രാജ്യത്തെ മുഴുവന്‍ ഹെല്‍ത്ത് സെന്ററുകളിലും സ്മാര്‍ട്ട് സംവിധാനം ഒരുക്കി

Posted on: July 25, 2016 9:28 pm | Last updated: July 25, 2016 at 9:28 pm
SHARE

ദോഹ: പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷന്റെ (പി എച്ച് സി സി) 24 ഹെല്‍ത്ത് സെന്ററുകളിലും രോഗികളുടെ രേഖകള്‍ ഡിജിറ്റല്‍ രൂപത്തിലാക്കുന്ന ക്ലിനിക്കല്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം (സി ഐ എസ്) ഏര്‍പ്പെടുത്തി. ഏറ്റവും ഒടുവില്‍ കഴിഞ്ഞ 18ന് മിസൈമീര്‍ സെന്റര്‍ ആണ് സി ഐ എസിലേക്ക് മാറിയത്. ‘ഒരു രോഗി ഒരു രേഖ’ എന്ന ആശയത്തിലാണ് ഹമദ് മെഡിക്കല്‍ കോര്‍പറേഷനും പി എച്ച് സി സിയും സി ഐ എസ് പദ്ധതി ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്.
രോഗിയുടെ എല്ലാ മെഡിക്കല്‍ ഹിസ്റ്ററിയും മറ്റ് വിശദാംശങ്ങളും സമഗ്രമായ ഒരു റെക്കോര്‍ഡിലേക്ക് കൊണ്ടുവരികയാണ് ഇതിന്റെ ലക്ഷ്യം. ഏത് സെന്ററില്‍ നിന്നും എച്ച് എം സിയുടെ ആശുപത്രിയില്‍ നിന്നും ഒരു രോഗിയുടെ രോഗവിവരങ്ങള്‍ അറിയാനും വിശകലനം ചെയ്യാനും സാധിക്കുമെന്നതാണ് ഇതിന്റെ നേട്ടം. പരിശോധന സമയത്ത് മെഡിക്കല്‍ ഹിസ്റ്ററിയുടെ അടിസ്ഥാനത്തില്‍ കൃത്യവും സൂക്ഷ്മവുമായ രോഗ വിശകലനം നടത്താന്‍ ഡോക്ടര്‍മാരെ ഇത് സഹായിക്കും. മരുന്ന് കുറിപ്പടിയുടെ നിരീക്ഷണം, ലബോറട്ടറി ടെസ്റ്റുകള്‍ക്ക് ആവശ്യപ്പെടല്‍, ചിത്രങ്ങളുടെ സൂക്ഷിപ്പ്, രോഗീവിവരത്തെ സംബന്ധിച്ച വിവരം തുടങ്ങിയവ ഇതിലൂടെ ലഭിക്കും. രോഗികളുടെ ഫയലുകള്‍ എവിടെയിരുന്നും എപ്പോള്‍ വേണമെങ്കിലും ഡോക്ടര്‍മാര്‍ക്ക് പരിശോധിക്കാനാകും.
പി എച്ച് സി സിയുടെയും എച്ച് എം സിയുടെയും ഭാവി പദ്ധതികള്‍ക്ക് വഴിത്തിരിവാകുന്നതാണ് പദ്ധതി 2014ലാണ് ആരംഭിച്ചത്. പരസ്പരബന്ധിതമായ സമഗ്ര ആരോഗ്യ പദ്ധതി നടപ്പാക്കുന്ന രണ്ടാമത്തെ രാഷ്ട്രമാണ് ഖത്വര്‍. എസ്‌തോണിയയാണ് നേരത്തെ ഇത് നടപ്പാക്കിയത്.