Connect with us

National

ദേവാസ് ഇടപാട്: ഐഎസ്ആര്‍ഒ നഷ്ടപരിഹാരം നല്‍കണം

Published

|

Last Updated

ന്യൂഡല്‍ഹി: വിവാദമായ ആന്‍ട്രിക്‌സ് ദേവാസ് ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ ഐഎസ്ആര്‍ഒക്ക് തിരിച്ചടി. ദേവാസിലെ നിക്ഷേപകര്‍ നല്‍കിയ ഹരജി പരിഗണിച്ച ഹേഗിലെ അന്താരാഷ്ട്ര കോടതി ഐഎസ്ആര്‍ഒയോട് നഷ്ട പരിഹാരം നല്‍കാന്‍ നിര്‍ദ്ദേശിച്ചു. നൂറു കോടി ഡോളര്‍ വരെ പിഴയീടാക്കാനാണ് സാധ്യത.

2005ലാണ് ദേവാസ് മള്‍ട്ടിമീഡിയ കമ്പനിയുമായി ഐഎസ്ആര്‍ഒയുടെ വാണിജ്യവിഭാഗമായ ആന്‍ട്രിക്‌സ് കരാറില്‍ ഏര്‍പ്പെട്ടത്. 2011 ഫെബ്രുവരില്‍ ദേശീയ സുരക്ഷപ്രശ്‌നത്തിന്റെ പേരില്‍ ദേവാസുമായുളള കരാറില്‍ നിന്ന് ആന്‍ട്രിക്‌സ് പിന്‍മാറി. ഇതിനെതിരെ 2015ല്‍ ദേവാസിലെ നിക്ഷേപകര്‍ അന്താരാഷ്ട്ര ട്രൈബ്യൂണലിനെ സമീപിക്കുകയായിരുന്നു. ഇടപാട് റദ്ദാക്കിയതുമായി ബന്ധപ്പെട്ട് കമ്പനിയിലെ നിക്ഷേപകര്‍ക്ക് വലിയ നഷ്ടം സംഭവിച്ചിട്ടുണ്ടെന്നും ഇടപാട് റദ്ദാക്കിയതിലൂടെ കമ്പനിയോട് ഇന്ത്യ മോശമായ രീതിയില്‍ പ്രവര്‍ത്തിച്ചുവെന്നുമാണ് കോടതി നിരീക്ഷിച്ചത്. തങ്ങളുടേതല്ലാത്ത കാരണത്താലാണ് ഇടപാട് റദ്ദാക്കിയതെന്ന് ഐ.എസ്.ആര്‍.ഒ വിശദീകരിച്ചെങ്കിലും കോടതി അത് അംഗീകരിച്ചില്ല.

ഇന്ത്യ വിക്ഷേപിച്ച ജി സാറ്റ് 6, ജിസാറ്റ് 6എ എന്നീ ഉപഗ്രഹങ്ങളിലെ എസ്ബാന്‍ഡ് സ്‌പെക്ട്രം ഉപയോഗിക്കുന്നതിനായിരുന്നു ദേവാസുമായുള്ള കരാര്‍. 20 വര്‍ഷത്തേക്ക് അനിയന്ത്രിതമായി സ്‌പെക്ട്രം ഉപയോഗിക്കാനുള്ള അവകാശംകൂടി കരാറിലൂടെ ദേവാസിന് ലഭിച്ചു. 2ജി സ്‌പെക്ട്രം കുംഭകോണത്തിലൂടെ 1.76 ലക്ഷം കോടി രൂപയുടെ നഷ്ടം കേന്ദ്രസര്‍ക്കാറിന് ഉണ്ടായെന്ന് സിഎജി കണ്ടെത്തിയതോടെ ഇടപാടുകള്‍ കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കുകയായിരുന്നു.
ഐഎസ്ആര്‍ഒയുടെ തലപ്പത്തിരുന്ന മാധവന്‍ നായര്‍, ഡി. വേണുഗോപാല്‍, എം.ജി. ചന്ദ്രശേഖര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ദേവാസ് കമ്പനിയുടെ ലാഭത്തിന് സര്‍ക്കാറിന്റെ താല്‍പര്യം ബലികഴിക്കുകയായിരുന്നെന്ന് ആരോപണം ഉയര്‍ന്നിരുന്നു. കേന്ദ്രമന്ത്രിസഭയില്‍ നിന്നും നിര്‍ണായക വിവരങ്ങള്‍ ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ മാധവന്‍ നായര്‍ മറച്ചുവെച്ചതായി റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ദേവാസുമായി കരാറുണ്ടാക്കിയതില്‍ മാധവന്‍നായര്‍ ഉള്‍പ്പെടെ മൂന്ന് ശാസ്ത്രജ്ഞര്‍ക്ക് വീഴ്ചപറ്റിയെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തിയിരുന്നു. ഇടപാടുമായി ബന്ധപ്പെട്ട് മാധവന്‍ നായരെ സിബിഐ ചോദ്യം ചെയ്തിരുന്നു.

Latest