Connect with us

National

രോഹിത് വെമുല ദളിതനെന്ന് പട്ടികജാതി കമ്മീഷന്‍

Published

|

Last Updated

ന്യൂഡല്‍ഹി: ആത്മഹത്യ ചെയ്ത ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയിലെ ഗവേഷണ വിദ്യാര്‍ഥി രോഹിത് വെമുല ദളിത് വിഭാഗത്തില്‍പ്പെട്ടയാളാണെന്ന് ദേശീയ പട്ടികജാതി കമ്മീഷന്‍ (എന്‍ സി എസ് സി) അധ്യക്ഷന്‍ പി എല്‍ പുനിയയുടെ റിപ്പോര്‍ട്ട്. ബി പി എല്‍ പട്ടികയില്‍പ്പെടുന്നതിനാല്‍ രോഹിത് വെമുലയുടെ കുടുംബം വീട്, ജോലി, സാമ്പത്തിക സഹായം ഉള്‍പ്പെടെയുള്ള എല്ലാ ആനുകൂല്യങ്ങള്‍ക്കും അര്‍ഹരാണെന്നും കമ്മീഷന്‍ വ്യക്തമാക്കി. സര്‍ക്കാര്‍ രേഖകളും മറ്റും പരിശോധിച്ച ശേഷം മാസങ്ങളോളം നടത്തിയ പഠനത്തിലാണ് രോഹിത് ദളിതനെന്ന് പ്രഖ്യാപിക്കുന്നതെന്ന് കമ്മീഷന്‍ അറിയിച്ചു. രോഹിതിന്റെ ജാതി വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് ജൂണില്‍ തന്നെ ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഗുണ്ടൂര്‍ ജില്ലാ ഭരണകൂടം വിശദമായ പരിശോധന നടത്തി. ഇതിലാണ് രോഹിത് ദളിതനാണെന്ന് വ്യക്തമായതെന്ന് കമ്മീഷന്‍ അധ്യക്ഷന്‍ പി എല്‍ പുനിയ അറിയിച്ചു. ആന്ധ്രാ പ്രദേശിലെ ഗുണ്ടൂര്‍ സ്വദേശിയാണ് രോഹിത്.
ജില്ലാഭരണകൂടം രോഹിതിന്റെ വര്‍ഷങ്ങള്‍ മുമ്പുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ഉള്‍പ്പെടെയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പുതിയ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ ഈ മാസം 23ന് കമ്മീഷന്‍ യോഗം വിളിച്ചിട്ടുണ്ട്.

Latest