Connect with us

Gulf

ചാന്ദ്ര ദൗത്യത്തിനൊരുങ്ങുന്ന പേടകത്തിന് ഖത്വര്‍ മണല്‍പരപ്പില്‍ പരീക്ഷണ വിജയം

Published

|

Last Updated

ഖത്വര്‍ മരുഭൂമിയില്‍ പരീക്ഷണത്തിലേര്‍പ്പെട്ട ഗവേഷകര്‍

ദോഹ: ചന്ദ്ര പര്യവേക്ഷണത്തിനു തയാറെടുക്കുന്ന ലോകത്തെ ആദ്യ സ്വകാര്യ ശാസ്ത്ര സംഘം ഖത്വറിലെ സക്‌രീത്ത് ഗ്രാമത്തില്‍ പരീക്ഷണം നടത്തി. അടുത്ത വര്‍ഷത്തോടെ ഓഡി ലുനാര്‍ ക്വാട്രോ ശൂന്യാകാശത്ത് എത്തിക്കാനുള്ള യത്‌നത്തിലാണ് ബെര്‍ലിന്‍ ആസ്ഥാനമായ പാര്‍ട് ടൈം സയന്റിസ്റ്റ് സംഘം. ഇതിനായുള്ള പരീക്ഷണങ്ങളുടെ ഭാഗമായാണ് ചാന്ദ്ര വാഹനത്തോടൊപ്പം ഗവേഷണ സംഘവും രാജ്യത്തെ മരുഭൂമി തേടിയെത്തിയത്.

മരൂഭൂമിയിലെ ഇളകിയ മണലിലും മണല്‍ക്കൂനകളിലും പേടകം സുഖകരമായി യാത്ര ചെയ്തത് ശാസ്ത്രജ്ഞരെ അത്ഭുതപ്പെടുത്തിയെന്ന് പി ടി സയന്റിസ്റ്റ് സംഘത്തെ ഉദ്ധരിച്ച് ദോഹ ന്യൂസ് റിപ്പോര്‍ട്ടു ചെയ്തു. അതേസമയം കടുത്ത ചൂട് പരീക്ഷണത്തിന് ചെറിയ തടസം സൃഷ്ടിച്ചുവെന്ന് പി ടി സയന്റിസ്റ്റ് മിഡ്‌ലീസ്റ്റ് കണ്‍സല്‍ട്ടന്റ് ടോസ്‌റ്റെന്‍ ക്രീനിംഗ് പറഞ്ഞു. മരുഭൂമിയിലെ ആദ്യ പരീക്ഷണമെന്ന നിലയില്‍ ചാന്ദ്ര പേടകത്തിന്റെ ചലനങ്ങള്‍ പൊതുവെ വിജയകരമായിരുന്നു. ചില പോരായ്മകള്‍ കൂടി പരിഹരിക്കേണ്ടതുണ്ടെന്ന് മനസ്സിലാക്കി.

മണലിലെ ചരിഞ്ഞ പ്രതലത്തില്‍ പേടകം ചില വെല്ലുവിളികള്‍ നേരിട്ടു. എന്നാല്‍ മണല്‍ക്കൂനകളില്‍ നിന്ന് പുറകോട്ടു സഞ്ചരിക്കുന്നതില്‍ ഓഡി ലുനാര്‍ ക്വാട്രോ പേടകം മികച്ച പ്രകടനം നടത്തി. വ്യത്യസ്ത താപനിലയില്‍ പേടകം എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നു നിരീക്ഷിക്കാന്‍ തെര്‍മല്‍ ഇമാജിംഗ് ക്യാമറ ഉപയോഗിച്ചിരുന്നു. ഉയര്‍ന്ന ഊഷ്മാവില്‍ എന്‍ജിന്‍ ചെറിയ തോതില്‍ പ്രയാസം നേരിടുന്നതായി കാമറ കണ്ടെത്തി. ചാന്ദ്ര പ്രതലവുമായി സാമ്യമുള്ള ഇളകിയ മാര്‍ദവമുള്ള മണലില്‍ പേടകം നല്ല രീതിയില്‍ യാത്ര പൂര്‍ത്തിയാക്കിയെന്ന് പി ടി സയന്റിസ്റ്റ് സി ഇ ഒ റോബര്‍ട്ട് ബൂമെ പറഞ്ഞു. അന്തിമ യാത്രക്കു മുമ്പ് പരീക്ഷണത്തിലെ കണ്ടെത്തലുകള്‍ വെച്ച് ആവശ്യമായ ക്രമീകരണങ്ങള്‍ നടത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ചന്ദ്രനില്‍ ഇറങ്ങാനായി സംഘം വികസിപ്പിച്ച ഓട്ടോണമസ് ലാന്‍ഡിംഗ് ആന്‍ഡ് നാവിഗേഷന്‍ മൊഡ്യൂളില്‍ (അലിന) ആകും പേടകം ചാന്ദ്ര ദൗത്യത്തിനൊരുങ്ങുക. ഗൂഗ്ള്‍ ലുനാര്‍ എക്‌സ് പ്രൈസിനു വേണ്ടിയാണ് സ്വകാര്യ മേഖലയിലുള്ള ആദ്യ ഉദ്യമം. ചന്ദ്രനില്‍ 500 മീറ്റര്‍ സഞ്ചരിച്ച് ഹൈ റെസല്യൂഷന്‍ വിഡിയോകളും ചിത്രങ്ങളും ഭൂമിയിലേക്ക് അയക്കുന്ന ആദ്യ സംഘത്തിന് 20 ദശലക്ഷം ഡോളര്‍ പാരിതോഷികം ലഭിക്കും. രണ്ടാമതെത്തുന്നവര്‍ക്ക് അഞ്ച് ദശലക്ഷം ഡോളറാണ് ലഭിക്കുക. കൂടാതെ ചാന്ദ്ര പര്യവേക്ഷണവുമായി ബന്ധപ്പെട്ട മറ്റു ചില പാരിതോഷികങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. ചാന്ദ്ര പര്യവേക്ഷണം പ്രോത്സാഹിപ്പിക്കാനായി ഗൂഗിളിന്റെ സ്‌പോണ്‍സര്‍ഷിപ്പോടെ എക്‌സ് പ്രൈസ് ഫൗണ്ടേഷനാണ് ശൂന്യാകാശ മത്സരം ഏര്‍പ്പെടുത്തിയത്. ശൂന്യാകാശ പര്യവേക്ഷണത്തിന് ചെലവു കുറഞ്ഞ സംവിധാനം രൂപപ്പെടുത്തുകയാണ് 2007ല്‍ പ്രഖ്യാപിച്ച പദ്ധതിയുടെ ലക്ഷ്യം.

Latest