞ്ച് മീറ്റര്‍ വരെ ഉയരം വെക്കുന്ന ഒരു ചെറിയ മരമാണ് ആനപ്പാണല്‍. നിത്യഹരിതവനങ്ങളിലെ അടിക്കാടുകളായി, വയനാട് മുതല്‍ ആനമല വരെയുള്ള പ്രദേശങ്ങളില്‍ കാണുന്ന ഈ ചെടി വംശനാശഭീഷണി നേരിടുന്ന ഒന്നാണ്. ഔഷധയോഗ്യമായ കുറ്റിച്ചെടിയാണ് കുരുട്ടുപാലയാണ് കണ്‍മറയുന്ന മറ്റൊന്ന്. കൂനന്‍പാല, കുന്നിന്‍പാല എന്നെല്ലാം ഇത് അറിയപ്പെടുന്നു. സാധാരണ നാട്ടിന്‍പുറങ്ങളിലൊക്കെ ഈ ചെടിയെ കാണാം. നന്ത്യാര്‍വട്ടം, കോളാമ്പി, അരളി എന്നിവയടങ്ങുന്ന അപ്പോസൈനേസീ കുടുംബത്തില്‍ പെട്ട സസ്യമാണ് കുരുട്ടുപാല. കാഴ്ചയില്‍ നന്ത്യാര്‍വട്ടവുമായി രൂപസാദൃശ്യമുണ്ട്.
ബോട്ടാണിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ പുറത്തിറക്കിയ ചുവന്ന പുസ്തകത്തില്‍ കേരളത്തിലെ വനങ്ങളില്‍ കാണുന്ന നിരവധി ചെടികള്‍ നേരത്തെ സ്ഥാനം പിടിച്ചിരുന്നു. കാശിത്തുമ്പ ഇനത്തില്‍പെട്ട ചെടികള്‍ നമ്മുടെ മലമുടികളിലുണ്ട്. ഇംപേഷ്യന്‍സ് എന്ന ജനുസ്സില്‍പ്പെട്ട ചില മലങ്കാശിത്തുമ്പകളുടെ ഇനം കുറ്റിയറ്റു പോയതായി ബോട്ടാണിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ രേഖപ്പെടുത്തിയിട്ടുണ്ട്. വളരെ അപൂര്‍വമായ മലബാര്‍ ഡാഫോഡില്‍, ബോക്കി കൊറിത്തിഡ് വൈറ്റി തുടങ്ങിയ ഓര്‍ക്കിഡുകള്‍ പശ്ചിമഘട്ട മലയില്‍ വംശനാശ ഭീഷണി നേരിട്ടവയായാണ് കണക്കാക്കപ്പെട്ടിട്ടുള്ളത്.
നിശ്ചിത കാലാവസ്ഥയിലും ആവാസ വ്യവസ്ഥയിലും മാത്രം നിലനില്‍ക്കുന്ന സസ്യജനുസ്സുകള്‍ അപ്രത്യക്ഷമാകാനുള്ള പ്രധാന കാരണങ്ങളിലൊന്ന് കടന്നു കയറ്റവും കാലാവസ്ഥാ വ്യതിയാനവുമാണെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. കാടുകള്‍ വെട്ടിവെളുപ്പിക്കുന്നതും നാണ്യവിള തോട്ടങ്ങള്‍ വര്‍ധിക്കുന്നതുമെല്ലാം സസ്യങ്ങളുടെ തിരോധാനത്തിന് കാരണമാകുന്നതായി കേരള വന ഗവേഷണ കേന്ദ്രത്തിലെ സസ്യശാസ്ത്രജ്ഞര്‍ പറയുന്നു. തീരപ്രദേശങ്ങളിലും ചതുപ്പുകളിലും കാണുന്ന നിത്യഹരിത വനങ്ങളായ കണ്ടലുകളുടെ വംശനാശമാണ് നിരീക്ഷിക്കേണ്ട മറ്റൊരു വിഭാഗം. പുഴയും കടലും ചേരുന്നയിടങ്ങളിലെ ഉപ്പ് കലര്‍ന്ന വെള്ളത്തില്‍ വളരുന്ന ഇത്തരം ചെടികള്‍ ജല ശുദ്ധീകരണത്തിനു പ്രധാന പങ്ക് വഹിക്കുന്നു. കടകണ്ടല്‍, പൂക്കണ്ടല്‍, വള്ളിക്കണ്ടല്‍, എഴുത്താണിക്കണ്ടല്‍, ചെറിയ ഉപ്പട്ടി, വലിയ ഉപ്പട്ടി, ഭ്രാന്തന്‍ കണ്ടല്‍, ചെറുകണ്ടല്‍ ചുള്ളിക്കണ്ടല്‍, കണ്ണാമ്പൊട്ടി തുടങ്ങി ഇന്ത്യയില്‍ കണ്ടുവരുന്ന 59 ജാതി കണ്ടല്‍ച്ചെടികളില്‍ 14 ഇനം കേരളത്തില്‍ കണ്ടുവരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇവയില്‍ പലതും വംശമറ്റു കിടക്കുകയോ അഥവാ കണ്‍മുന്നില്‍ നിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയോ ചെയ്യുന്നവയാണ്. 40 വര്‍ഷം മുമ്പ് വരെ കേരളത്തില്‍ 700 ചതുരശ്ര കിലോമീറ്ററില്‍ കുറയാത്ത പ്രദേശത്ത് കണ്ടലുകള്‍ വളര്‍ന്നിരുന്നുവെങ്കില്‍ ഇന്ന് ഏകദേശം 17 ച.കി.മീറ്ററില്‍ താഴെയേ കണ്ടലുകള്‍ കാണപ്പെടുന്നുള്ളൂവെന്നത് തന്നെ പല ഇനങ്ങളും വംശമറ്റു പോകുന്നതിന്റെ കാരണമായി നമുക്ക് വായിച്ചെടുക്കാം. കണ്ണൂര്‍ തീരത്ത് 755 ഹെക്ടര്‍, കോഴിക്കോട് 293 ഹെക്ടര്‍, ആലപ്പുഴ 90 ഹെക്ടര്‍, എറണാകുളം 260 ഹെക്ടര്‍, കോട്ടയം 80 ഹെക്ടര്‍ എന്നിങ്ങനെ മാത്രമാണ് കണ്ടാല്‍ വനങ്ങള്‍ അവശേഷിക്കുന്നത്.
കേരളത്തിന്റെ തനത് സസ്യസമ്പത്തിനെ വിദേശങ്ങളില്‍ നിന്നെത്തിയ പലയിനം കളകള്‍ ഇല്ലാതാക്കുന്നുവെന്നതാണ് മറ്റൊരു പഠനം. കേരള വന ഗവേഷണ ഇന്‍സ്റ്റിറ്റൂട്ട് സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളില്‍ നിന്നായി 4,000 നിരീക്ഷണ ബിന്ദുക്കളില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ 89 സസ്യഇനങ്ങള്‍ കേരളത്തിലെ ജൈവവൈവിധ്യങ്ങള്‍ക്ക് ആഘാതമേല്‍പ്പിക്കുന്നുണ്ടെന്ന് കണ്ടെത്തി. ഇവയില്‍ 11 മരങ്ങളും 39 ചെറുചെടികളും 24 കുറ്റിച്ചെടികളും 15 വള്ളിച്ചെടികളുമുണ്ട്. ഇവയില്‍ത്തന്നെ 19 എണ്ണം നിര്‍ണായകമായ അവസ്ഥയില്‍ തദ്ദേശീയ സസ്യഇനങ്ങളെ പൂര്‍ണമായും ഇല്ലാതാക്കുന്ന വിധത്തില്‍ വളരുന്നതായും കണ്ടെത്തി. തനത് ജൈവ വ്യവസ്ഥക്ക് ഭീഷണിയാകുന്ന അധിനിവേശ സസ്യങ്ങളില്‍ 40 ശതമാനവും തെക്കേ അമേരിക്കയില്‍ നിന്നെത്തിയവയാണ്. ലാറ്റിന്‍ അമേരിക്ക, മലേഷ്യ, ഇന്തോനേഷ്യ, ശ്രീലങ്ക രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന മരത്തടികള്‍, ഫര്‍ണിച്ചര്‍, വിവിധ രാജ്യങ്ങളില്‍ നിന്ന് എത്തുന്ന ഭക്ഷ്യധാന്യങ്ങള്‍, ഇറക്കുമതി ചെയ്യുന്ന അലങ്കാരസസ്യങ്ങല്‍ എന്നിവയില്‍ നിന്നെല്ലാമാണ് ഇത്തരം കള സസ്യങ്ങള്‍ കൂടുതലായുമെത്തുന്നത്. പ്രധാനമായും