മനക്കരുത്തോടെ ദുബൈ; നേരിട്ടത് വന്‍ അപകടത്തെ

Posted on: August 4, 2016 3:51 pm | Last updated: August 4, 2016 at 3:51 pm
SHARE

flghtദുബൈ: അപ്രതീക്ഷിതമായി വന്ന ദുരന്തത്തെ ദുബൈ നേരിട്ടത് അതീവ ജാഗ്രതയോടെയും മനക്കരുത്തോടെയും. ബുധനാഴ്ച ഉച്ചക്കാണ് തിരുവനന്തപുരത്ത് നിന്ന് നിറയെ യാത്രക്കാരുമായെത്തിയ വിമാനം ലാന്‍ഡിംഗിനിടെ അപകടത്തില്‍ പെട്ടത്. ലോകത്തിന്റെ കണ്ണും കാതും ദുബൈയിലേക്ക് തിരിഞ്ഞ മണിക്കൂറുകളില്‍ അതീവ ജാഗ്രതയോടെ രക്ഷാപ്രവര്‍ത്തനങ്ങളില്‍ മുഴുകുകയായിരുന്നു ദുബൈ മുഴുവനും. അതോടൊപ്പം കൃത്യമായ വിവരങ്ങള്‍ ലോകത്തിന് നല്‍കാനും അധികൃതര്‍ കണിശമായ ശ്രദ്ധ കാണിച്ചു. യു എ ഇ സമയം 12.45നാണ് തിരുവനന്തപുരത്ത് നിന്നുള്ള ബോയിംഗ് 777 വിമാനം ദുബൈയില്‍ പറന്നിറങ്ങുന്നിനിടെ അപകടത്തില്‍ പെട്ടത്. 15 മിനിറ്റിനകം തന്നെ എമിറേറ്റ്‌സ് അധികൃതര്‍ അപകടം സ്ഥിരീകരിച്ചുകൊണ്ട് പ്രസ്താവനയിറക്കി. ദുബൈ മീഡിയ ഓഫീസ് ഇടതടവില്ലാതെ സംഭവത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ടുകൊണ്ടിരുന്നു.

അപകടം നടന്ന നിമിഷം തന്നെ ദുബൈയുടെ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം തികഞ്ഞ ജാഗ്രതയോടെയാണ് കാര്യങ്ങള്‍ കൈകാര്യം ചെയ്തത്. ഇത്തരത്തിലുള്ള ഏതൊരു സാഹചര്യവും നേരിടാന്‍ പാകത്തിലുള്ള മികച്ച പരിശീലനം നേടിയവരാണ് അടിയന്തര വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ടീമിലുള്ളത്. തീപിടുത്തം പോലുള്ള അപകടങ്ങളെ നേരിടുന്നതിനുള്ള അത്യാധുനിക സാമഗ്രികളും അവര്‍ക്ക് സ്വന്തമാണ്. തീയണക്കുന്നതിനോടൊപ്പം യാത്രക്കാരെ സുരക്ഷിതമായി പുറത്തെത്തിക്കാനും അതീവ ശ്രദ്ധയോടെ അധികൃതര്‍ പ്രവര്‍ത്തിച്ചു. 90 സെക്കന്റുകള്‍ക്കകം യാത്രക്കാരെ മുഴുവന്‍ പുറത്തിറക്കി. ആദ്യം യാത്രക്കാരും പിന്നീട് വിമാന ജീവനക്കാരും എന്ന രീതിയിലാണ് സുരക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയത്. അപകടത്തെ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിന് എയര്‍പോര്‍ട്ടിന്റെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവെച്ചിരുന്നു. നേരത്തെ നാല് മണിക്കൂര്‍ നേരത്തേക്കാണ് എയര്‍പോര്‍ട് അടച്ചിട്ടത്. പിന്നീട് എട്ട് മണിക്കൂര്‍ സമയത്തേക്ക് പ്രവര്‍ത്തനം നിര്‍ത്തിവെച്ചുകൊണ്ട് അറിയിപ്പുണ്ടായി. ഏതാനും വിമാനങ്ങള്‍ റദ്ദ് ചെയ്യുകയും ചെയ്തിരുന്നു. വൈകീട്ട് 6.43ഓടെ പ്രവ ര്‍ത്തനം സാധാരണ നിലയിലേക്ക് കൊണ്ടുവരാനും ദുബൈക്ക് സാധിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here