അല്ലാഹുവിന്റെ നാമം ഉച്ചരിച്ച ദമ്പതികളെ അമേരിക്കന്‍ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടു

Posted on: August 7, 2016 12:23 am | Last updated: August 7, 2016 at 12:23 am
SHARE

airlinesസിന്‍സിന്നാറ്റി: അല്ലാഹുവിന്റെ നാമം ഉച്ചരിച്ചതിന് പാക്- അമേരിക്കന്‍ മുസ്‌ലിം ദമ്പതികളെ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടു. പാരീസില്‍ നിന്ന് സിന്‍സിന്നാറ്റിയിലേക്കുള്ള ഡെല്‍റ്റ എയര്‍ലൈന്‍സിന്റെ വിമാനത്തിലാണ് സംഭവം. അകാരണമായി വിയര്‍ക്കുകയും അല്ലാഹു എന്ന് ഉച്ചരിക്കുകയും ചെയ്തുവെന്നാണ് ഇവര്‍ക്കെതിരെ ഉന്നയിച്ചിട്ടുള്ള ആരോപണം. പാക് അമേരിക്കന്‍ ദമ്പതികളായ നാസിയക്കും ഫൈസല്‍ അലിക്കുമാണ് അമേരിക്കയുടെ ഡെല്‍റ്റ എയര്‍ലൈന്‍സിന്റെ വിമാനത്തില്‍ നിന്നും ഇസ്‌ലാമോഫോബിയയുടെ ഭാഗമായി ഇത്തരമൊരു ദുരനുഭവം നേരിടേണ്ടിവന്നത്.
സ്ത്രീ മുഖമക്കന ധരിച്ചിട്ടുണ്ടെന്നും അല്ലാഹു എന്ന് ഉച്ചരിക്കുന്നുണ്ടെന്നും പുരുഷന്‍ അകാരണമായി വിയര്‍ക്കുന്നുണ്ടെന്നും പൈലറ്റിനെ ഡെല്‍റ്റ എയര്‍ലൈന്‍സ് ജീവനക്കാരി അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൈലറ്റ് ഓഫീസുമായി ബന്ധപ്പെട്ട് യാത്ര തുടരാതെ വിമാനത്തില്‍ നിന്നും ദമ്പതികളെ പുറത്തിറക്കുകയായിരുന്നു. ഒമ്പത് മണിക്കൂര്‍ നീണ്ട യാത്രക്കായിരുന്നു ഇവര്‍ തയ്യാറെടുത്തിരുന്നത്. 45 മിനുട്ടോളം സീറ്റില്‍ ഇരുന്നതിനു ശേഷമാണ് പുറത്താക്കിയതെന്നു നാസിയ സിന്‍സിന്നാറ്റി അമേരിക്കന്‍- ഇസ്‌ലാമിക് റിലേഷന്‍ കൗണ്‍സിലില്‍ അധികൃതരോട് വ്യക്തമാക്കി.ദമ്പതികളെ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ട നടപടിയില്‍ ഡെല്‍റ്റ എയര്‍ലൈന്‍സിനെതിരെ മുസ്‌ലിം നീതിന്യായ വിഭാഗം യു എസ് ഗതാഗത വകുപ്പിന് പരാതി നല്‍കിയിട്ടുണ്ട്.