ധൃതരാഷ്ട്രപച്ച, കമ്യൂണിസ്റ്റ് പച്ച, കൊങ്ങിണി, കുളവാഴ, ആഫ്രിക്കന്‍ പായല്‍, അക്കേഷ്യ, സിംഗപ്പൂര്‍ ഡെയ്‌സി, ആനത്തൊട്ടാവാടി, മലഞ്ചാവ, വാറ്റില്‍, മൈക്കാനിയ, അരിപ്പൂച്ചെടി, പാര്‍ത്തീനിയം, ഐപോമ്യകാര്‍ണിയ തുടങ്ങിയവയാണ് കേരളത്തിന്റെ സ്വാഭാവിക പരിസ്ഥിതിയെ മാറ്റിമറിച്ച പ്രധാന കളയിനങ്ങള്‍. ഇതില്‍ നാട്ടുസസ്യങ്ങളുടെ വളര്‍ച്ചക്ക് തടസ്സം സൃഷ്ടിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചത് “ലന്താനകാമര” എന്ന അമേരിക്കന്‍ ചെടിയായ അരിപ്പൂച്ചെടിയാണ്. മലയോരങ്ങളില്‍ വ്യാപകമായ മലഞ്ചാവ എന്ന പന്നല്‍ച്ചെടിയും കനത്ത പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഉയര്‍ത്തുന്നു. ആസ്‌ട്രേലിയയില്‍ നിന്നെത്തിയ വാറ്റില്‍ എന്ന ചെടി തദ്ദേശീയ ചെടികള്‍ക്കും ജീവികള്‍ക്കും പ്രശ്‌നമുണ്ടാക്കുന്നുണ്ട്. അതിവേഗം പടര്‍ന്നുകൊണ്ടിരിക്കുന്ന അമേരിക്കയില്‍ നിന്നെത്തിയ മൈകാനിയ എന്ന വള്ളിച്ചെടി തറയിലും മരങ്ങളെ മൂടിയുമാണ് വളരുന്നത്. അമേരിക്കയില്‍ നിന്നുതന്നെയെത്തിയ വിഷച്ചെടിയായ പാര്‍ത്തീനിയവും ആനത്തൊട്ടാവാടിയും കേരളത്തില്‍ വ്യാപകമായി പടര്‍ന്നുവരുന്നതായി ഇതേക്കുറിച്ച് ഗവേഷണം നടത്തിയ വി സി ബാലകൃഷ്ണന്‍ പറഞ്ഞു. തണ്ണീര്‍ത്തടങ്ങളിലും വയലുകളിലും നിറയുന്ന ഐപോമിയ കാര്‍ണിയ എന്ന പൂച്ചെടിയും ആവാസ വ്യവസ്ഥക്ക് പ്രശ്‌നമുണ്ടാക്കുന്നു. സൂര്യകാന്തിയുടെ കുടുംബത്തില്‍ പെടുന്ന സിംഗപ്പൂര്‍ ഡെയ്‌സി ഐ യു സി എന്‍ തയ്യാറാക്കിയ ലോകത്തിലെ നൂറ് അധിനിവേശ സ്പീഷീസുകളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കുന്നുകളുടെ നാശവും കളസസ്യങ്ങളുടെ വ്യാപനവും മൂലം ഇല്ലാതാകുന്ന നാട്ടുസസ്യങ്ങളില്‍ കൃഷ്ണകേസരിച്ചെടി, പഴുതാരക്കാലി, കഥകളി ഓര്‍ക്കിഡ്, കണ്ണാന്തളി, ഐസോയിട്ടസ്, ആടലോടകം, ഉറുതൂക്കി, കൊടുത്തൂവ, തവര തുടങ്ങിയവ സ്ഥാനം പിടിച്ചിട്ടുണ്ട്. പന്നല്‍ വര്‍ഗത്തില്‍പ്പെട്ട ഐസോയിട്ടസ് എന്ന ചെടി കണ്ണൂര്‍, തൃശൂര്‍, പാലക്കാട് ജില്ലകളിലെ ചില നെല്‍വയലുകളില്‍ മാത്രമേ ഇപ്പോള്‍ കാണാനാകൂ എന്ന് ഗവേഷകര്‍ പറയുന്നുണ്ട്. മാടായിപ്പാറയില്‍ 1990ല്‍ കണ്ടെത്തിയ കൃഷ്ണകേസരിച്ചെടിയും ഇത്തരത്തില്‍ നാശം സംഭവിച്ച ഒന്നാണ്. (തുടരും)

ബ്യൂറോ ചീഫ്, സിറാജ്, കൊച്ചി