Connect with us

Idukki

മാണിയുടെ മനം മാറ്റം; യു ഡി എഫിന് നിയസഭാ പ്രാതിനിധ്യം ഇല്ലാത്ത ജില്ലയായി ഇടുക്കി

Published

|

Last Updated

തൊടുപുഴ: കെ എം മാണി മുന്നണി വിട്ടതോടെ ഇടുക്കി ജില്ലയില്‍ യു ഡി എഫിന് എം എല്‍ എമാര്‍ ഇല്ലാതായി. നിലവില്‍ തൊടുപുഴ എം എല്‍ എ. പി ജെ ജോസഫും ഇടുക്കി എം എല്‍ എ റോഷി അഗസ്റ്റിനുമാണ് യു ഡി എഫിനെ പ്രതിനിധീകരിച്ച് ജില്ലയില്‍നിന്നുണ്ടായിരുന്നത്. ഇരുവരും മാണി ഗ്രൂപ്പുകാരാണ്. കഴിഞ്ഞ മൂന്ന് നിയമസഭാ തിരഞ്ഞെടുപ്പുകളിലായി കോണ്‍ഗ്രസുകാരൊന്നും ഇടുക്കിയില്‍ നിന്നും നിയമസഭയിലെത്താത്തിനാല്‍ കേരള കോണ്‍ഗ്രസ്(എം) പ്രതിനിധികളായിരുന്നു ഇവിടെ നിന്നും യു ഡി എഫിനുണ്ടായിരുന്നത്. 1972ല്‍ ജില്ല രൂപവത്കരിച്ചതിന് ശേഷം ഇടുക്കിയില്‍ നിന്നും യു ഡി എഫ് എം എല്‍ എ ഇല്ലാതെ വരുന്നതും ആദ്യമായാണ്.
നിയമസഭയില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കാനുളള കേരള കോണ്‍ഗ്രസ് (എം) തീരുമാനം തദ്ദേശസ്ഥാപനങ്ങളെ ബാധിക്കില്ലെന്ന് പറയുന്നുണ്ടെങ്കിലും ജില്ലയിലെ രണ്ട് നഗരസഭകളും 15ലേറെ പഞ്ചായത്തുകളും യു ഡി എഫിന് കാലക്രമത്തില്‍ നഷ്ടമായേക്കും. മാത്രമല്ല കേരള കോണ്‍ഗ്രസിനെ കൂടുതല്‍ പ്രകോപിപ്പിക്കുന്ന തരത്തില്‍ ഇന്നലെ കോണ്‍ഗ്രസുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. വിവിധ കേന്ദ്രങ്ങളില്‍ കേരള കോണ്‍ഗ്രസിനെതിരെ പ്രകടനം നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തൊടുപുഴയില്‍ പി ജെ ജോസഫിന്റെ ഓഫീസിനു നേരെ കല്ലേറ് നടത്തി.
അഞ്ച് സീറ്റുകളില്‍ മൂന്നെണ്ണത്തിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ വിജയിച്ച 2001ലെ തിരഞ്ഞെടുപ്പോടെ ജില്ലയില്‍നിന്നുള്ള കോണ്‍ഗ്രസ് എം എല്‍ എമാരുടെ പ്രാതിനിധ്യം നിയമസഭയില്‍ അവസാനിച്ചു. അന്ന് തൊടുപുഴയില്‍നിന്ന് പി ടി തോമസും പീരുമേട്ടില്‍നിന്ന് ഇ എം ആഗസ്തിയും ദേവികുളത്തുനിന്ന് എ കെ മണിയും വിജയിച്ചിരുന്നു. അന്ന് പി ജെ ജോസഫ് വിഭാഗം എല്‍ ഡി എഫിലായിരിക്കെയാണ് തൊടുപുഴയില്‍ പി ടി തോമസ് വിജയിച്ചത്. ഇടുക്കിയില്‍ കന്നി മത്സരത്തിനിറങ്ങി റോഷി വിജയിച്ചതും ഇതേ തിരഞ്ഞെടുപ്പിലായിരുന്നു. എന്നാല്‍ 2006ല്‍ ഈ നേട്ടം ആവര്‍ത്തിക്കാന്‍ യു ഡി എഫിന് കഴിഞ്ഞില്ല. പി ടി തോമസിനെ തോല്‍പിച്ച് പി ജെ ജോസഫ് തട്ടകം തിരിച്ചുപിടിച്ചപ്പോള്‍ സി പി ഐയിലെ ഇ എസ് ബിജിമോള്‍ തന്റെ കന്നിമത്സരത്തില്‍ ഇ എം ആഗസ്തിയെ തോല്‍പിച്ചു നിയമസഭയിലെത്തി.
ദേവികുളത്ത് എ കെ മണിയെ പരാജയപ്പെടുത്തി എസ് രാജേന്ദ്രനും വിജയിച്ചു. റോഷി അഗസ്റ്റിന്‍ ഇടുക്കിയില്‍നിന്നു വിജയിച്ചതു മാത്രമായിരുന്നു യു ഡി എഫിന്റെ ആശ്വാസം. പിന്നീടുണ്ടായ രണ്ട് തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥികള്‍ പരാജയപ്പെടുകയായിരുന്നു.
ഒരു മുന്നണിക്കും കേവല ഭൂരിപക്ഷമില്ലാത്ത തൊടുപുഴ, കട്ടപ്പന നഗരസഭകള്‍ നിലവില്‍ ഭരിക്കുന്നത് യു ഡി എഫാണ്. മാണി വിഭാഗം കനിഞ്ഞാല്‍ ഇവ രണ്ടും എല്‍ ഡി എഫ് പിടിക്കും. 53 ഗ്രാമപഞ്ചായത്തുകളില്‍ യു ഡി എഫ് 28ഉം എല്‍ ഡി എഫ് 23ലുമാണ് നിലവില്‍ ഭരിക്കുന്നത്.

---- facebook comment plugin here -----

Latest