ക്ഷേത്രത്തില്‍ പ്രവേശനം വിലക്കി: തമിഴ്‌നാട്ടില്‍ 250 ദളിത് കുടുംബങ്ങള്‍ ഇസ്ലാം മതത്തിലേക്ക്

Posted on: July 28, 2016 2:50 pm | Last updated: July 28, 2016 at 2:51 pm
SHARE

dalit familiesചെന്നൈ: തമിഴ്‌നാട്ടില്‍ 250 ദളിത് കുടുംബങ്ങള്‍ ഇസ്ലാം മതം സ്വീകരിക്കാന്‍ ഒരുങ്ങുന്നു. തമിഴ്‌നാട്ടിലെ നാഗപട്ടണം ജില്ലയിലെ പഴങ്കല്ലിമേട് ഗ്രാമത്തിലെ 250 ദളിത് കുടുംബങ്ങളില്‍ പെട്ട ഹിന്ദുമത വിശ്വാസികളാണ് ഇസ്ലാം മതത്തിലേക്കു പരിവര്‍ത്തനം നടത്താന്‍ തയാറെടുക്കുന്നത്. ക്ഷേത്രത്തില്‍ നടന്ന അഞ്ചു ദിവസത്തെ വാര്‍ഷിക ആഘോഷങ്ങള്‍ക്കിടയില്‍ ആചാരത്തിന്റെ ഭാഗമായി തങ്ങള്‍ക്കും ക്ഷേത്രത്തില്‍ പൂജ നടത്താന്‍ അവസരം നല്‍കണമെന്ന് ഇവര്‍ ആവശ്യപ്പെട്ട് വരികയായിരുന്നു. എന്നാല്‍ മറ്റ് ജാതിക്കാര്‍ ഇത് അനുവദിച്ചിരുന്നില്ല. ഇതില്‍ പ്രതിഷേധിച്ച് ആറോളം കുടുംബങ്ങള്‍ ഇസ്ലാം മതം സ്വീകരിച്ചു കഴിഞ്ഞെന്നാണ് റിപ്പോര്‍ട്ടുകള്‍.

ജില്ലാ ഭരണകൂടത്തോടും പോലീസിനോടും പരാതി പറഞ്ഞിട്ടും ഫലമുണ്ടാകാത്തതില്‍ പ്രതിഷേധിച്ച് ആധാര്‍ കാര്‍ഡുകള്‍ വരെ തിരിച്ചുനല്‍കി. അധികാരികള്‍ നടത്തിയ ചര്‍ച്ചയില്‍ കുറച്ചുസമയം മാത്രം പൂജയ്ക്കായി ദളിതര്‍ക്ക് പ്രവേശനം നല്‍കാമെന്ന നിര്‍ദേശം വച്ചെങ്കിലും അവര്‍ സ്വീകരിച്ചില്ല. തീരദേശ ഗ്രാമമായ പഴങ്കള്ളിമേടിലുള്ള നാനൂറ് കുടുംബങ്ങളില്‍ 180 കുടുംബങ്ങള്‍ ദളിത് വിഭാഗത്തില്‍പെട്ടതാണ്. തമിഴ്‌നാട് തൗഹീദ് ജമാത്തിന്റെ സന്നദ്ധസേവകര്‍ ഗ്രാമത്തില്‍ ഖുറാന്റെ പ്രതികള്‍ വിതരണം ചെയ്തിരുന്നു എന്ന് പറയുന്നു. മാത്രമല്ല ക്രിസ്ത്യന്‍ മിഷണറിമാരും അവരെ സമീപിച്ചിട്ടുണ്ട്. അതേസമയം മതം മാറുന്നത് ഒഴിവാക്കാന്‍ ഹിന്ദു മുന്നണി, ഹിന്ദു മക്കള്‍ കക്ഷി എന്നീ സംഘടനകള്‍ ദളിതരും മറ്റ് ജാതിക്കാരുമായി മധ്യസ്ഥ ചര്‍ച്ചനടത്തിവരുകയാണ്.

ഗ്രാമത്തിലുള്ള ഭദ്ര കാളിയമ്മന്‍ കോവിലില്‍ ആരാധന നടത്തുന്നതിന് ദളിതര്‍ക്കുള്ള അവകാശം ഉറപ്പാക്കാന്‍ അധികൃതര്‍ക്ക് സാധിക്കാത്തതിനാലാണ് ഇത്തരം സംഭവങ്ങള്‍ നടക്കുന്നതെന്ന് ദളിത് പാര്‍ട്ടി നേതാക്കന്മാര്‍ പറയുന്നു. പ്രഭാതത്തില്‍ മാത്രമേ ദളിതര്‍ക്ക് പൂജകള്‍ നടത്താന്‍ അനുവാദമുള്ളു. എന്നാല്‍ 24 മണിക്കൂറും തങ്ങള്‍ക്ക് അതിന് അവകാശം വേണമെന്നാണ് അവരുടെ ന്യായമായ വാദം.
ഇതേ പ്രശ്‌നം തന്നെയാണ് നാഗപള്ളിയിലും. ഇവിടുത്തെ 70 ദളിത് കുടുംബങ്ങളാണ് ഇസ്ലാംമതം സ്വീകരിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ശ്രീലങ്കയില്‍ നിന്നും സവര്‍ണ ഹിന്ദുക്കള്‍ തിരികെയെത്തിയതിനു ശേഷം അവര്‍ ക്ഷേത്രങ്ങളില്‍ ദളിതര്‍ക്ക് പ്രവേശനം നിഷേധിച്ചിരിക്കുകയാണ് ഇവിടെ. ഗ്രാമത്തിലെ ശ്രീ മഹാശക്തി മാരിയമ്മന്‍ ക്ഷേത്രം 2009ല്‍ ദളിതരാണ് തമിഴ്‌നാട് സര്‍ക്കാരിന്റെ സഹായത്തോടെ നിര്‍മ്മിച്ചത്. എന്നാല്‍ ഇപ്പോള്‍ ഉത്സവങ്ങള്‍ ദളിതര്‍ ഇല്ലാതെ നടത്താനാണ് അവരുടെ തീരുമാനമെന്ന് ദളിതര്‍ ആരോപിക്കുന്നു. ഇതില്‍ പ്രതിഷേധിച്ച് നിരവധി കുടുംബങ്ങള്‍ അവരുടെ തിരിച്ചറിയല്‍ കാര്‍ഡും ആധാറും തിരികെ നല്‍കിയിട്ടുണ്ട്.